|    Dec 6 Tue, 2016 8:27 am
FLASH NEWS

മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ടു കുത്തി: ഇപി

Published : 24th November 2016 | Posted By: SMR

കണ്ണൂര്‍: മന്ത്രിസഭാ പുനസ്സംഘടനയെ തുടര്‍ന്ന് തന്നെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വിവാദങ്ങളില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ഇ പി ജയരാജന്‍. മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തിയെന്നും ഇനിയും മാധ്യമങ്ങളുടെ ഇരയാവാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചെയര്‍മാനായ കണ്ണൂരിലെ മൈത്രി വയോജനകേന്ദ്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു എംഎല്‍എ.
മാധ്യമങ്ങള്‍ നടത്തിയ ഇത്തരത്തിലുള്ള ആക്രമണം ആര്‍ക്കുവേണ്ടിയാണെന്നും ഇതിനു പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചെന്നും അന്വേഷിക്കണം. തനിക്കെതിരേ ചെയ്യാവുന്ന ദ്രോഹമെല്ലാം മാധ്യമങ്ങള്‍ ചെയ്തു. ഇനിയും പ്രതികരിച്ചാല്‍ പിന്നെ അതാവും ചര്‍ച്ച. പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളാണ് തന്നെ ഇല്ലാതാക്കിയത്. ചില മാധ്യമപ്രവര്‍ത്തകരെ ഇതിനായി വിലയ്‌ക്കെടുക്കുകയായിരുന്നു. എന്തും പറയാമെന്ന അവകാശമുണ്ടെന്നു ധരിച്ച് ഏതു ലക്ഷ്മണരേഖയും ലംഘിക്കുകയാണ് മാധ്യമങ്ങള്‍. ഈ നിലയിലേക്ക് മാധ്യമരംഗം തരംതാഴരുത്.
പാര്‍ട്ടിയും താനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥാപിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരു മാഫിയതന്നെ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. പുതിയ മന്ത്രിമാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പൊതുപ്രവര്‍ത്തന രംഗത്ത് താന്‍ സജീവമായിരിക്കും. എന്നാല്‍, മാധ്യമങ്ങളോട് സംസാരിക്കാനോ പുതിയ വിവാദങ്ങള്‍ക്കോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ പുനസ്സംഘടനയുടെ പേരില്‍ ഇ പി ജയരാജന്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണെന്നും തന്നോട് ആലോചിക്കാതെ പുതിയ മന്ത്രിയെ നിശ്ചയച്ചതിലുള്ള അതൃപ്തി സെക്രട്ടേറിയറ്റില്‍ പ്രകടിപ്പിച്ചെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലും അതിനുശേഷം നടന്ന എം എം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day