|    Dec 3 Sat, 2016 10:10 am
FLASH NEWS

മല്‍സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ-ശ്രീലങ്ക ധാരണ

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അന്തിമമായി പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്ത കര്‍മസമിതിക്ക് രൂപംനല്‍കാന്‍ ഇന്ത്യയും ശ്രീലങ്കയും തീരുമാനിച്ചു. മൂന്നു മാസത്തിലൊരിക്കല്‍ സമിതി യോഗംചേരും. ആറു മാസത്തിലൊരിക്കല്‍ ഇരുരാജ്യങ്ങളിലേയും ഫിഷറീസ് മന്ത്രിമാരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രി സുഷമാസ്വരാജും കൃഷിമന്ത്രി രാധാമോസന്‍ സിങും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീര, മല്‍സ്യ-സമുദ്ര വിഭവ വികസനമന്ത്രി മഹിന്ദ അമരവീര എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങളെടുത്തത്. മല്‍സ്യത്തൊഴിലാളി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടന്നതെന്നു സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റോഡ്-കപ്പല്‍ ഗതാഗതമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ശ്രീലങ്കന്‍ പാര്‍ലമെന്റംഗം എം എ സുമന്ദിരന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സംയുക്ത കര്‍മസമിതിയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍, തീരസേനകള്‍, നാവികസേനകള്‍ എന്നിവയുടെ പ്രതിനിധികളുണ്ടാവും. പിടിക്കപ്പെടുന്ന മല്‍സ്യത്തൊഴിലാളികളെ വേഗത്തില്‍ കൈമാറുന്നതും പട്രോളിങില്‍ സഹകരണത്തിനുള്ള സാധ്യതയും സംയുക്ത കര്‍മസമിതിയുടെ പരിഗണനാ വിഷയങ്ങളാണ്. പിടികൂടിയ മല്‍സ്യബന്ധന ബോട്ടുകള്‍ വിട്ടുകിട്ടുന്നത് സംബന്ധിച്ച് സമിതിയുടെ ആദ്യയോഗം ചര്‍ച്ച ചെയ്യും. ഇരുരാജ്യങ്ങളുടെയും കസ്റ്റഡിയില്‍ ഇപ്പോഴുള്ള മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കുന്ന പ്രക്രിയ നടന്നുവരുകയാണ്. ഇരുരാജ്യങ്ങളുടെയും തീരസേനകള്‍ക്കിടയില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിക്കാനും ധാരണയായി.
ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലെ കടലോര മേഖലകളില്‍ മല്‍സ്യത്തൊഴിലാളികളും മല്‍സ്യബന്ധനവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. നാവിക -കടല്‍തീര സേനകള്‍ മല്‍സ്യത്തൊഴിലാളികളെ കൈകാര്യംചെയ്യുമ്പോള്‍ അക്രമമോ ജീവാപായമോ സംഭവിക്കരുതെന്ന മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഇരു രാജ്യങ്ങളിലെയും മല്‍സ്യത്തൊഴിലാളി സംഘടനകള്‍ തമ്മില്‍ ഓരോ ആറുമാസത്തിലും കൂടിക്കാഴ്ച നടത്തുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day