|    Dec 7 Wed, 2016 9:46 pm
FLASH NEWS

മരട് നഗരസഭ; ചെയര്‍പേഴ്‌സണെതിരേ വീണ്ടും അവിശ്വാസത്തിന് സാധ്യത തെളിയുന്നു

Published : 4th November 2016 | Posted By: SMR

മരട്: മരട് നഗരസഭാ ചെയര്‍പേഴ്‌സണെതിരേ വീണ്ടും അവിശ്വാസത്തിന് സാധ്യത തെളിയുന്നു. നഗരസഭയിലെ ഏക സ്വതന്ത്ര വനിതാ അംഗം ഇടത് പിന്തുണയോടെ ചെയര്‍പേഴ്‌സണ്‍ ആയെങ്കിലും 6 മാസം തികഞ്ഞാല്‍ ഉടന്‍ അവിശ്വാസത്തിനുള്ള കോപ്പ് കൂട്ടുകയാണ് മരടിലെ കോണ്‍ഗ്രസ് നേതൃത്വം. അവിശ്വാസം പാസായാല്‍ ഒരു വര്‍ഷമെത്തുമ്പോഴേക്കും രണ്ടാമത്തെ അവിശ്വാസത്തിലൂടെ മൂന്നാമത്തെയാളാണ് ചെയര്‍പേഴ്‌സണ്‍ കസേരയിലേക്കെത്തുന്നത്. നിലവിലെ നഗരസഭ വൈസ് ചെയര്‍മാന്‍ കേസിലകപ്പെട്ടത്തോടെ പിന്നാമ്പുറത്ത് രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ് ഇരു മുന്നണികളും. കഴിഞ്ഞതവണ കോണ്‍ഗ്രസ്സിന്റെ നരസഭാ ചെയര്‍പേഴ്‌സണെതിരേ കോണ്‍ഗ്രസ് വിമതനെ ആയുധമാക്കിയാണ് ഇടത് മുന്നണി അവിശ്വാസവുമായി രംഗത്തെത്തിയത്. എന്നാല്‍ അതേ നാണയത്തില്‍തന്നെ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് മരടിലെ കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി മരടിലെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന ഭാരവാഹികളുടെ നേതൃത്വത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കെപിസിസി നിര്‍വാഹക സമിതി അംഗം കെ ബി മുഹമ്മദ്കുട്ടി, ഡിസിസി സെക്രട്ടറി ആര്‍ കെ സുരേഷ് ബാബു, മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി കെ ദേവരാജന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് വി ജയകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകളും ആലോചനായോഗങ്ങളും നടക്കുന്നത്. കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ട നഗരസഭാ ഭരണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഇതിനായി കഴിഞ്ഞ അവിശ്വാസത്തില്‍ ഇതിനെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്റെ പിന്‍ബലം ഉറപ്പാക്കിയതായും മരടിലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. രണ്ട് കോണ്‍ഗ്രസ് വിമതന്മാര്‍ക്ക് അവശേഷിക്കുന്ന രണ്ട് വര്‍ഷം വീതം വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വിതംവച്ച് നല്‍കിയാണ് കോണ്‍ഗ്രസ് അവിശ്വാസവുമായി രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നത്. ഇതോടെ ഇടതിന്റെ പിന്തുണയോടെ ചെയര്‍പേഴ്‌സണായ സ്വതന്ത്ര വനിതാ അംഗത്തിന് മരടിന്റെ അധ്യക്ഷ സ്ഥാനമൊഴിയേണ്ടതായി വരും. എന്നാല്‍ ആദ്യ രണ്ട് വര്‍ഷം വൈസ് ചെയര്‍മാന്‍ സ്ഥാനം കൈപ്പിടിയിലൊതുക്കാനുള്ള തത്രപ്പാടിലാണ് രണ്ട് കോണ്‍ഗ്രസ് വിമതന്മാര്‍. അവിശ്വാസത്തെ തുടര്‍ന്ന് സ്ഥാനം ഒഴിയേണ്ടിവന്ന മുന്‍ ചെയര്‍പേഴ്‌സണെതന്നെ നേതൃത്വത്തിലേക്കെത്തിക്കുമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി നടപടി നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് നിലവിലെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ നിലവില്‍ ചുമതലകളില്ലാത്ത മൂന്‍ കൗണ്‍സിലറെ പാര്‍ട്ടി നേതൃത്വത്തിലേക്കെത്തിക്കാനും പാര്‍ട്ടിയില്‍ ചരട് വലികള്‍ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ പകുതിയോടെ നിലവിലെ നഗരസഭ ചെയര്‍പേഴ്‌സണെതിരേ അവിശ്വാസമവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day