|    Dec 6 Tue, 2016 12:04 am
FLASH NEWS

മല്യ ഉള്‍പ്പെടെ 63 പേരുടെ 7016 കോടി രൂപ കുടിശ്ശിക എഴുതിത്തള്ളി

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യ ഉള്‍പ്പെടെ 63 വന്‍കിട വ്യവസായികളുടെ 7016 കോടി രൂപയുടെ വായ്പാ കുടിശ്ശിക സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എഴുതിത്തള്ളി. വായ്പ അടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ ആദ്യ 100 പേരില്‍ 63 പേരുടെ കിട്ടാക്കടം പൂര്‍ണമായും 31 പേരുടേത് ഭാഗികമായും എഴുതിത്തള്ളുകയായിരുന്നു.
ആറുപേരുടെ നിഷ്‌ക്രിയ ആസ്തിയായാണു തള്ളിയത്. മുംബൈ ആസ്ഥാനമായ ഡിഎന്‍എ പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഏതുസമയത്താണ് വായ്പ എഴുതിത്തള്ളിയതെന്നു വ്യക്തമല്ല.
ഇക്കഴിഞ്ഞ ജൂണ്‍ 30 വരെ 48,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എസ്ബിഐക്ക് ഉണ്ടായിരുന്നത്. 100 കമ്പനികളില്‍ കേരളത്തില്‍നിന്നുള്ള ഒരു കമ്പനിയുമില്ല. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികള്‍ക്കാണ് ഇളവു ലഭിച്ചത്. കള്ളപ്പണം നേരിടാനെന്ന് അവകാശപ്പെട്ട് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കെയാണ് രാജ്യത്തെ വമ്പന്‍ വ്യവസായികളുടെ ഭീമമായ തുക എഴുതിത്തള്ളിയെന്ന റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ (വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്‌സ്) വമ്പന്‍മാരുടെ പട്ടികയില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയാണ് ഒന്നാമത്.
മല്യയുടെ 1,201 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്നാണ് ബാങ്ക് ബാലന്‍സ് ഷീറ്റിലുള്ളത്. മല്യയെ കൂടാതെ കെഎസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍ (526 കോടി), ജിഇടി പവര്‍ (400 കോടി), സായ് ഇന്‍ഫോസിസ്റ്റം (376 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനക്കാര്‍.
വായ്പാ തിരിച്ചടവ് ഇല്ലാത്ത അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കലും ബാങ്കിന്റെ കിട്ടാക്കടം ബാധ്യത ഇല്ലാതാക്കലുമാണ് കടം എഴുതിത്തള്ളുന്നതിലൂടെ എസ്ബിഐയുടെ ലക്ഷ്യം. നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വിജയ് മല്യ 17 ബാങ്കുകളില്‍ നിന്നു പതിനായിരത്തോളം കോടി രൂപയാണ് വായ്പ എടുത്തത്.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നിയമ നടപടി സ്വീകരിച്ചതോടെ വിജയ് മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. മല്യക്കെതിരേ ഇന്ത്യയിലെ വിവിധ കോടതികളില്‍ കേസുകളുണ്ട്. ഡല്‍ഹി കോടതി കഴിഞ്ഞദിവസം അദ്ദേഹത്തിന് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ വില്ല ലേലത്തില്‍ വച്ച് പണം തിരികെപ്പിടിക്കാന്‍ എസ്ബിഐ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആളില്ലാതിരുന്നതിനാല്‍ വിജയിച്ചില്ല.
ഇന്ത്യയിലെ തന്നെ പ്രമുഖ ഭക്ഷ്യ എണ്ണ നിര്‍മാതാക്കളാണ് കെഎസ് ഓയില്‍. വ്യവസായത്തിന് ആവശ്യമായ പണം വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണം നേരിടുന്ന കമ്പനിയാണിത്. വായ്പ പുനക്രമീകരിച്ചു നല്‍കിയപ്പോള്‍ കമ്പനി അത് തിരിച്ചടച്ചതുമില്ല. 2011 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് കമ്പനിക്കെതിരേ നടപടി സ്വീകരിച്ചത്.
എഴുതിത്തള്ളിയിട്ടില്ലെന്ന് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: വിജയ് മല്യ ഉള്‍പ്പെടെയുള്ളവരുടെ കിട്ടാക്കടം എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രേഖകള്‍ സൂക്ഷിക്കാനുള്ള എളുപ്പത്തിനായി അത് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണു ചെയ്തത്. കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ബാങ്കിന് അധികാരമുണ്ട്- രാജ്യസഭയില്‍ ഈ വിഷയമുന്നയിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിക്ക് മറുപടി നല്‍കവെ ജെയ്റ്റ്‌ലി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day