|    Oct 23 Sun, 2016 11:44 am
FLASH NEWS

മാതൃ-ശിശു സംരക്ഷണം: യൂനിസെഫും ഐഎംഎയും കൈകോര്‍ക്കുന്നു; മരുന്ന് കുറിപ്പടിക്കൊപ്പം നിര്‍ദേശങ്ങളടങ്ങിയ സീലും

Published : 30th April 2016 | Posted By: SMR

കോഴിക്കോട്: സംസ്ഥാനത്തെ അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം ഇനിമുതല്‍ രോഗപ്രതിരോധത്തിനുള്ള കരുതല്‍ നി ര്‍ദേശങ്ങളടങ്ങിയ സീലും മരുന്നുകുറിപ്പടിയില്‍ പതിപ്പിക്കും. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂനിസെഫും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകവും ചേര്‍ന്ന് നൂതന പദ്ധതി നടപ്പാക്കുന്നത്. യൂനിസെഫ് -ഐഎംഎ പങ്കാളിത്ത പദ്ധതി പ്രഖ്യാപനം യൂനിസെഫ് കേരള-തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയയും ഐഎംഎ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. എ വി ജയകൃഷ്ണനും ചേര്‍ന്നു നിര്‍വഹിച്ചു.
സാധാരണയായി മരുന്നുകളും പരിശോധനാ നിര്‍ദേശങ്ങളും മാത്രമേ കുറിപ്പടിയില്‍ എഴുതാറുള്ളൂ. ഇതോടൊപ്പം രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി മരുന്ന് കുറിപ്പടിയില്‍ ഇനി ഇടംപിടിക്കും. ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം കൗണ്‍സലിങും നല്‍കുകയാണ് ഇത്തരം മാര്‍ഗനിര്‍ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധമാവും ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍. ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്‌ലറ്റ് എഴുതുന്നതിനൊപ്പം, ആരോഗ്യമുള്ള കുഞ്ഞിനായും സുരക്ഷിത പ്രസവത്തിനും ഇരുമ്പ് ധാരാളമുള്ള ഇലക്കറികളും പയറു വര്‍ഗങ്ങളും കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാവും ഗൈനക്കോളജിസ്റ്റ് കുറിക്കുക. അതേസമയം 13 രോഗങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞിനു ജനനസമയം, ഒന്നരമാസം, രണ്ടരമാസം, മൂന്നരമാസം, ഒമ്പതാംമാസം എന്നിങ്ങനെ ആദ്യവര്‍ഷം അഞ്ചുതവണ പ്രതിരോധ കുത്തിവയ്പ് നല്‍കുക എന്നതുപോലെയുള്ള നിര്‍ദേശങ്ങളാവും ശിശുരോഗ വിദഗ്ധന്റേത്. ഇതോടൊപ്പം മുലയൂട്ടലിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്ന ബോധവല്‍ക്കരണ സന്ദേശങ്ങളും ഡോക്ടര്‍മാര്‍ മരുന്നുകുറിപ്പടിയില്‍ ഉള്‍പ്പെടുത്തും.
ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിനു മുലപ്പാല്‍ ന ല്‍കുക, ആദ്യ ആറുമാസം കുട്ടിക്കു മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കും.
രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ആരോഗ്യശീലങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും പദ്ധതിയുടെ ഭാഗമാണ്. വൃത്തിയാക്കാത്ത കൈപ്പത്തിയില്‍ 100 കോടി രോഗാണുക്കള്‍ ഉണ്ട്. ഭക്ഷണത്തിനു മുമ്പും പ്രാഥമിക കൃത്യങ്ങള്‍ക്കു ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു നന്നായി കഴുകുക, കിണറടക്കമുള്ള സ്രോതസ്സുകളില്‍ നിന്ന് എടുത്ത വെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം കുടിക്കുക, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടുതവണ വിറ്റാമിന്‍ എ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇപ്രകാരം കുറിപ്പടിയില്‍ കാണും.
രോഗപ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും സംബന്ധിച്ച് സംസ്ഥാനത്തെ 103 ബ്രാഞ്ചുകളിലായുള്ള 35,000 ഡോക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കുമെന്ന് ഡോ. എ വി ജയകൃഷ്ണന്‍ അറിയിച്ചു. സീലുകളും വിതരണം ചെയ്യും.
കേരളത്തിലെ മാതൃ-ശിശു മരണം, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവയുടെ നിരക്കുകള്‍ രാജ്യാന്തര നിലവാരത്തിലേക്കു കുറച്ചുകൊണ്ടുവരാനാവുമെന്ന് ജോബ് സഖറിയ പറഞ്ഞു. യൂനിസെഫുമായുള്ള സഹകരണത്തിന്റെ ഭാഗമായി പഠനങ്ങള്‍, ഗവേഷണങ്ങള്‍, ആരോഗ്യ ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഐഎംഎ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. സാമുവല്‍ കോശി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍- പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കു പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ സന്ദേശങ്ങ ള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ പരിശോധനാ മുറികളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐഎംഎ പൊതുജനാരോഗ്യ സമിതി അധ്യക്ഷ ഡോ. ബീന, ഡോ. അജിത് ഭാസ്‌കര്‍, സുഗത റോയി, ഡോ. അയ്യര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day