|    Dec 9 Fri, 2016 3:11 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകര്‍ക്കു ഭീഷണി: നാല് അഭിഭാഷകര്‍ക്കെതിരേ കേസെടുത്തു

Published : 4th November 2016 | Posted By: SMR

കൊച്ചി: എറണാകുളം സെഷന്‍സ് കോടതിയില്‍ ജിഷ വധക്കേസ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതി മുറിക്കുള്ളില്‍ അസഭ്യം പറഞ്ഞ് പുറത്താക്കിയ അഭിഭാഷകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ദേശാഭിമാനി സീനിയര്‍ റിപോര്‍ട്ടര്‍ മഞ്ജു കുട്ടികൃഷ്ണന്‍ അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് നാല് അഭിഭാഷകര്‍ക്കെതിരേ കേസെടുത്തത്.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി ഉണ്ടാവുന്ന തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദിനും പരാതി നല്‍കിയിട്ടുണ്ട്. മാനഹാനിയുണ്ടാക്കുംവിധം അസഭ്യം പറഞ്ഞും ജീവന് ഭീഷണിയുയര്‍ത്തിയും അഡ്വ. നവാസിന്റെ നേതൃത്വത്തില്‍ ഒരുസംഘം അഭിഭാഷകര്‍ തന്നെ കോടതിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് എറണാകുളം സെന്‍ട്രല്‍ സബ്ഇന്‍സ്‌പെക്ടര്‍ കെ വിജയശങ്കറിന് നല്‍കിയ പരാതിയില്‍ പറയുന്നു. കോടതി മുറിക്കകത്ത് എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും, ഹാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ അസഭ്യവര്‍ഷം തുടരുകയും ചെയ്തു. തുടര്‍ന്ന് ജഡ്ജിയെ കണ്ട് പരാതി പറയാന്‍ ചേംബറിലേക്ക് ചെന്നപ്പോള്‍ തടഞ്ഞു.  ചേംബറിലേക്ക് കാലുകുത്തില്ലെന്നും വരുന്നവന്റെ കാലുവെട്ടുമെന്നും കണ്ടാലറിയാവുന്ന ഒരഭിഭാഷകന്‍ ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതയാളുടെ കോടതിയില്‍ പറയണമെന്നും പറഞ്ഞായിരുന്നു ഭീഷണി. തനിക്ക് നേരിട്ട അപമാനത്തിനും ജീവനുണ്ടായ ഭീഷണിക്കും തൊഴില്‍ തടസ്സപ്പെടുത്തിയതിനും കുറ്റവാളികള്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതിയില്‍ തൊഴിലിന്റെ ഭാഗമായുള്ള റിപോര്‍ട്ടിങിന് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day