|    Dec 8 Thu, 2016 3:19 pm
FLASH NEWS

മലേഗാവ് കേസ് വൈകിപ്പിച്ചത് പ്രതികള്‍ തന്നെ: എന്‍ഐഎ

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസ് വൈകിപ്പിച്ചത് പ്രതികള്‍ തന്നെയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി. കേസിലെ പ്രതികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു പല സമയത്തായി നല്‍കിയ ഹരജികളാണ് കേസിനെ വൈകിപ്പിക്കുന്നത്.
തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര പ്രവര്‍ത്തകനായ പ്രതി സുധാകര്‍ ദ്വിവേദി സമര്‍പ്പിച്ച ഹരജിയില്‍ കോടതി നേരത്തേ എന്‍ഐഎയോടു വിശദീകരണം ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്.
കേസിലെ പ്രതി ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് നല്‍കിയ ആയുധങ്ങള്‍ കൈവശംവച്ചെന്നും കേസിലെ മുഖ്യപ്രതിയായ അഭിനവ് ഭാരത് നേതാവ് സാധ്വി പ്രഗ്യാസിങ് വിളിച്ചുചേര്‍ത്ത രഹസ്യയോഗത്തില്‍ പങ്കെടുത്തെന്നുമാണ് സുധാകറിനെതിരായ ആരോപണം.
കേസില്‍ ജാമ്യംലഭിക്കാനും ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയും ആവശ്യപ്പെട്ട് പ്രതികള്‍ പല തവണയായി പല കോടതികളിലും ഹരജി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരം നടപടികളാണ് എട്ടുവര്‍ഷമായിട്ടും കേസ് തീര്‍പ്പാവാതെ നീളാന്‍ കാരണമെന്ന് എന്‍ഐഎക്കുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ പറഞ്ഞു.
പ്രഗ്യാസിങ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും പലപ്പോഴായി സുപ്രിംകോടതി, ബോംബൈ ഹൈക്കോടതി, മുംബൈ വിചാരണക്കോടതി എന്നിവിടങ്ങളില്‍ ഒന്നിലധികം ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഹരജികളൊക്കെയും സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ മുംബൈയിലെ പ്രത്യേക കോടതിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതു ചോദ്യംചെയ്ത് പുരോഹിതും പ്രഗ്യാസിങ്ങും സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി എന്‍ഐഎയോടും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്)യോടും വിശദീകരണം തേടിയിട്ടുണ്ട്.
മറുപടിക്കൊപ്പം കേസില്‍ ഇരുവരുമായി ബന്ധപ്പെട്ട രേഖകളും ജാമ്യാപേക്ഷ തള്ളി കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അസ്സല്‍ രേഖയും സമര്‍പ്പിക്കാനും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇത്തരം നടപടികളാണ് കേസിനെ വൈകിപ്പിച്ചതെന്നും എന്‍ഐഎ വിശദീകരിച്ചു. പ്രഗ്യാസിങിന്റെയും പുരോഹിതിന്റെയും ജാമ്യാപേക്ഷ ഈ മാസം 16നു പരിഗണിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day