|    Oct 23 Sun, 2016 11:50 am
FLASH NEWS

മന്ത്രിമാര്‍ സ്‌കൂളില്‍ കയറി ക്ലാസെടുത്താല്‍

Published : 1st September 2016 | Posted By: SMR

അധ്യാപകദിനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുമെന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനം കൈയടി കിട്ടാനുള്ള നടപടിയിലപ്പുറം യാതൊന്നുമല്ല. എല്ലാം ശരിയാവുമെന്ന വാഗ്ദാനവുമായാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോ തവണയും നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും മുഖവിലയ്‌ക്കെടുക്കുകയാണെങ്കില്‍ പലതും ഇതിനകം ശരിയാവേണ്ടതായിരുന്നു. പക്ഷേ, വിദ്യാഭ്യാസരംഗത്ത് വഞ്ചി തിരുനക്കര തന്നെയാണ്. ഓണപ്പരീക്ഷ സമാഗതമായിട്ടും പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കു കിട്ടിയിട്ടില്ലപോലും.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഇരുനൂറ് അധ്യയനദിനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഈ വിധ വിഷയങ്ങളെയെല്ലാം ശരിയായ ദിശാബോധത്തോടെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നതിനു പകരം മന്ത്രിമാര്‍ സ്‌കൂളില്‍ കയറി ക്ലാസെടുക്കുന്നതുപോലുള്ള കോപ്പിരാട്ടികള്‍ക്കാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് തുനിഞ്ഞിറങ്ങുന്നതെന്നത് എന്തൊരു കഷ്ടമാണ്!
ഇങ്ങനെയൊരു വില കുറഞ്ഞ പരിപാടിക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നതിന് എതിര്‍പ്പുകള്‍ ഉണ്ടാവുന്നത് സ്വാഭാവികം. പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ അതിനെ ചെറുക്കുമത്രേ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്‌കൂളില്‍ പഠിപ്പിക്കാന്‍ യോഗ്യതയില്ലെന്നാണ് അതിന് കെപിഎസ്ടിഎ പറയുന്ന കാരണം. സ്‌കൂളില്‍ പഠിപ്പിക്കാന്‍ ബിഎഡോ ടിടിസിയോ വേണം. ക്ലാസെടുക്കാന്‍ വരുന്നവര്‍ക്ക് പ്രസ്തുത യോഗ്യതയില്ലാത്തതിനാല്‍ സംഗതി പാടില്ല- ഇതാണ് ന്യായം. അപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുവരും: യോഗ്യതയുള്ളവര്‍ക്ക് സ്‌കൂളില്‍ കയറി പഠിപ്പിക്കാമോ?
സ്‌കൂള്‍ പഠനത്തിന് ചില വ്യവസ്ഥകളുണ്ട്, ചട്ടങ്ങളുണ്ട്. അതനുസരിച്ചു മാത്രമേ കാര്യങ്ങള്‍ നടക്കാവൂ. ഇത്തരം നടപടികള്‍ പ്രതീകാത്മകം മാത്രമാണ്. പന്തടിച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റും ബസ്സോടിച്ച് ബസ്‌റൂട്ടും ഉദ്ഘാടനം ചെയ്യുന്നതുപോലുള്ള ഒരു നടപടി. ഈ കോപ്പിരാട്ടിയെ അങ്ങനെ കണ്ടാല്‍ മതി. അതേസമയം, ഇത്തരം കോപ്പിരാട്ടികള്‍ കാട്ടി ജനങ്ങളുടെ കൈയടി നേടുകയല്ല, വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങളെ നേരാംവണ്ണം അഭിമുഖീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നു നാം തുറന്നുപറയണം. പഠിപ്പിക്കാന്‍ മന്ത്രിക്ക് യോഗ്യതയുണ്ടോ ഇല്ലേ എന്നതല്ല പ്രശ്‌നത്തിന്റെ മര്‍മം.
മന്ത്രിമാര്‍ ക്ലാസെടുക്കുന്നതിന്റെ ചുവടുപിടിച്ച് ആരോഗ്യമന്ത്രി ആശുപത്രിയില്‍ കയറി ചികില്‍സിക്കുകയും നിയമമന്ത്രി കോടതിയില്‍ കയറി വാദിക്കുകയും ചെയ്താലോ എന്നൊക്കെ തമാശയ്ക്കു വേണ്ടി നമുക്കു ചോദിക്കാം. പക്ഷേ, തമാശയ്ക്കപ്പുറത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. മന്ത്രിമാര്‍ നാടുതെണ്ടിനടന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രതിച്ഛായ പൊലിപ്പിക്കുകയുമാണ് ചെയ്യുന്നത്. ജീവനക്കാരെ വിരട്ടലും കുട്ടികള്‍ക്ക് ക്ലാസെടുക്കലും ഉദ്യോഗസ്ഥരെ ശകാരിക്കലുമൊന്നുമല്ല ഭരണം. ‘പ്രതീകാത്മക കര്‍സേവ’ കൊണ്ടും കാര്യമൊന്നുമില്ല. ശരിയായ രീതിയില്‍ ഭരണനിര്‍വഹണം നടത്തിയേ മതിയാവൂ. അതിനുള്ള ചങ്കുറപ്പുണ്ടോ പിണറായിക്കും കൂട്ടര്‍ക്കും? എങ്കില്‍ ഈ ക്ലാസെടുപ്പ് നമുക്കു വിട്ടുകളയാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day