|    Dec 8 Thu, 2016 7:48 pm

മലയോര ഹൈവേയുടെ വഴിമുടക്കി വൈദ്യുതി തൂണുകള്‍

Published : 29th November 2016 | Posted By: SMR

ചെറുപുഴ: നിര്‍ദിഷ്ട മലയോര ഹൈവേയുടെ പ്രവൃത്തികള്‍ക്ക് വൈദ്യുതി തൂണുകള്‍ തടസ്സമാവുന്നു. ചെറുപുഴ പഞ്ചായത്തിലൂടെ മലയോര ഹൈവേ കടന്നുപോവുന്ന മൂന്നര കിലോമീറ്റര്‍ ഭാഗത്തെ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയില്ലാത്തതാണ് റോഡ് നിര്‍മാണത്തിന് തടസ്സമാവുന്നത്. ഈ ഭാഗത്തെ കലുങ്ക് നിര്‍മാണവും റോഡ് വീതികൂട്ടലും സോളിങ് പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. നിലവില്‍ വൈദ്യുതി തൂണുകള്‍ ഉള്‍പ്പെടുന്ന ഭാഗം ഒഴിവാക്കി മറ്റിടങ്ങളിലെ മണ്ണ് നീക്കിയാണ് പ്രവൃത്തി നടത്തുന്നത്. തൂണുകള്‍ മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ തുടര്‍പ്രവൃത്തികള്‍ നടത്താന്‍ കഴിയൂ. കെഎസ്ഇബിയാണ് തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍ ഇതിനു ചെലവ് വരുന്ന തുക പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിക്ക് നല്‍കണം. തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റി സ്ഥാപിക്കുന്നതിന്റെ എസ്റ്റിമേറ്റ് കെഎസ്ഇബി തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിനു കൈമാറിക്കഴിഞ്ഞു. ചെറുപുഴ വൈദ്യുതി സെക്്ഷന്‍ ഓഫിസ് പരിധിയിലെ തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റി സ്ഥാപിക്കാന്‍ മാത്രം 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഹില്‍ ഹൈവേയുടെ ഭാഗത്ത് വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് ആകെ വകയിരുത്തിയിട്ടുള്ളത്. തുക അപര്യാപ്തമാണെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍ വൈകിയാല്‍ മഴക്കാലത്തിന് മുമ്പ് ടാറിങ് നടത്താനാവില്ല. ചെറുപുഴ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് പകുതിയിലധികം പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ടാറിങ് വൈകിയാല്‍ മഴക്കാലത്ത് റോഡ് ചളിക്കുളമായി ഗതാഗതം ദുഷ്‌കരമാവും. റോഡ് വികസനത്തിനായി പൊന്നുംവിലയുള്ള ഭൂമി സൗജന്യമായി വിട്ടുനല്‍കി നാട്ടുകാര്‍ മെക്കാഡം റോഡ് കാത്തിരിക്കുമ്പോഴാണ് കെഎസ്ഇബിയും പൊതുമരാമത്ത് വകുപ്പും സാങ്കേതിക കുരുക്കിട്ട് റോഡ് പണി വൈകിപ്പിക്കുന്നത്. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ജീവനക്കാരും തൊഴിലാളികളും മുടക്കമില്ലാതെ നടത്തുന്ന പ്രവൃത്തികള്‍ മാത്രമാണ് നാട്ടുകാര്‍ക്ക് ആശ്വാസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day