|    Dec 5 Mon, 2016 3:59 pm
FLASH NEWS

മമതയുടെ വിമാനത്തിന് ലാന്‍ഡിങ് അനുമതി വൈകിയത് ഗൂഢാലോചനയെന്ന് തൃണമൂല്‍

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യാത്ര ചെയ്ത വിമാനം ഇന്ധനമില്ലാതെ ലാന്‍ഡിങ് വൈകിയ സംഭവം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുമെന്നു സര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവും രാജ്യസഭയില്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ഇന്നലെ പാര്‍ലമെന്റില്‍ ഉന്നയിച്ചു. നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ശക്തമായി ആഞ്ഞടിക്കുന്ന മമതയെ അപകടത്തില്‍പ്പെടുത്താനുള്ള ഗൂഢശ്രമമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മമതയുടെ വിമാനത്തിനു പുറമേ മറ്റു മൂന്നു വിമാനങ്ങള്‍ക്കും  ലാന്‍ഡിങ് അനുമതി വൈകിയാണ് ലഭിച്ചത്. ഇക്കാര്യവും ഡിജിസിഎ അന്വേഷിക്കും. സംഭവത്തിനു പിന്നില്‍  ഗൂഢാലോചനയില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈസ്‌റ്റേണ്‍ ചീഫ് സഞ്ജയ് ജയിന്‍ വ്യക്തമാക്കി. പട്‌നയില്‍ നിന്നു മമത കയറിയ ഇന്‍ഡിഗോ വിമാനം ലാന്‍ഡിങ് അനുമതി ലഭിക്കാത്തതിനാല്‍ അരമണിക്കൂര്‍ കൊല്‍ക്കത്തയ്ക്കു മുകളില്‍ വട്ടമിട്ടു പറന്നതിനു ശേഷമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇന്ധനം തീരാറായി എന്നു പൈലറ്റ് അറിയിച്ചിട്ടും 30 മിനിറ്റിനു ശേഷമാണ് വിമാനത്തിന് ലാന്‍ഡിങ് അനുമതി നല്‍കിയതെന്നാണ് ആരോപണം.  അതിനിടെ രാജ്യത്തെ കറന്‍സി വിതരണത്തില്‍ ബംഗാള്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നതായി മമത ബാനര്‍ജി ആരോപിച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നോട്ടുകളുടെ കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day