|    Dec 3 Sat, 2016 12:18 pm
FLASH NEWS

മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ശില്‍പശാല

Published : 12th November 2016 | Posted By: SMR

കണ്ണൂര്‍: കുട്ടികളുടെയും സ്ത്രീകളുടെയും അവകാശലംഘനങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവരുടെ അവകാശ സംരക്ഷണത്തിനുമായി മാധ്യമങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ പ്രബേഷനറി ഓഫിസര്‍ അശ്‌റഫ് കാവില്‍. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമവും നിയമവും സംബന്ധിച്ച് കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കലക്ടറേറ്റ് പിആര്‍ ചേംബറില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശവും സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ സജീവ പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ നിറവേറ്റണം. കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്ന കുട്ടികളെ കുട്ടിമോഷ്ടാവ്, കുട്ടിക്കള്ളന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇത് കുട്ടിയുടെ അന്തസ്സിനെയും തിരുത്തപ്പെടാനുള്ള സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കും. നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടി എന്നാണ് പകരം ഉപയോഗിക്കേണ്ടത്. ഇരകളാവുന്ന കുട്ടികളെയും സ്ത്രീകളെയും തിരിച്ചറിയുന്ന വിധത്തില്‍ പേര്, മേല്‍വിലാസം, ഫോട്ടോ, മറ്റു വ്യക്തിപരമായ വിവരങ്ങള്‍, സ്‌കൂള്‍ വിവരങ്ങള്‍ എന്നിവ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യരുത്. ബാലനീതി നിയമം, പോക്‌സോ നിയമം എന്നിവപ്രകാരം ഇവ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മതിയായ പരിജ്ഞാനം നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎസിടി ജഡ്ജി കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ എല്‍ ഷീബ, ജില്ലാ സിഡബ്ല്യുസി അംഗം പി സി വിജയരാജന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ പി സി രംജിത്ത്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി പി അബ്ദുല്‍ കരീം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day