|    Dec 8 Thu, 2016 11:27 am

മലയോര സംരക്ഷണ സമിതിയുടെ റോഡ് ഉപരോധത്തില്‍ സംഘര്‍ഷം

Published : 24th November 2016 | Posted By: SMR

തൃശൂര്‍: വലക്കാവ് പ്രദേശത്തെ ക്വാറികളുടെയും ക്രഷറുകളുടെയും പട്ടയം റദ്ദ് ചെയ്യാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മലയോരസംരക്ഷണ സമിതി അംഗങ്ങള്‍ പാറമേക്കാവ് റോഡ് ഉപരോധിച്ചു നടത്തിയ സമരം സംഘര്‍ഷഭരിതമായി. വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ക്രഷറുകളുടെയും ആറു ക്വാറികളുടെയും പട്ടയം റദ്ദ് ചെയ്യാന്‍ തൃശൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് ഷെരീഫ് തയ്യാറാവാത്തതില്‍ പ്രകോപിതരായാണ് സമരക്കാര്‍ നടുറോഡില്‍ പ്രതിഷേധം ആരംഭിച്ചത്. സമരത്തില്‍ പങ്കെടുക്കാനെത്തിയ പുരുഷന്‍മാരെ തുടക്കത്തില്‍ തന്നെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി തുരത്തിയോടിച്ചു. റോഡിന്റെ നടുക്ക് നിലയുറപ്പിച്ച സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘത്തെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിച്ചത് വാഗ്വാദത്തിനിടയാക്കി.തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലിസ് ആക്രമണത്തില്‍ പരിക്കേറ്റ സമരസമിതി അംഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടി. ശരണ്‍ജിത്ത്്, മോഹനന്‍, ഷാജി എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. ഇതില്‍ ശരണ്‍ജിത്തിന്റെ വലതു കൈ ലാത്തി കൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞു.കലക്ടര്‍ അന്ത്യശാസനം ന ല്‍കിയിട്ടും ക്വാറികളുടെ പട്ടയം റദ്ദ് ചെയ്യാന്‍ തഹസില്‍ദാര്‍ തയ്യാറായില്ലെന്ന്  സമരസമിതി ആരോപിച്ചു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍ജിനീയറുടെ റിപോര്‍ട്ടു പ്രകാരം വലക്കാവിലെ സെന്റ് ജോസഫ് ക്രഷര്‍ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ല പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കലക്ടര്‍ എ കൗശിഗന്‍ റദ്ദ ് ചെയ്തിരുന്നു. എന്നാല്‍ വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും ക്രഷറുകളുടെയും പട്ടയം റദ്ദ് ചെയ്യേണ്ടത് തഹസില്‍ദാരാണ്. കലക്ടറുടെ ഉത്തരവ് ലംഘിച്ച് തഹസില്‍ദാര്‍ ക്വാറിയുടമകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന് സമര സമിതി പറഞ്ഞു. 26ന് വിരമിക്കുന്ന തഹസില്‍ദാര്‍ ഇപ്പോള്‍ ഓഫിസില്‍ ഹാജരാവാറില്ല. ഈ സാഹചര്യമാണ് സമരം തഹസില്‍ദാര്‍ ഓഫിസി ല്‍ നിന്നും റോഡിലേക്കെത്താ ന്‍ കാരണം. വിരമിക്കാന്‍ അധിക ദിവസമില്ലെന്ന കാരണം പറഞ്ഞ് തഹസില്‍ദാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ക്കു മുതിരുന്നില്ലെന്ന് സമരസമിതി ചെയര്‍മാന്‍ ജോബി കൈപ്പാങ്ങല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day