|    Oct 24 Mon, 2016 9:29 pm
FLASH NEWS

മാധ്യമവിചാരണ മാന്യതയോടെ

Published : 19th March 2016 | Posted By: G.A.G

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

‘ട്രയല്‍ ബൈ മീഡിയ’ എന്നതാണു നമ്മുടെ വിഷയം. 24 മണിക്കൂറും ടിവിയുടെ മുമ്പില്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ് ഈ ട്രയല്‍ ബൈ മീഡിയ. ഓരോരുത്തര്‍ക്കും അതിനെപ്പറ്റി ഓരോ അഭിപ്രായമുണ്ട്. പലരും വിധിയെഴുതുന്ന രീതിയില്‍ അവതരിപ്പിക്കും. പക്ഷേ, പില്‍ക്കാലത്ത് കോടതിവിധികളെല്ലാം മാധ്യമവിചാരണയുമായി എത്രമാത്രം യോജിച്ചുപോവുന്നു? ഒരുദാഹരണം പറയാം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനൊരു അഭിഭാഷകനായിരുന്നപ്പോള്‍ കൊല്ലത്തെ വളരെ പ്രധാനപ്പെട്ട ഒരു കേന്ദ്രസര്‍ക്കാര്‍ കമ്പനിയില്‍ തൊഴിലാളി യൂനിയന്റെയും സൊസൈറ്റിയുടെയും എല്ലാമായിരുന്ന ഒരു വലിയ നേതാവുണ്ടായിരുന്നു. വളരെക്കാലം മന്ത്രിയുമായിരുന്നു. സ്ഥിരം എംഎല്‍എ ആയിരുന്നു. ഒരിക്കല്‍ ഒരു ചെറിയ നേതാവായ ചെറുപ്പക്കാരന്‍ അദ്ദേഹത്തിനെതിരായി യൂനിയന്‍ സംഘടിപ്പിച്ചു. ചുരുക്കം പേരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് യൂനിയന്‍ ഉണ്ടാക്കി. കുറേ അനുയായികളെയൊക്കെ കിട്ടി. അങ്ങനെ ഒരു ചെറുനേതാവ് എതിര്‍ഭാഗത്ത് വന്നു. അപ്പോള്‍ത്തന്നെ എല്ലാവരും പറഞ്ഞു, ഈ ചെറുനേതാവ് കടലില്‍ പതിക്കും; അന്ത്യം കുറിക്കും. അത്ര ശക്തനായിരുന്നു മുഖ്യ നേതാവ്. ഒരു പ്രഭാതത്തില്‍ ഈ ചെറുനേതാവ് അപ്രത്യക്ഷനാവുന്നു. ഇയാള്‍ സൈക്കിളില്‍ പോവുമ്പോള്‍ കൊല്ലപ്പെടുന്നു. അങ്ങനെ പത്രങ്ങളിലും മാധ്യമങ്ങളിലുമെല്ലാം വലിയ നേതാവിനെ ചെറുനേതാവിന്റെ തിരോധാനത്തിന്റെ ഉത്തരവാദിയാക്കി മാറ്റി. അയാള്‍ ഇലക്ഷനില്‍ തോറ്റു. പക്ഷേ, ഒരു മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അറിയുന്നു, കാണാതായ ചെറുപ്പക്കാരനെ ആരോ കുടകില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. അയാള്‍ മടങ്ങിവന്നു, ഈ മനുഷ്യന്റെ ഭാഗ്യത്തിന്. ഞാന്‍ തന്നെ മാധ്യമവിചാരണയുടെ ഒരു ഇരയാണ്. ഹൈക്കോടതി ജഡ്ജിയായിരുന്ന കാലത്തെ ഒരു വിധിന്യായം നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും: വഴിയോര യോഗനിരോധനം. ആ വിധിന്യായത്തെക്കുറിച്ച് ഇന്നെനിക്കു പറയാം. കാരണം, ഇന്നു ഞാന്‍ ജഡ്ജിയല്ല. ആലുവ റെയില്‍വേ സ്റ്റേഷനു മുമ്പിലുള്ള ബസ്സ്റ്റാന്റില്‍ ജനത്തിനു നിന്നുതിരിയാന്‍ സ്ഥലമില്ലാത്തിടത്ത് സ്ഥിരം കസേരകളിട്ടു യോഗം നടത്തുന്നു എന്നു പറഞ്ഞ് ഫോട്ടോ സഹിതം ഒരു പൊതുതാല്‍പര്യ ഹരജി കോടതിയില്‍ എത്തി. അതിന് ആരും ഒബ്ജക്ഷന്‍ ഒന്നും ഫയല്‍ ചെയ്തില്ല. അതു നിരോധിക്കണമെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ സീനിയര്‍ ജഡ്ജിയാണ്. എന്റെ കൂടെ ഒരു ജഡ്ജിയുണ്ട്. ഡിവിഷന്‍ ബെഞ്ചില്‍ കേസ് വന്നു. പൊതുതാല്‍പര്യ ഹരജി ഡിവിഷന്‍ ബെഞ്ചിലാണ്. ഞാന്‍ വിചാരിച്ചു, ഇത് എന്തു നിസ്സാരകാര്യമാണ്. വഴിയില്‍ ഇങ്ങനെ കസേരയിട്ട് യോഗം നടത്താമോ? ടാര്‍ ഇട്ട റോഡില്‍, ഇതു ശരിയല്ലല്ലോ. എല്ലാവരും സ്വാഗതംചെയ്യുമെന്നോര്‍ത്ത് വിധിന്യായമെഴുതി. 10 മിനിറ്റ് ഡിക്‌ടേറ്റ് ചെയ്ത വിധിയാണ്. വഴിയോര യോഗങ്ങള്‍ നിരോധിച്ചിരിക്കുന്നു. വഴിയാത്രക്കാര്‍, ആംബുലന്‍സ്, സ്‌കൂള്‍ കുട്ടികള്‍, സ്‌കൂള്‍ ബസ് അതെല്ലാം തടഞ്ഞ് യോഗം നടത്തരുത്. അതു വലിയ അപകടമുണ്ടാക്കും. ഈ ജഡ്ജ്‌മെന്റില്‍ക്കൂടി മാത്രം എന്നെ അറിയുന്ന ആളുകളുണ്ട്. അന്നു വൈകീട്ട് വീട്ടില്‍ ടിവി കാണുമ്പോഴാണ് ഇതു ഭയങ്കര കോളിളക്കം സൃഷ്ടിച്ച ജഡ്ജ്‌മെന്റാണെന്ന് അറിഞ്ഞത്. ഇതുപോലെ ഹീനമായ ഒരു കുറ്റകൃത്യം രാഷ്ട്രീയത്തിനെതിരായിട്ട്, ജനാധിപത്യത്തിനെതിരായിട്ട് കോടതിക്കു ചെയ്യാനില്ലെന്നു പറഞ്ഞ് ഭയങ്കര പ്രശ്‌നമായി.ജൂറിസ്പ്രൂഡന്‍സ് എന്നു പറഞ്ഞാല്‍ സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമൊന്നുമല്ല. ആലുവയ്ക്കുള്ള വഴി ചോദിച്ചാല്‍ വഴി പറഞ്ഞുകൊടുക്കുക. അതാണു നിയമം. നീതി എന്നു പറഞ്ഞാല്‍ അതിന്റെ എന്‍ഡാണ്. സാധാരണക്കാരനു കിട്ടുന്നതു നീതിയാണ്. അപ്പോള്‍ നീതിയെത്തിക്കുന്ന വഴിയാണ് നിയമം.1925ല്‍ എഴുതിയ ജഡ്ജ്‌മെന്റ് ഇന്നും പരാമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. വെറും കത്രികകൊണ്ട് എഴുതുന്ന വിധിന്യായങ്ങളാണ് പകുതിയും. എന്താണ് ഒറിജിനല്‍ സൃഷ്ടി? അങ്ങനെയുള്ള ജഡ്ജ്‌മെന്റില്ല. കല്‍ക്കത്ത ഇങ്ങനെ പറയുന്നു. ബോംബെ ഇങ്ങനെ പറയുന്നു. മദ്രാസ് ഹൈക്കോടതി ഇങ്ങനെ പറയുന്നു. ഞാനിങ്ങനെ പറയുന്നു. ക്വാട്ട് ചെയ്യാതെ ഒറിജിനല്‍ പുസ്തകം വായിച്ച് നിയമം വ്യാഖ്യാനിച്ച് വിധിന്യായം എഴുതാന്‍ പറഞ്ഞാല്‍ പല ജഡ്ജിമാരും ഒരുപക്ഷേ, രാജിവച്ചുപോവേണ്ടതായിവരും. കാരണം, അവരുടെ സഹായി ഇതാണ്- പ്രീസിഡന്‍സ് അഥവാ കീഴ്‌വഴക്കം. കേരളത്തില്‍ എത്രയോ ചാനലുകളുണ്ട്! വലിയ സംഭാവനകളാണ് അവര്‍ സമൂഹത്തിനു നല്‍കുന്നത്. പക്ഷേ, ഇരുതലമൂര്‍ച്ചയുള്ള കത്തിയാണ് നമ്മുടെ മാധ്യമങ്ങള്‍. വലിയ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമുണ്ട് മാധ്യമങ്ങള്‍ക്ക്. ക്വാളിഫൈഡായ ധാരാളം മാധ്യമപ്രവര്‍ത്തകര്‍, ആങ്കേഴ്‌സ്, റിപോര്‍ട്ടര്‍മാര്‍- വലിയ സാമ്പത്തിക ഔട്ട്‌ലേ. ഫോക്‌സ് ചാനല്‍, സിഎന്‍എന്‍ എന്നിവയെല്ലാം കോടികളുടെ വലിയ വ്യവസായസ്ഥാപനങ്ങളാണ്. മീഡിയയില്‍ ഒരു സെല്‍ഫ് കണ്‍ട്രോള്‍ ഉണ്ടാവണം- സ്വയം നിയന്ത്രണം. വ്യൂവര്‍ഷിപ്പ് അനുസരിച്ചാണ് പരസ്യം ലഭിക്കുക. എത്ര വ്യൂവേഴ്‌സ് ഉണ്ടെന്നു സര്‍വേ നടത്തുന്നു. അതനുസരിച്ചാണ് അവര്‍ അഡ്വര്‍ടൈസിങിന്റെ താരിഫ് കൂട്ടുക. ന്യൂസ് പ്രോഗ്രാമുകള്‍ പോലും സ്‌പോണ്‍സര്‍ ചെയ്യുന്നു. മീഡിയ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രം: കഴിയുന്നതും സത്യസന്ധത പുലര്‍ത്തുക. ന്യൂസ് ചാനലുകള്‍ വിനോദചാനലുകളായി ഒരിക്കലും മാറരുത്. ന്യൂസ് ചാനലിലെ ന്യൂസ് കണ്ടന്റാണ് മെയിന്‍. ചാനല്‍ ചര്‍ച്ച വരട്ടെ. ചര്‍ച്ചകള്‍ ഒരാളെയോ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയോ ഒരു കമ്മീഷനെയോ ടാര്‍ഗറ്റ് ചെയ്യാനാവരുത്. ഇന്‍സ്റ്റന്റായ കവറേജ് ആണ് ഇപ്പോള്‍. ഒന്നും പഠിക്കാന്‍ ആരും തയ്യാറല്ല. അവതാരകനുപോലും കാര്യം അറിയില്ല. അവതാരകന്‍ ഓരോരുത്തരോടും ചോദിച്ചു കാര്യം മനസ്സിലാക്കും. ഒരു ചോദ്യത്തിനുത്തരം ഒരാള്‍ പറയും. ആ ഉത്തരത്തില്‍നിന്നു മറ്റൊരു ചോദ്യം. ഒരുതരത്തില്‍ അത്തരം സ്ഥിതിവിശേഷമാണു നടക്കുന്നത്. വലിയ മല്‍സരമാണ് ചാനലുകളിലേത്. ആര്‍ക്കും കാത്തുനില്‍ക്കാന്‍ കഴിയില്ല. ഫസ്റ്റ് കവറേജ് ആരുടെ എന്നാണ്, ആര്‍ക്കു കിട്ടി എന്നാണ്. വ്യൂവര്‍ഷിപ്പ് കൂട്ടാനുള്ള വ്യഗ്രതയില്‍, എല്ലാത്തിനെയും വിവാദങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ്. വിവാദമില്ലെങ്കില്‍ ആരു കേള്‍ക്കാനാണ്? എന്റെയടുത്ത് ടിവി ഇന്റര്‍വ്യൂ എടുക്കാന്‍ വന്ന ഒരു പെണ്‍കുട്ടി അഭിമുഖം കഴിഞ്ഞപ്പോള്‍ പറഞ്ഞു: ”ഒന്നുമില്ലല്ലോ സാറേ.” ഞാന്‍ പറഞ്ഞു: ”ഞാന്‍ ആവശ്യപ്പെട്ടിട്ടല്ലല്ലോ നിങ്ങള്‍ വന്നത്? പക്ഷേ, വിവാദമായിട്ടൊന്നും ഞാന്‍ പറയുന്നില്ല.” അവര്‍ക്ക് ഉദ്ദേശിച്ച തരത്തില്‍ മറുപടി കിട്ടുന്നില്ല. ചാനലിന്റെ ക്രെഡിബിലിറ്റി വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു മീഡിയാഹൗസിന്റെ വിശ്വാസ്യത വളരെ പ്രധാനമാണ്. അന്തിമമായി ഓരോരുത്തരും വിലയിരുത്തും- ആ ചാനലല്ലേ, വലിയ വിലയൊന്നുമില്ല. അല്ലെങ്കിലും ഇയാളല്ലേ പറഞ്ഞത്? എന്തൊരു വലിയ അപമാനമാണ് രാഷ്ട്രീയകക്ഷികള്‍ സഹിക്കുന്നത്. പലരും അര്‍ഹിക്കുന്നവരാണ്. എങ്കിലും നല്ല ഫലങ്ങള്‍ നാം ഒരിക്കലും മറക്കരുത്. ഇന്നു നമ്മള്‍ ടിവിയില്‍ നടത്തുന്ന വലിയൊരു കാംപയിന്‍- ക്രൂസൈഡ്, മീഡിയ എഗെയിന്‍സ്റ്റ് കറപ്ഷന്‍. തീര്‍ച്ചയായും എന്‍കറേജ് ചെയ്യണം. പക്ഷേ, സത്യസന്ധരെ കൈക്കൂലിക്കാരായി ചിത്രീകരിക്കരുത്. എന്തായാലും കറപ്റ്ററായല്ലോ, എന്നാല്‍ കൈക്കൂലി വാങ്ങിയേക്കാം എന്നുള്ള രീതിയില്‍ മനസ്സ് മാറുംവിധം ആരെയും ഡീമോറലൈസ് ചെയ്യരുത്. ആരെയും മോശക്കാരാക്കി മാറ്റരുത്. ടിവിയിലൊക്കെ കണ്ടിട്ടില്ലേ പോലിസ് ഓഫിസര്‍ തൊപ്പിയൂരിക്കളഞ്ഞ് ക്രിമിനലായി വരുക, കത്തിയെടുക്കുക, കുത്തുക. നീതി ഞാന്‍ നടപ്പാക്കും എന്നു പറയുന്ന അത്തരമൊരു സ്ഥിതിവിശേഷം നാട്ടിലുണ്ട്. നല്ലവരായവരെ വഴിതെറ്റിക്കുന്ന രീതിയില്‍ മീഡിയ തിരിയരുത്. ഡിസ്‌ക്രെഡിറ്റ് ചെയ്യാന്‍ മീഡിയക്ക് ഒരു മടിയുമില്ല. നിലവിലുള്ള കേസുകള്‍ മീഡിയ വിസ്തരിച്ച് ജനങ്ങളിലൊരു ഇംപ്രഷന്‍ ഉണ്ടാക്കും- ഇന്നയാള്‍ ഇന്ന കുറ്റം ചെയ്തു എന്ന മട്ടില്‍. രാഷ്ട്രീയനേതാവ് ഒരാളെ കൊന്നു കടലില്‍ തള്ളിയെന്നതാണ് മീഡിയയുടെ കണ്‍ക്ലൂഷന്‍. അയാള്‍ തിരിച്ചുവന്നില്ലെങ്കില്‍ ഇയാളെ ഒരു കൊലയാളിയായോ കുറ്റക്കാരനായോ ജനം ചിത്രീകരിക്കും.കോടതി വിസ്താരവും മീഡിയാ വിസ്താരവും തമ്മില്‍ വലിയ അന്തരമുണ്ട്. വലിയ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുണ്ട്, രാഷ്ട്രീയനേതാക്കളുണ്ട്. അവര്‍ക്കൊക്കെ എതിരായി അന്വേഷണം നടത്തുമ്പോള്‍ വളരെ ബാലന്‍സ്ഡായി, നീതി മനസ്സില്‍ കണ്ടുകൊണ്ടു മാത്രമേ മാധ്യമവിസ്താരം നടത്താവൂ. മാധ്യമവിസ്താരത്തെ ഞാന്‍ അനുകൂലിക്കുന്നുണ്ട്. അതു ശരിയായ ദിശയിലാവണം. പക്ഷേ, എല്ലാത്തിനെയും വിവാദങ്ങളിലേക്കു കൊണ്ടുപോവരുത്. മാധ്യമപ്രവര്‍ത്തനം നമ്മുടെ ജാനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറി പോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

(കേരള മീഡിയ അക്കാദമിയില്‍ നടന്ന സ്‌കോളര്‍ ഇന്‍ കാംപസ് പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.)

തയ്യാറാക്കിയത്: കെ ഹേമലത

കടപ്പാട്: മീഡിയ ഫെബ്രുവരി, 2016. 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day