|    Dec 9 Fri, 2016 6:59 pm
FLASH NEWS

മണിചെയിന്‍ തട്ടിപ്പുസംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് ഡിജിപി

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: മണിചെയിന്‍ തട്ടിപ്പുസംഘങ്ങളെ നിരീക്ഷണവിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. മണിചെയിന്‍ തട്ടിപ്പുസംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് അനധികൃത മണിചെയിന്‍ തട്ടിപ്പുസംഘങ്ങള്‍ വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പോലിസ് മേധാവിയുടെ ഇടപെടല്‍.
ജില്ലാതല നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശമുണ്ട്. കോടികളുടെ മണിചെയിന്‍ തട്ടിപ്പു നടത്തിയ സംഘങ്ങള്‍ വീണ്ടും സജീവമാവു—ന്നുവെന്ന വിവരം പോലിസ് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചിരുന്നു. 1978ലെ പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ട് പ്രകാരം മണിചെയിന്‍ ഇടപാടുകള്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും മണിചെയിന്‍ തട്ടിപ്പിനെതിരേ നടക്കുന്ന അന്വേഷണങ്ങള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പുതിയ വാഗ്ദാനങ്ങളുമായി ഏജന്റുമാര്‍ വീണ്ടും സജീവമായത്. വീടുകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റഡിക്ലാസുകളും സെമിനാറുകളും നടക്കുന്നത്. കുടുംബസംഗമങ്ങള്‍ നടത്തി ഭാര്യയും ഭര്‍ത്താവും മക്കളും ഉള്‍പ്പെടെയുള്ളവരെ കെണിയില്‍ വീഴ്ത്താനുള്ള ആസൂത്രിതശ്രമവും നടക്കുന്നുണ്ട്.
തീരദേശമേഖല കേന്ദ്രീകരിച്ച് മണിചെയിന്‍ തട്ടിപ്പുകാര്‍ യോഗങ്ങളും വിളിക്കാറുണ്ട്. മണിചെയിനിനെതിരേ ഉയരുന്ന പരാതി വ്യാജമാണെന്നും ജീവിതസുരക്ഷയും പണവും ലഭിക്കുന്നത് തടയാനുള്ള നീക്കമാണെന്നുമാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, മണിചെയിന്‍ ഇടപാടുകാര്‍ ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വന്‍കിട ബിസിനസുകാര്‍ വരെ തട്ടിപ്പുസംഘങ്ങളില്‍ ചേരുന്നത് ജനങ്ങള്‍ക്ക് വ്യാജ കമ്പനികളെക്കുറിച്ചുള്ള വിശ്വാസം ദൃഢമാവാന്‍ ഇടവരുത്തുന്നു. മണിചെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വീണ്ടും സജീവമാവുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമാണ്. മണിചെയിന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിന് 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നാണ് തട്ടിപ്പുകള്‍ വ്യാപകമാവുന്നതില്‍ നിന്ന് മനസ്സിലാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day