|    Oct 22 Sat, 2016 10:52 am
FLASH NEWS

മഞ്ചേശ്വരത്ത് ത്രികോണ മല്‍സരം: അടവുകളുമായി സ്ഥാനാര്‍ഥികള്‍

Published : 2nd April 2016 | Posted By: SMR

മഞ്ചേശ്വരം: ശക്തമായ ത്രികോണമല്‍സരം നടക്കുന്ന സംസ്ഥാനത്തെ അപൂര്‍വമണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത് ഇക്കുറിയും പതിവിനു മാറ്റമൊന്നുമില്ല. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ 2011ലെ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണിവിടെ. മുസ്‌ലിംലീഗും ബിജെപിയും സിപിഎമ്മും കഴിഞ്ഞതവണത്തെ സ്ഥാനാര്‍ഥികളെത്തന്നെയാണ് വീണ്ടും നിര്‍ത്തിയിരിക്കുന്നത്.
ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം ആദ്യം തെളിഞ്ഞ മഞ്ചേശ്വരത്ത് മറ്റു മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ഥാനാര്‍ഥികളെല്ലാം തന്നെ പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. മുസ്‌ലിംലീഗിനു ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ രണ്ടാമങ്കത്തിന് പി ബി അബ്ദുര്‍റസാഖ് കച്ചമുറുക്കുമ്പോള്‍ ഭൂരിപക്ഷം കൂട്ടാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. 5,828 വോട്ടിനാണ് കഴിഞ്ഞ തവണ പി ബി അബ്ദുര്‍റസാഖ് എല്‍ഡിഎഫില്‍ നിന്നും മണ്ഡലം തിരിച്ചുപിടിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തിനുവേണ്ടി ചെയ്ത 877 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇക്കുറി പി ബി വോട്ട് ചോദിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പുതന്നെ പ്രചാരണമാരംഭിക്കാന്‍ കഴിഞ്ഞത് ഏറെ ഗുണം ചെയ്യുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മഞ്ചേശ്വരം താലൂക്ക് രൂപീകരണം ഈ മേഖലയുടെ വികസനത്തിന് ആക്കംകൂട്ടുമെന്നും എംഎല്‍എ പറഞ്ഞു. ബിജെപി താമര വിരിയിക്കുമെന്ന് ഏറെ കാലമായി അവകാശപ്പെടുന്ന മഞ്ചേശ്വരത്ത് ജീവന്മരണ പോരാട്ടത്തിലാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രന്‍. കെ ജി മാരാര്‍, സി കെ പത്മനാഭന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ മുട്ടുമടക്കിയ മണ്ഡലത്തില്‍ ഇത് രണ്ടാംതവണയാണ് സുരേന്ദ്രന്‍ മാറ്റുരക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം തന്നെയായിരുന്നു മല്‍സരിച്ചത്.
സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രാദേശിക ഘടകങ്ങള്‍ രംഗത്തുണ്ട്. ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റ് അട്ടിമറിച്ചാണ് കാസര്‍കോട്ടും മഞ്ചേശ്വരത്തും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 1987മുതല്‍ ഈ മണ്ഡലത്തില്‍ ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. കെ ജി മാരാര്‍ക്കും സി കെ പത്മനാഭനും വേണ്ടി ബിജെപിയുടെ ദേശീയ നേതാക്കള്‍ ഒന്നടങ്കം ഈ മണ്ഡലത്തില്‍ പ്രചാരണം നടത്തിയെങ്കിലും മതേതര മനസ്സിനോടൊപ്പമാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നിന്നത്.
ഇപ്രാവശ്യവും പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ എന്നിവര്‍ പ്രചാരണത്തിന് എത്തുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. കന്നഡ ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുംനട്ടാണ് ബിജെപി പ്രചാരണം നടത്തുന്നത്.
2006ല്‍ സിപിഎമ്മിന് അട്ടിമറി വിജയം ലഭിച്ച അഡ്വ.സി എച്ച് കുഞ്ഞമ്പുവിനെ തന്നെയാണ് എല്‍ഡിഎഫ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ അതികായന്‍ ചെര്‍ക്കളം അബ്ദുല്ലയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയ കുഞ്ഞമ്പു അന്ന് വിജയിച്ചത്. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഇദ്ദേഹം പിന്തള്ളപ്പെട്ടു. ഇടതുപാര്‍ട്ടികള്‍ക്ക് പഴയ പ്രതാപമില്ലാത്ത മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കുകയെന്ന ഭഗീരഥപ്രയത്‌നമാണ് കുഞ്ഞമ്പുവിന് നിര്‍വഹിക്കാനുള്ളത്.
മണ്ഡലത്തിലെ കണക്കുകള്‍ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 52,459 വോട്ട് ലഭിച്ചു. ബിജെപിക്ക് 46,631 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ നേട്ടം 29,433 വോട്ടിലൊതുങ്ങി.
മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, കുമ്പള, മംഗല്‍പാടി, പുത്തിഗെ, എന്‍മകജെ, പൈവളിഗെ പഞ്ചായത്തുകളാണ് മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പുത്തിഗെയും പൈവളിഗെയും എല്‍ഡിഎഫും എന്‍മകജെ ബിജെപിയും മറ്റു പഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്.
66കാരനായ അബ്ദുര്‍ റസാഖ് കാസര്‍കോട് നായന്മാര്‍മൂല സ്വദേശിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഒമ്പതാംതരം മാത്രം വിദ്യാഭ്യാസമുള്ള ഇദ്ദേഹം വ്യവസായ പ്രമുഖന്‍ കൂടിയാണ്. ഭാര്യ: സഫിയ. മക്കള്‍: ഷഫീഖ്, സഹീറ ആബിദ്, ഷഹ്‌ല നിയാസ്, ഷൈമ ദില്‍ഷാദ്.
46കാരനായ സുരേന്ദ്രന്‍ കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ബിഎസ്‌സി കെമിസ്ട്രി ബിരുദധാരിയാണ്. രണ്ടു തവണ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള സുരേന്ദ്രന്‍ ഇപ്പോള്‍ മൂന്നാം തവണയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: ഷീബ. മക്കള്‍: ഹരികൃഷ്ണന്‍, ഗായത്രിദേവി.
56കാരനായ സി എച്ച് കുഞ്ഞമ്പു അഭിഭാഷകനാണ്. കാസര്‍കോട് വിദ്യാനഗറിലാണ് താമസം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സുമതിയാണ് ഭാര്യ. മകള്‍: ശ്രുതി (എന്‍ജിനിയര്‍, ബംഗളൂരു).
പിഡിപി സ്ഥാനാര്‍ഥിയായി എസ് എം ബഷീര്‍ കുഞ്ചത്തൂര്‍ മല്‍സര രംഗത്തുണ്ട്. എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.വെല്‍ഫയര്‍ പാര്‍ട്ടിക്കും ചില സ്ഥലങ്ങളില്‍ പോക്കറ്റുണ്ട്. ഇരു സുന്നികള്‍ക്കും ശക്തമായ അടിത്തറയും മണ്ഡലത്തിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day