|    Dec 9 Fri, 2016 1:14 pm

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം: രമേശ് ചെന്നിത്തല

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: അഭിഭാഷകരുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ഈമാസം 15ന് എറണാകുളത്ത് നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവേശകരമായ ഒരു പ്രസംഗം നടത്തി. പത്രപ്രവര്‍ത്തകരെ കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് തടയുന്ന ഒരുസംഘം അഭിഭാഷകരുടെ നടപടിക്കെതിരേ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായിട്ടും പത്രപ്രവര്‍ത്തകര്‍ക്ക് കോടതികളിലെത്തി റിപോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരുവിഭാഗം അഭിഭാഷകര്‍ ആക്രമണം നടത്തുകയായിരുന്നു. . കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ മൂന്നാംദിവസമാണ് ഇത് സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കിന് എന്തുവിലയാണുള്ളത്. കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ പോയത് അഭിഭാഷകരെ ആക്രമിക്കാനോ മര്‍ദിക്കാനോ അല്ല.
ഇ പി ജയരാജനെതിരായ കേസ്  റിപോര്‍ട്ട് ചെയ്യുന്നതിനാണ് പോയത്. ജയരാജന്റെ കേസ് വിളിച്ചപ്പോഴാണ് ഒരുവിഭാഗം അഭിഭാഷകര്‍ കോടതിയിലെത്തി മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കിയത്. ഇപ്പോഴാകട്ടെ വനിതകളുള്‍പ്പെടെയുള്ള വാര്‍ത്താലേഖകരുടെ ഫോട്ടോ വച്ചുള്ള ഫഌക്‌സുകള്‍ റോഡരികില്‍ പലയിടത്തും വച്ചിരിക്കുകയാണ്. നിക്ഷിപ്ത താല്‍പര്യക്കാരടങ്ങുന്ന കുറച്ച് അഭിഭാഷകര്‍ മാത്രമാണ് ഇതിന് പിന്നിലുള്ളത്.
വാര്‍ത്തകള്‍ പുറത്തുവരാതിരിക്കുന്നത് ഒരു സൗകര്യമായി സര്‍ക്കാര്‍ കാണരുത്. അഭിഭാഷകരുടെ അതിക്രമത്തിനിരയായ പത്രപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന് വിരുദ്ധമാണ്. അഭിഭാഷകരെ കൂടുതല്‍ തെറ്റുചെയ്യാന്‍ ഈ നടപടി പ്രേരിപ്പിക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day