|    Dec 5 Mon, 2016 7:54 am

മനം തളരാതെ 300 ദിവസങ്ങള്‍; മദ്യശാലയ്‌ക്കെതിരായ സമരം ചരിത്രത്തിലേക്ക്

Published : 22nd November 2016 | Posted By: SMR

മാനന്തവാടി: അവഗണനകള്‍ക്കിടയിലും മനം തളരാതെ 300 ദിവസങ്ങള്‍ പിന്നിട്ട ആദിവാസി വീട്ടമ്മമാരുടെ സമരം ചരിത്രത്തിലേക്ക്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയോ ബഹുജന പങ്കാളിത്തമോ കൂടാതെ ഏതാനും ആദിവാസി സ്ത്രീകളുടെ ഇച്ഛാശക്തികൊണ്ടു മാത്രം ജില്ലയില്‍ നടക്കുന്ന ദീര്‍ഘകാല സമരമായി മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ സമരം മാറിയിരിക്കുകയാണ്. ഔട്ട്‌ലെറ്റ് അടച്ചുപൂട്ടുന്നതു വരെ സമരം അവസാനിപ്പിക്കില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി ഇവര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. സമരപ്പന്തലില്‍ സ്ഥിരമായെത്തുന്നവരില്‍ ചിലര്‍ ഇടവിട്ട ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയിക്കിട്ടുന്ന തുക കൊണ്ടാണ് ആവശ്യങ്ങള്‍ നടത്തുന്നത്. 2015 ജനുവരി 24നാണ് വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ ആദിവാസി സ്ത്രീകള്‍ സമരത്തിനിറങ്ങിയത്. പയ്യംപള്ളി, പുതിയിടം, പൊട്ടന്‍കൊല്ലി തുടങ്ങി സമീപപ്രദേശത്തെ ഏതാനും സ്ത്രീകള്‍ ചേര്‍ന്നായിരുന്നു സമരത്തിന് തുടക്കമിട്ടത്. ആദിവാസി ഫോറത്തിന്റെയും കൂടി പിന്തുണയോടെ തുടങ്ങിയ സമരത്തില്‍ പിന്നീട് നിരവധി രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകള്‍ പിന്തുണയുമായെത്തി. ദയാഭായി, സോണിയ മല്‍ഹാര്‍, തായാട്ട് ബാലന്‍, ഗീതാനന്ദന്‍, ജേക്കബ് വടക്കാഞ്ചേരി തുടങ്ങി നിരവധി സാംസ്‌കാരിക നായകന്മാരും സമരപ്പന്തലിലെത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ മുഖ്യധാരാ കക്ഷികളൊന്നും തന്നെ സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയില്ല. ഭരണമാറ്റമുണ്ടാവുന്നതു വരെ ശക്തമായി മുന്നോട്ടുനീങ്ങിയ സമരം പിന്നീട് പല കാരണങ്ങളാല്‍ വീര്യം നഷ്ടപ്പെട്ട നിലയിലായി. ഇതിനിടെ, ആഗസ്ത് 11ന് സമരക്കാര്‍ക്ക് ആശ്വാസമായി ബിവറേജസ് അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കുകയും 12ന് ഉച്ചയോടെ ഔട്ട്‌ലെറ്റ് പൂട്ടുകയും ചെയ്തു. എന്നാല്‍, ഇതു നേരത്തെ മണത്തറിഞ്ഞ കോര്‍പറേഷന്‍ അധികൃതര്‍ വൈകീട്ടോടെ സ്‌റ്റേ വാങ്ങി അടുത്ത ദിവസം തന്നെ മദ്യശാല തുറന്നു. പിന്നീടിങ്ങോട്ട് സമരക്കാരെ സഹായിച്ചിരുന്ന സമരസഹായ സമിതി നേതാക്കളില്‍ പലരും പിന്‍വലിയുകയായിരുന്നു. ഇതിനിടെ, സമരത്തില്‍ പങ്കെടുത്ത പലര്‍ക്കും പല കേസുകളിലായി കോടതി സമന്‍സുകള്‍ ലഭിച്ചു. എന്നാല്‍, ഇതൊന്നും തന്നെ ഇവര്‍ കാര്യമായെടുത്തിട്ടില്ല. ഹൈക്കോടതിയില്‍ നടന്നുവരുന്ന കേസില്‍ സമരക്കാര്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. കേരള മദ്യനിരോധന സമിതിയുടെ അഭിഭാഷകനാണ് സമരക്കാര്‍ക്കു വേണ്ടി ഹാജരാവുന്നത്. ഇതില്‍ അനുകൂലമായ വിധിയുണ്ടാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. വിധി എന്തുതന്നെയായാലും അവസാന നിമിഷം വരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നാണ് ആദ്യകാലം മുതല്‍ സമരരംഗത്തുള്ളവര്‍ പറയുന്നത്. ഇപ്പോഴും സമരപ്പന്തലില്‍ നിത്യേന പത്തോളം പേര്‍ എത്തുന്നുണ്ട്. വെള്ള സോമന്‍, മാക്കമ്മ പയ്യംപള്ളി, കാക്കമ്മ, ചിട്ടാങ്കി, ജാനു, കമല, ശോഭ, സുശീല, മുണ്ടത്തി, പത്മാവതി, ബിന്ദു, ജോചി, ചിന്നു, മെഴ്‌സി ചെറിയാന്‍ തുടങ്ങിയവരാണ് തുടക്കം മുതല്‍ മുടങ്ങാതെ സമരപ്പന്തലിലെത്തുന്നവര്‍. വീട്ടില്‍ നിന്നു റേഷനരി കൊണ്ടുവന്ന് കഞ്ഞിവച്ച് കുടിച്ചാണ് സമരത്തിന്റെ ആവേശം കെടാതെ സൂക്ഷിക്കുന്നത്. ജില്ലയുടെ ചരിത്രത്തില്‍ ആദിവാസി സ്ത്രീകള്‍ നേതൃത്വം കൊടുത്തുകൊണ്ട് 300 ദിവസം പിന്നിടുന്ന ആദ്യത്തെ സമരവും ഇതു തന്നെയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day