|    Dec 11 Sun, 2016 9:39 am

മലപ്പുറത്തെ സ്‌ഫോടനം; പെന്‍ഡ്രൈവില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും വധഭീഷണി

Published : 3rd November 2016 | Posted By: SMR

letter-new

മലപ്പുറം: കലക്ടറേറ്റിലെ കോടതിവളപ്പിലെ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും കിട്ടിയ പെന്‍ഡ്രൈവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിമാരെയും വകവരുത്തുമെന്ന് ഭീഷണി. പാര്‍ലമെന്റ്, ചെങ്കോട്ട, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എന്നിവരുടെ ഫോട്ടോയും രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമുണ്ട്. സ്‌ഫോടനം നടന്ന കാറിനു സമീപം കണ്ടെത്തിയ ബേസ് മൂവ്‌മെന്റ് എന്ന് എഴുതിയ പെട്ടിയിലാണ് സന്ദേശമടങ്ങിയ പെന്‍ഡ്രൈവും ഇന്ത്യയുടെ മാപ്പ് രേഖപ്പെടുത്തിയ സന്ദേശവും കണ്ടെത്തിയത്.പെന്‍ഡ്രൈവില്‍ പവര്‍പോയിന്റ് ഫയലായി അടിക്കുറിപ്പുകള്‍ സഹിതമാണ് സ്ഥലങ്ങളുടേയും പ്രമുഖ വ്യക്തികളുടേയും ചിത്രങ്ങളുണ്ടായിരുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ ചിത്രത്തിന് താഴെ ഇംഗ്ലീഷില്‍ ഇവരെ വധിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം കലക്ടറേറ്റ്, മൈസൂര്‍ കോടതി, ചിറ്റൂര്‍ കോടതി എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ തങ്ങള്‍ തന്നെയാണെന്നും ഇതിലുണ്ട്. അതേസമയം, പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണിയുണ്ടെന്ന മാധ്യമ റിപോര്‍ട്ടുകള്‍ എന്‍ഐഎ സംഘം നിഷേധിച്ചു.  സ്‌ഫോടനം സംബന്ധിച്ച് അന്വേഷണത്തെ സഹായിക്കാനെത്തിയ അഞ്ചംഗ എന്‍ഐഎ സംഘവും കൊച്ചിയിലെ എന്‍ഐഎയിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് നിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുള്ള അന്വേഷണം പോലിസ് ത്വരിതപ്പെടുത്തി. വിവരങ്ങള്‍ ശേഖരണത്തിനായി എന്‍ഐഎ പ്രത്യേകസംഘം ഇന്നലെ  മലപ്പുറത്തെത്തിയിരുന്നു. കൊച്ചി എന്‍ഐഎ ഡിവൈഎസ്പി വി കെ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. കൂടാതെ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ടും അന്വേഷണപുരോഗതി വിലയിരുത്തുന്നുണ്ട്.കൊല്ലം, ചിറ്റൂര്‍, മൈസൂര്‍ സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയാണ് മലപ്പുറത്തേതും എന്ന് വ്യക്തമായ സ്ഥിതിയില്‍  ഇതര സംസ്ഥാന  പോലിസ് സേനകളുമായി സഹകരിച്ചാവും മുന്നോട്ടുള്ള അന്വഷണം. എന്നാല്‍, മറ്റു സംഭവങ്ങളില്‍ പരിശോധിക്കുമ്പോള്‍ ആദ്യമായാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സന്ദേശങ്ങള്‍ എഴുതിവയ്ക്കുന്നത്.  കൃത്യമായ ഇടവേളകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകള്‍ ദക്ഷിണേന്ത്യന്‍ സര്‍ക്കാരുകള്‍ക്ക് നേരത്തേ നല്‍കിയിരുന്നു. എന്നാല്‍ ജാഗ്രത നിലനില്‍ക്കേയാണ് കേരളത്തില്‍ വീണ്ടുമൊരു സ്‌ഫോടനമുണ്ടായത്.  തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം മലപ്പുറത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ സ്‌ഫോടന കേസുകള്‍ അന്വേഷിച്ച സംഘങ്ങളും എത്തുമെന്നാണ് വിവരം.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 349 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക