|    Dec 9 Fri, 2016 5:29 am
FLASH NEWS

മാനന്തവാടിയിലെ സിപിഐ-സിപിഎം പോര് തെരുവുയുദ്ധമായി

Published : 4th November 2016 | Posted By: SMR

മാനന്തവാടി: നഗരസഭയില്‍ സിപിഎം വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഘടകകക്ഷിയായ സിപിഐ നഗരസഭാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ് വലിയാറ്റൂര്‍ (40), എഎസ്‌ഐമാരായ ഇ അബ്ദുല്ല (51), ഇ വി മത്തായി (51), അബ്രഹാം (49), സിപിഒ അര്‍ഷാദ് ബാബു (33), ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കണിയാരം സ്വദേശി അജിത് വര്‍ഗീസ് (33), പ്രവര്‍ത്തകരായ അനില്‍കുമാര്‍ (48), വൈശാഖ് മോഹന്‍ (25), അഭിജിത്ത് (25), രാജേഷ് (43), സിപിഐ നേതാക്കളായ എല്‍ സോമന്‍ നായര്‍ (84), വി കെ ശശിധരന്‍ (57), പ്രവര്‍ത്തകരായ കെ ബക്കാഷ് (31), അന്ത്രു (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടതു കൈയുടെ എല്ല് പൊട്ടിയ എസ്‌ഐ വിനോദ് വലിയാറ്റൂരിനെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജിത് വര്‍ഗീസിനെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുപതോളം പേരടങ്ങുന്ന സിപിഐ പ്രവര്‍ത്തകര്‍ പ്രകടനമായി നഗരസഭാ ഓഫിസ് ലക്ഷ്യമാക്കി നീങ്ങവെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ വടിയുമായി എതിരിടുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസിന് നേരെ അക്രമം നടന്നത്. സംഭവം നടക്കുമ്പോള്‍ വിരലില്ലെണ്ണാവുന്ന പോലിസ് മാത്രമാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് എഎസ്പി ജി ജയദേവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. തുടര്‍ന്ന് ഇരുകൂട്ടരും കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സിപിഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതോടെയാണ് സിപിഎം പ്രവര്‍ത്തകരും സ്ഥലത്തുനിന്നു പോയത്. സംഘര്‍ഷ സമയത്ത് അല്‍പനേരം ഗതാഗത തടസ്സമുണ്ടായെങ്കിലും പോലിസ് ഇടപെട്ട് ഗതാഗതം സുഗമമാക്കി. തുടര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ ആശുപത്രി, നഗരസഭാ ഓഫിസ് പരിസരം എന്നിവിടങ്ങളില്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ ഇന്നു മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മാനന്തവാടിയില്‍ നിലനിന്നിരുന്ന സിപിഎം-സിപിഐ പോരാണ് ഒടുവില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഭരണകക്ഷിയിലെ ഘടകകക്ഷികള്‍ തമ്മില്‍ വര്‍ഷങ്ങളായി മാനന്തവാടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പും മാനന്തവാടി നഗരത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു ശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ ഒറ്റയ്ക്കു മല്‍സരിക്കുകയും ചെയ്തു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് ഇരുകക്ഷികളും ഒന്നിച്ച് മല്‍സരിക്കുകയും സിപിഐയുടെ രണ്ടുപേര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഭരണം എല്‍ഡിഎഫിന് ലഭിച്ചതോടെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്കും വേണമെന്ന് സിപിഐ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇതംഗീകരിക്കാന്‍ സിപിഎം തയ്യാറായില്ല. ഇതോടെ വീണ്ടും അസ്വാരസ്യം ഉടലെടുത്തു. ഒടുവില്‍ നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണ പ്രവര്‍ത്തനത്തനങ്ങള്‍ക്കുമെതിരേ സിപിഐ പരസ്യമായി രംഗത്തു വന്നതോടെയാണ് ഭിന്നത രൂക്ഷമായത്. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍മാന് കത്ത് നല്‍കിയതും വിവാദങ്ങള്‍ക്ക് വഴിവച്ചു. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ നഗരസഭ വിവേചനം കാണിക്കുകയാണെന്നു സിപിഐ നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുകയും വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ ഒഴിപ്പിച്ചാല്‍ തടയുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ, ബസ് കാത്തിരിപ്പുകേന്ദ്രം നന്നാക്കാന്‍ നഗരസഭ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ ശ്രമദാനമായി കേന്ദ്രം പുനര്‍നിര്‍മിക്കുകയുണ്ടായി. ഇതെല്ലാം സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. ഭരണം ലഭിച്ചിട്ടും സിപിഎമ്മിന് എറ്റവും വലിയ തലവേദന ഘടകകക്ഷിയായ സിപിഐ തന്നെയായിരുന്നു. എന്നാല്‍, സിപിഎം വല്യേട്ടന്‍ മനോഭാവം തുടരുകയാണെന്നാണ് സിപിഐയുടെ ആരോപണം. ഏറ്റവുമൊടുവില്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചാണ് തെരുവുയുദ്ധത്തിലേക്ക് എത്തിച്ചത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിട്ടും സിപിഐ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചതാണ് സിപിഎമ്മിനെ പ്രകോപിച്ചത്. ഏതായാലും ഭരണകക്ഷിയിലെ ഘടകക്ഷികള്‍ തമ്മിലുണ്ടായ സംഘര്‍ഷം വരും ദിവസങ്ങളില്‍ ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തിന് കൂടുതല്‍ തലവേദനയായി മാറും. തൊട്ടടുത്ത തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് ഭരണത്തെ കൂടി ബാധിക്കുന്ന നിലയില്‍ പ്രശ്‌നങ്ങള്‍ നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day