|    Dec 8 Thu, 2016 7:47 pm

മാന്‍ഹോള്‍ ദുരന്തത്തിന് ഒരു വര്‍ഷം: നൗഷാദിനെ മറക്കാതെ കോഴിക്കോട്; മറവിയില്‍ വീണ് അധികൃതര്‍

Published : 26th November 2016 | Posted By: SMR

കെ അഞ്ജുഷ

കോഴിക്കോട്: മരണത്തെപ്പോലും തോല്‍പിച്ച പേരാണ് നൗഷാദ്. മാന്‍ഹോളില്‍ അപകടത്തില്‍പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ മരണത്തിന്റെ ആഴങ്ങളില്‍ മറഞ്ഞ വ്യക്തി. മാന്‍ഹോള്‍ ദുരന്തം നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോഴും ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന നൗഷാദ് എന്ന വ്യക്തിയെ അനുസ്മരിക്കാത്ത ഒരു ചടങ്ങുപോലും കോഴിക്കോട്ടില്ല. തനിക്ക് ഒരു പരിചയവുമില്ലാത്ത രണ്ടുപേരെ രക്ഷിക്കാനായി ജീവത്യാഗം ചെയ്ത ആ യുവാവിന്റെ പേര്  നമ്മുടെ അധികൃതര്‍ മറന്നതായി നടിക്കുകയാണ്.
2015 നവംബര്‍ 26. കോഴിക്കോട് പാളയത്ത് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പ്രാണവായുവിനു വേണ്ടി പിടഞ്ഞ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ മറ്റുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാതെ അപകടത്തില്‍പ്പെട്ടവര്‍ക്ക് തന്റെ കൈ നീട്ടിക്കൊടുക്കുമ്പോള്‍ നൗഷാദ് മരണത്തിന്റെ മറ്റൊരു കൈ പിടിക്കുകയായിരുന്നു. രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായുള്ള അദ്ദേഹത്തിന്റെ ജീവത്യാഗം എല്ലാവരാലും പുകഴ്ത്തപ്പെട്ടു. ഇതിനിടെ നൗഷാദിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ വിവാദങ്ങള്‍ക്കും ഇടയാക്കി.
മാളിക്കടവ് മേപ്പക്കുടി സ്വദേശിയായ നൗഷാദ് ഓട്ടോറിക്ഷ ഓടിച്ചുകിട്ടിയ വരുമാനംകൊണ്ടായിരുന്നു കുടുംബം പുലര്‍ത്തിയത്. ഭാര്യ സഫ്രീനയും മാതാവ് അസ്മാബിയും അടങ്ങുന്നതാണ് നൗഷാദിന്റെ കുടുംബം. ദുരന്തം നടന്ന് പിറ്റേദിവസം നൗഷാദിന്റെ വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉമ്മയ്ക്കും ഭാര്യക്കും അഞ്ചുലക്ഷം രൂപയും ഭാര്യക്ക് ജോലിയും പ്രഖ്യാപിച്ചിരുന്നു. തുക നല്‍കിയെങ്കിലും നൗഷാദിന്റെ വേര്‍പാടില്‍ ഒരുവര്‍ഷം പിന്നിടുമ്പോഴും ജോലിയൊന്നും ആയിട്ടില്ല. മാറിവന്ന സര്‍ക്കാരും ഈ ആവശ്യത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 221 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day