|    Oct 28 Fri, 2016 4:01 am
FLASH NEWS

മദ്യനയത്തില്‍ മാറ്റത്തിന്റെ സൂചന

Published : 30th September 2016 | Posted By: SMR

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും കീഴിലുള്ള മദ്യക്കടകളില്‍ പത്തു ശതമാനം അടച്ചുപൂട്ടേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനം മദ്യനയത്തില്‍ വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. പുതിയ മദ്യനയം വരുന്നതുവരെ തല്‍സ്ഥിതി തുടരുക എന്നൊക്കെയാണ് പറച്ചിലെങ്കിലും എല്‍ഡിഎഫിന്റെ യഥാര്‍ഥ താല്‍പര്യം എന്താണെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ടതില്ല.
ടൂറിസം വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്താന്‍ പുതുതായി ബാറുകള്‍ അനുവദിക്കണമെന്നാണ് ടൂറിസം മന്ത്രിയുടെ ആവശ്യം. ഓണ്‍ലൈനില്‍ മദ്യം വില്‍ക്കണമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും ആവശ്യപ്പെടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഫോര്‍സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുമുണ്ടത്രേ. അതായത്, മദ്യം സുലഭമായി ലഭ്യമാവുന്ന തരത്തില്‍ മദ്യനയത്തില്‍ പൊളിച്ചെഴുത്തുണ്ടാവും എന്നുതന്നെയാണ് കരുതേണ്ടത്. മദ്യവര്‍ജനമാണ്, മദ്യനിരോധനമല്ല നയം എന്നൊക്കെ പുറമേക്ക് ഭംഗിവാക്കു പറയുന്നുവെന്നു മാത്രം.
യുഡിഎഫ് ഈ വിഷയത്തില്‍ പുണ്യവാളന്മാരാണെന്ന അഭിപ്രായമൊന്നും ഞങ്ങള്‍ക്കില്ല. പക്ഷേ, ചില സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം കുറേ ബാറുകള്‍ അടച്ചുപൂട്ടാന്‍ അന്നത്തെ സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നതൊരു വസ്തുതയാണ്. കാലക്രമേണ മദ്യക്കടകള്‍ കുറേശ്ശെയായി അടച്ചിടാമെന്നു തീരുമാനിക്കുകയും ചെയ്തു. അതിന്റെ പ്രായോഗിക പരിണതികള്‍ എന്തുതന്നെയായാലും മദ്യവര്‍ജനമെന്ന ആശയത്തിന്റെ പ്രയോഗവല്‍ക്കരണത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു ആ തീരുമാനവും നടപടിയും.
മദ്യോപയോഗം വര്‍ധിപ്പിക്കുന്നതില്‍ മദ്യത്തിന്റെ ലഭ്യത വലിയൊരു ഘടകമാണ്. ബോധവല്‍ക്കരണം കൊണ്ടു മാത്രം മദ്യവര്‍ജനം സാധ്യമാവില്ല. നിയമനടപടികളും ആവശ്യമാണ്. അതിനാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സദുദ്ദേശ്യപരമായിരുന്നു. മദ്യാസക്തിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കേരളത്തെ രക്ഷപ്പെടുത്താന്‍ ഒരു പരിധിവരെ അതു സഹായകവുമായിരുന്നു. പ്രസ്തുത നയത്തെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തകിടം മറിക്കുന്നത്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു തടസ്സം നില്‍ക്കുന്നത് തീര്‍ത്തും ആത്മഹത്യാപരമാണെന്നതില്‍ യാതൊരു സംശയവുമില്ല.
എല്‍ഡിഎഫില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന എന്‍സിപിയുണ്ട്; മദ്യവിരുദ്ധരായ സോഷ്യലിസ്റ്റുകാരുമുണ്ട്. പഴയ മുസ്‌ലിംലീഗ് മന്ത്രിമാര്‍ ചെയ്തതായി പറയപ്പെടുന്നതുപോലെ, ഈ തീരുമാനത്തിനൊരു വിയോജനക്കുറിപ്പെങ്കിലും എഴുതിയോ അവര്‍?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day