|    Dec 4 Sun, 2016 5:16 am
FLASH NEWS

മന്ത്രിമാരുടെ ശുപാര്‍ശയില്‍ സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി

Published : 26th October 2016 | Posted By: SMR

തേഞ്ഞിപ്പലം: പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വാശ്രയ കോഴ്‌സുകളും കോളജുകളും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമ്പോഴും മന്ത്രിമാരുടെ ശുപാര്‍ശയില്‍ സ്വാശ്രയ കോളജില്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാത്തോലിക്കാ സഭാ നേതൃത്വം സ്വാധീനിച്ചാണ് തൃശൂര്‍ ജില്ലയിലെ കൊടകര സഹൃദയ കോളജില്‍ മൂന്ന് സ്വാശ്രയ കോഴ്‌സുകള്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വാശ്രയ മേഖലയില്‍ കോളജുകളും കോഴ്‌സുകളും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് 2016 ആഗസ്ത് 22 നാണ്  ഉത്തരവിറക്കിയത്. ഇതിനു വിപരീതമായാണ് സഭാനേതൃത്വത്തിനു കീഴിലുള്ള കോളജിനുമാത്രം കോഴ്‌സ് തുടങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്.
17 പുതിയ കോളജുകള്‍ക്കും 150 കോളജുകളിലായി 450ല്‍ അധികം കോഴ്‌സുകള്‍ക്കും നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന് അപേക്ഷ ലഭിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ച മുഴുവന്‍ അപേക്ഷകളും നിരസിച്ചുകൊണ്ടായിരുന്നു 2016 ആഗസ്ത് 22ന് ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള തൃശൂര്‍ ജില്ലയിലെ കൊടകര സഹൃദയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബികോം ടാക്‌സേഷന്‍, ബികോം പ്രഫഷനല്‍, ബിഎസ്‌സി ജിയോളജി എന്നീ മൂന്നു സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് 2016 ഒക്ടോബര്‍ മൂന്നിനും അഞ്ചിനും ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഉത്തരവിറക്കി.
തുടര്‍ന്ന് സര്‍ക്കാറില്‍നിന്ന് എന്‍ഒസി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സഹൃദയ കോളജ് അധികൃതര്‍ സര്‍വകലാശാലയിലെത്തി അനുമതി വാങ്ങുകയായിരുന്നു.
നിരവധി സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ പുതിയ കോഴ്‌സുകളും കോളജുകളും തുടങ്ങുന്നതിന് സര്‍ക്കാര്‍ എന്‍ഒസിക്കായി കാത്തിരിക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിലുള്ള സ്വാശ്രയ കോളജില്‍ മാത്രം കോഴ്‌സിന് അനുമതി നല്‍കിയ ഇരട്ടത്താപ്പ്.
വിദ്യാഭ്യാസ മന്ത്രിക്ക് സഭാനേതൃത്വത്തോടുള്ള അമിത താല്‍പര്യവും തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയിപ്പിച്ചതിനുള്ള സന്തോഷവുമാണ് സ്വന്തം തട്ടകത്തിലെ സഭാ കോളജിന് മാത്രം കോഴ്‌സുകള്‍ നല്‍കിയതിനുപിന്നിലുള്ള ചേതോവികാരമെന്നാണ് ആരോപണം. വിദ്യാഭ്യാസമന്ത്രി ശുപാര്‍ശ ചെയ്തതിനാല്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണത്രെ കോളജിലെ കോഴ്‌സുകള്‍ക്ക് എന്‍ഒസി നേടിയത്.
പാലക്കാട് ഉള്‍പ്പെടെയുള്ള പിന്നാക്ക മേഖലയില്‍ തുടങ്ങേണ്ടിയിരുന്ന പുതിയ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും അനുമതി റദ്ദാക്കിയ  സര്‍ക്കാറാണ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുളള മുന്നോക്ക ജില്ലകളില്‍ ഒന്നായ തൃശൂര്‍ ജില്ലയിലെ സ്വാശ്രയ കോളജിലെ കോഴ്‌സുകള്‍ക്ക് മാത്രം അനുമതി നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും താല്‍പര്യമുള്ള സ്വാശ്രയ കോളജിനു മാത്രം കോഴ്‌സുകള്‍ അനുവദിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതേ സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ മറ്റ്‌സ്വാശ്രയ മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day