|    Dec 3 Sat, 2016 12:14 pm
FLASH NEWS

മലേഗാവ്: മേജര്‍ ഉപാധ്യായക്കു ജാമ്യമില്ല

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ മേജര്‍ രമേശ് ഉപാധ്യായയുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക വിചാരണക്കോടതി തള്ളി. സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായിരുന്ന പ്രസാദ് പുരോഹിതിന്റെ കൂടെ ബോംബാക്രമണത്തിന് ഫരീദാബാദ്, ഭോപാല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന യോഗത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് മേജര്‍ രമേശ് ഉപാധ്യായക്കെതിരായ കുറ്റപത്രത്തിലെ ആരോപണം. രണ്ടുപേരും ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ സജീവ പ്രവര്‍ത്തകരാണ്. 2008 ജനുവരി 26നു ചേര്‍ന്ന അഭിനവ് ഭാരതിന്റെ യോഗത്തില്‍ പ്രത്യേക ഭരണഘടനയും പതാകയും ഹിന്ദുരാഷ്ട്രത്തിനു ആവശ്യമാണെന്ന ലഫ്റ്റനന്റ് കേണല്‍ പുരോഹിതിന്റെ ആവശ്യം രമേശ് അംഗീകരിക്കുകയായിരുന്നു. രാജ്യത്തെ കേന്ദ്രസര്‍ക്കാരിനെതിരേ ഒരു ബദല്‍ ഹിന്ദു സര്‍ക്കാര്‍ സ്ഥാപിക്കുകയെന്നതും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍, യോഗം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നതു സംബന്ധിച്ചു മാത്രമാണ് ചര്‍ച്ചചെയ്തതെന്ന് രമേശ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എന്‍ഐഎയുടെ ആരോപണങ്ങള്‍ തെറ്റാണ്. ഒരിക്കലും നടക്കാന്‍ പോവുന്നില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് എന്‍ഐഎ പറയുന്നത്. യോഗത്തിലൊരിക്കലും മലേഗാവില്‍ ബോംബ് വയ്ക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത അഭിനവ് ഭാരതിന്റെ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ എന്‍ഐഎ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പുരോഹിതുമായി രമേശ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റിക്കാഡറുകള്‍ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ വാദത്തെ എന്‍ഐഎ പ്രോസികൂട്ടര്‍ അവിനാഷ് റസല്‍ എതിര്‍ത്തു. ഇതോടെ മഹാരാഷ്ട്ര എടിഎസിന്റെയും എന്‍ഐഎയുടെയും കേസും തെളിവുകളും പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വിചാരണക്കോടതി ജാമ്യംനിഷേധിച്ചതിനെ തുടര്‍ന്ന് കേസിലെ മുഖ്യപ്രതിയും അഭിനവ് ഭാരതിന്റെ സ്ഥാപകയുമായ സാധ്വി പ്രഗ്യാസിങും പുരോഹിതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day