|    Dec 9 Fri, 2016 8:50 pm
FLASH NEWS

മന്‍ദീപ് സിങിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Published : 31st October 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ മരണം വരിച്ച സൈനികന്‍ മന്‍ദീപ് സിങിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ കുരുക്ഷേത്രയിലെ അന്‍താഹെഡി ഗ്രാമത്തില്‍ സംസ്‌കരിച്ചു. അതേസമയം, മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്താനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ജന്‍മഗ്രാമത്തിലെയും അയല്‍ഗ്രാമങ്ങളിലെയും പതിനായിരങ്ങളാണ് മന്‍ദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ തടിച്ചുകൂടിയത്. വെള്ളിയാഴ്ച പാക് വെടിവയ്പില്‍ കൊല്ലപ്പെട്ട മന്‍ദീപിന്റെ മൃതദേഹം വികൃതമാക്കിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ത്രിവര്‍ണ പതാക പുതപ്പിച്ച സൈനികന്റെ ഭൗതികശരീരം സൈനിക വാഹനത്തിലാണ് ജന്‍മഗ്രാമത്തിലെത്തിച്ചത്. മന്‍ദീപിന്റെ പിതാവ് ചിതയ്ക്കു തീ കൊളുത്തി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മന്‍ദീപിന്റെ ജീവത്യാഗത്തില്‍ ആദരമര്‍പ്പിച്ച് ഗ്രാമം ദീപാവലി ആഘോഷിക്കില്ലെന്ന് ഗ്രാമമുഖ്യന്‍ സുഭാഷ് ചന്ദ്ര വ്യക്തമാക്കി. ധീര രക്തസാക്ഷികളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായി ഗ്രാമത്തിലെ വീടുകളില്‍ ഒരു മെഴുകുതിരി വീതം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്‍ദീപിന്റെ മൃതദേഹം എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്.
അതേസമയം, മന്‍ദീപിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day