|    Dec 7 Wed, 2016 7:55 pm
FLASH NEWS

മരങ്ങള്‍ മുറിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു

Published : 22nd October 2016 | Posted By: SMR

എരുമേലി: നദീതീരത്തു പുറമ്പോക്കാണെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന വയമ്പ്, തേക്ക് മരങ്ങളും, ആഞ്ഞിലിമരങ്ങളും മുറിച്ചു കടത്തിയ സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെ ഒടുവില്‍ പോലിസ് കേസെടുത്തു. അതേസമയം കര്‍ഷകര്‍ വീട്ടാവശ്യത്തിനു മരങ്ങള്‍ മുറിച്ചാല്‍ ഓടിയെത്തുന്ന വനം വകുപ്പ് പാസ് എടുത്തു മാത്രം മുറിക്കാന്‍ അനുമതിയുള്ള ഈ മരങ്ങള്‍ പട്ടാപ്പകല്‍ കടത്തിയിട്ടും ഒരു നടപടികളുമെടുത്തില്ലെന്നും കൂട്ടുനില്‍ക്കുകയായിരുന്നെന്നും ആരോപണം. എരുമേലി പഞ്ചായത്ത് അതിര്‍ത്തിയില്‍ കമുകിന്‍കുഴി-കണ്ണിമല ഭാഗത്തു നിന്നാണ് നദീതീരത്തെ മരങ്ങള്‍ കഴിഞ്ഞ 12ന് മുറിച്ച് നീക്കിയത്. സ്ഥലം പുറമ്പോക്കാണെന്നു പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പുറമ്പോക്കല്ലെന്നും സ്വന്തം സ്ഥലമാണെന്നും ഉടമ പറയുന്നു. അങ്ങനെയാണെങ്കില്‍ മരങ്ങള്‍ മുറിക്കുന്നിതിനു മുമ്പ് വനം വകുപ്പിന്റെ അനുമതി വേണം. അനുമതിയില്ലായിരുന്നതാണ്  കേസെടുക്കുന്നതിലിപ്പോള്‍ പോലിസിനു നിര്‍ണായകമായി മാറിയത്. തടി വ്യാപാരി അസോസിയേഷന്റെ ഒരു ഭാരവാഹിയാണ് ഇത്രയും തടികള്‍ വിലക്കെടുത്ത് മുറിച്ച് കടത്തിയതെന്നു പറയുന്നു. ഇയാള്‍ വനം വകുപ്പിലെ ചിലരുമായി അടുത്ത ബന്ധമുണ്ടെന്നും ഈ സ്വാധീനം ഉപയോഗിച്ചാണ് സംഭവത്തില്‍ വനം വകുപ്പ് ഇടപെടാതെ ഒഴിവാക്കിയതെന്നും പറയപ്പെടുന്നു. കേസുണ്ടായാല്‍ ഒതുക്കിത്തീര്‍ക്കാനായി റോഡരികില്‍ ചന്ദന വയമ്പ് മരത്തിന്റെ ശിഖരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇട്ടിരുന്നു. കൊരട്ടി ഭാഗത്താണ് ഉപയോഗശൂന്യമായ ശിഖരങ്ങള്‍ കേസിനു വേണ്ടിയെന്ന നിലയില്‍ കാണപ്പെട്ടത്. ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്തു സെക്രട്ടറി മുറിച്ചു നീക്കിയ മരങ്ങള്‍ പഞ്ചായത്ത് പുറമ്പോക്കിലേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പോലിസിനു പരാതി നല്‍കിയെന്നു സെക്രട്ടറി പി എ നൗഷാദ് പറഞ്ഞു. എന്നാല്‍ സ്ഥലം പുറമ്പോക്കാണെന്ന് ഉറപ്പാക്കാനായി റവന്യു അധികൃതരോടു സ്ഥലം നിര്‍ണയം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാല്‍ പുറമ്പോക്കിനോടു ചേര്‍ന്ന സ്ഥലം ഉടമയുടെ പേരില്‍ കേസെടുക്കുമെന്നും മരം വെട്ടിക്കടത്തിയവരെ പ്രതികളാക്കി ഉള്‍പ്പെടുത്തുമെന്നും മണിമല സിഐ ഇ പി റെജി പറഞ്ഞു. എന്നാല്‍ ആദ്യം നടപടി എടുക്കേണ്ട വനം വകുപ്പ് ഇപ്പോഴും സംഭവ മറിഞ്ഞ മട്ടിലല്ലെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയിടെ കിഴക്കന്‍ മലയോര മേഖലയില്‍ കൃഷി ഭൂമികളിലെ പാസ് വേണ്ടാത്ത മരങ്ങള്‍ മുറിച്ചപ്പോള്‍ പോലും വനം വകുപ്പ് എത്തി തടഞ്ഞിരുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day