|    Dec 8 Thu, 2016 3:35 am
FLASH NEWS

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍; കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബം നഷ്ടപരിഹാരം ഏറ്റുവാങ്ങി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിന്റെ ഫലമായി പാറശ്ശാല പോലിസിന്റെ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ ചെന്നു മരിച്ച യുവാവിന്റെ അമ്മയും സഹോദരനും നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്നു 10 ലക്ഷം രൂപ ഏറ്റുവാങ്ങി. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് ആണ് 2014 മെയ് 19 ന് രാത്രി പാറശ്ശാല സ്റ്റേഷനില്‍ മരിച്ചത്. ശ്രീജീവിന്റെ അമ്മ രമണി പ്രമീളയും സഹോദരന്‍ എസ് ആര്‍ ശ്രീജിത്തുമാണ് 10 ലക്ഷം രൂപ റൂറല്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.  മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ ഇടപെടല്‍ വഴിയാണു തുക ലഭിച്ചത്. മരിച്ച ശ്രീജീവിന്റെ സഹോദരന്‍ ശ്രിജിത്ത് 300 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിവരികയാണ്. ശ്രീജിത്തിന്റേത് കസ്റ്റഡി മരണമായതിനാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പോലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സപ്തംബര്‍ മൂന്നിന് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയെങ്കിലും തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.  നഷ്ടപരിഹാരം നല്‍കിയ ശേഷം മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കിയതായി ആഭ്യന്തര വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day