|    Dec 6 Tue, 2016 9:26 pm
FLASH NEWS

മഹാരാഷ്ട്രയില്‍ ഉവൈസിയുടെ പാര്‍ട്ടി കരുത്താര്‍ജിക്കുന്നു

Published : 2nd December 2016 | Posted By: SMR

മുഹമ്മദ് പടന്ന

മുംബൈ: അസദുദ്ദീന്‍ ഉവൈസി-അക്ബറുദ്ദീന്‍ ഉവൈസിമാരുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ശക്തിയാവാന്‍ സാധ്യതയെന്നു സൂചന നല്‍കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പുഫലം. രാജ് താക്കറേയുടെ പാര്‍ട്ടിയായ എംഎന്‍എസിനെ കടത്തിവെട്ടിയിരിക്കുകയാണ് പാര്‍ട്ടി. ഹൈദരാബാദ് കേന്ദ്രമായുള്ള എഐഎംഐഎമ്മിന് മഹാരാഷ്ട്രയില്‍ നേട്ടം കൊയ്യാനാവില്ലെന്നു പരിഹസിച്ച ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ് ഉവൈസി സഹോദരന്‍മാര്‍. മൊത്തം സീറ്റുകളില്‍ എംഎന്‍എസ് വെറും 14 സീറ്റില്‍ ഒതുങ്ങിയപ്പോഴാണ് 36 സീറ്റുകളുമായി എഐഎംഐഎം മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. എംഎന്‍എസിനെക്കാള്‍ കുറഞ്ഞ സീറ്റിലാണ് പാര്‍ട്ടി മല്‍സരിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് ഒരു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എഐഎംഐഎം രണ്ടു സീറ്റില്‍ വിജയിക്കുകയും രണ്ടിലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഇത്തവണ ആദ്യമായാണ് എഐഎംഐഎം പ്രാദേശിക തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ബിജെപി സര്‍ക്കാരിന്റെയും ചില മാധ്യമങ്ങളുടെയും കുപ്രചാരണങ്ങള്‍ക്കിടെ തങ്ങള്‍ ഇത്ര നല്ല വിജയം കരസ്ഥമാക്കിയത് കനത്ത താക്കീതാണെന്ന് പാര്‍ട്ടി എംഎല്‍എ ഇംതിയാസ് അലി പ്രതികരിച്ചു. ഉവൈസിമാരുടെ വരവോടെ മഹാരാഷ്ട്രയിലെ, വിശിഷ്യാ മുംബൈയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയാണെന്നാണ് സൂചന. മുസ്‌ലിം വിരോധ രാഷ്ട്രീയം പയറ്റിയിരുന്ന ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളോട് ഇപ്പോള്‍ മൃദുസമീപനം സ്വീകരിച്ചതിനു പിന്നിലും ഉവൈസിമാരെ വളര്‍ത്തേണ്ട എന്ന ചിന്തയാണെന്നു കരുതപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day