|    Dec 11 Sun, 2016 9:38 am

മാധ്യമ വിലക്ക്; സര്‍ക്കുലര്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും: കെയുഡബ്ല്യൂജെ

Published : 19th November 2016 | Posted By: SMR

തൃശൂര്‍: ഹൈക്കോടതി പുറത്തിറക്കിയ സര്‍ക്കുലര്‍ സുഗമമായ മാധ്യമപ്രവര്‍ത്തനത്തിനു ഗുണകരമാവില്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യൂജെ). മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ പുതിയ നിബന്ധനകള്‍ സഹായിക്കൂ. ഇത്തരം നിയമങ്ങള്‍ വച്ചു ഹൈക്കോടതി റിപോര്‍ട്ടിങ് നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കില്ല. സുഗമമായ മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ നിയമമാകണം ഹൈക്കോടതി നടപ്പാക്കേണ്ടതെന്നും കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചു നാളായി ഇരുട്ടില്‍ കഴിയുന്ന കേരളത്തിലെ കോടതികളില്‍ നടക്കുന്ന കാര്യങ്ങളൊന്നും പൊതുസമൂഹം അറിയുന്നില്ല. ഈ വിഷയത്തില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകണം. നിലവില്‍ അഭിഭാഷകരുടെ ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ചാണ് ഹൈക്കോടതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ വസ്ത്രവിധാനം സംബന്ധിച്ചു പോലും ഈ സര്‍ക്കുലറില്‍ പറയുന്നുണ്ടെന്നതാണ് രസകരമായ വസ്തുത. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പത്രപ്രവര്‍ത്തക യൂനിയനുമായി യാതൊരു കൂടിയാലോചനയും നടത്താതെയുള്ള സര്‍ക്കുലറാണ് ഹൈക്കോടതി പുറത്തിറക്കിയത്. യൂനിയനുമായി കൂടിയാലോചിച്ച് മാധ്യമപ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണം. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബഹുജന മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂനിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഈ മാസം 24ന് എറണാകുളത്ത് ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക