|    Oct 27 Thu, 2016 2:32 pm
FLASH NEWS

മഞ്ചേശ്വരം: ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴുമോ ?

Published : 4th May 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സരം യുഡിഎഫും ബിജെപിയും തമ്മില്‍. 1987നു ശേഷം ഈ മണ്ഡലത്തില്‍ ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. 2006ല്‍ അട്ടിമറിയിലൂടെ സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു ഇവിടെ വിജയിച്ചിരുന്നു. ബിജെപിയുടെ പ്രമുഖരായ കെ ജി മാരാര്‍, സി കെ പത്മനാഭന്‍ തുടങ്ങിയവരൊക്കെ മല്‍സരിച്ച് പരാജയപ്പെട്ട മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് ഇത്തവണ സിറ്റിങ് എംഎല്‍എ പി ബി അബ്ദുര്‍റസാഖിനെ നേരിടുന്നത്. സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
2011ല്‍ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ തന്നെയാണ് ഇത്തവണയും മാറ്റുരയ്ക്കുന്നത്.167 പോളിങ് സ്‌റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. 1,03,404 പുരുഷ വോട്ടര്‍മാരും 1,04,741 സ്ത്രീ വോട്ടര്‍മാരുമടക്കം 2,08,145 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ തവണ മുസ്‌ലിംലീഗിലെ പി ബി അബ്ദുര്‍റസാഖ് 5828 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി താമര വിരിയിക്കുമെന്ന് കാലങ്ങളായി പ്രഖ്യാപിക്കുന്ന ഈ മണ്ഡലം പക്ഷേ എന്നും മതേതര ചേരിക്കൊപ്പമായിരുന്നു.
മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളിഗെ, എണ്‍മകജെ, കുമ്പള, പുത്തിഗെ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം. മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകള്‍ യുഡിഎഫും പുത്തിഗെ എല്‍ഡിഎഫും എ ണ്‍മകജെ ബിജെപിയും പൈവളിഗെ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫും ഭരിക്കുന്നു. മതന്യൂനപക്ഷ വോട്ടുകളാണ് ഈ മണ്ഡലത്തില്‍ നിര്‍ണായകം. 1,05,076 മുസ്‌ലിം വോട്ടര്‍മാരും 9,074 ക്രിസ്ത്യന്‍ വോട്ടര്‍മാരും 93,388 ഹിന്ദു വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ഹിന്ദു ഏകീകരണത്തിനാണ് ബിജെപിയും എല്‍ഡിഎഫും ശ്രമിക്കുന്നത്. ഇത് മതേതര ചേരിയില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമാണെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്.
വോട്ടിന്റെ കണക്ക് പ്രകാരം യുഡിഎഫ് മുന്നിലാണെങ്കിലും മതേതര ചേരിയില്‍ വീഴ്ത്തുന്ന വിള്ളല്‍ യുഡിഎഫിന് ദോഷം ചെയ്യും. കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് സംഘമാണ് ബിജെപിക്ക് വേണ്ടി വോട്ടുതേടുന്നത്. കാന്തപുരം വിഭാഗത്തിന് സാമാന്യം ശക്തിയുള്ള മണ്ഡലം കൂടിയാണിത്. ഇവരുടെ വോട്ട് ലക്ഷ്യമാക്കി യുഡിഎഫും എല്‍ഡിഎഫും ബിജെപിയും നീക്കം നടത്തുന്നുണ്ട്. എന്നാല്‍, തങ്ങളെ സഹായിക്കുന്നവരെയും തങ്ങളുടെ സ്ഥാപനങ്ങളെ സഹായിക്കുന്നവരെയും തിരിച്ചും സഹായിക്കുക എന്നതാണ് ലക്ഷ്യമെന്ന് കാന്തപുരം എ പി അബൂബൂക്കര്‍ മുസ്‌ല്യാര്‍ ഇച്ചിലങ്കോട് മഖാം ഉറൂസിന്റെ മതപ്രഭാഷണ വേദിയില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വമില്ലെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറയുന്നു.
താമര വിരിയിക്കാന്‍ ബിജെപി അവസാന അമ്പും പയറ്റുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ യുഡിഎഫും ശ്രമിക്കുന്നുണ്ട്. കര്‍ണാടകയിലെ കോ ണ്‍ഗ്രസ് മന്ത്രിമാരെയും മറ്റും പ്രചാരണത്തിനിറക്കിയാണ് യുഡിഎഫ് വോട്ടുതേടുന്നത്. എല്‍ഡിഎഫിനു വേണ്ടി സുഭാഷിണി അലി, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് കാസര്‍കോട്ടെത്തുന്നുണ്ട്. യുഡിഎഫിന് വേണ്ടി എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഇതിനകം പര്യടനം നടത്തി.
എസ്ഡിപിഐക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. ഫാഷിസ്റ്റുകളുടെ മുന്നേറ്റത്തിന് സഹായകമാവുന്നത് ഒഴിവാക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടില്ല. പിഡിപി സ്ഥാനാര്‍ഥി മല്‍സരിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് താമര വിരിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 327 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day