|    Dec 8 Thu, 2016 11:24 am

മാധ്യമസ്വാതന്ത്ര്യം; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്പീക്കര്‍ കത്തയച്ചു

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ നിഷേധമാണെന്ന് സ്പീക്കര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകസമൂഹവും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷം വേദനാജനകമാണ്. ഇതേത്തുടര്‍ന്ന് കോടതികളില്‍ നിന്നു സ്വതന്ത്രമായി റിപോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രണ്ട് ഇടപെടലുകളും ഫലം കണ്ടില്ലെന്നതു ഗൗരവകരമാണ്. രാഷ്ട്രപതിയും ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചര്‍ച്ച ചെയ്തിട്ടും ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെട്ടിട്ടും തുടരുന്ന സംഘര്‍ഷം ആശ്വാസ്യമല്ല. സമൂഹത്തിലെ ഏറ്റവും മാന്യമായ പ്രഫഷനുകളായ മാധ്യമപ്രവര്‍ത്തനവും അഭിഭാഷകവൃത്തിയും തമ്മിലുള്ള അമാന്യമായ ബന്ധങ്ങള്‍ അതിരുവിടുകയാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. കോടതിവാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവേണ്ട കൈയടക്കം മാധ്യമപ്രവര്‍ത്തകരും കാണിക്കണം. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ ക്രീയാത്മകമായ ഇടപെടല്‍ ഉണ്ടാവണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടിക്കെതിരേ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ച സംഭവത്തില്‍ ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി അഭിഭാഷകര്‍ നല്‍കിയ കേസ് ദുരുദ്ദേശ്യപരമെന്നും വിഎസ് പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day