|    Oct 26 Wed, 2016 4:51 pm

മങ്കട കോവിലകം വിസ്മൃതിയിലേക്ക്‌; രാജകീയ സ്മരണകളുള്ള ചരിത്ര സ്മാരകം സംരക്ഷിക്കണമെന്ന് ആവശ്യം

Published : 25th August 2016 | Posted By: SMR

മങ്കട: രാജ ഭരണകാലത്തിന്റെ ചരിത്രം പറയുന്ന മങ്കട കോവിലകവും ഓര്‍മയാവുന്നു.കോവിലകത്തിന്റെ  പടിപ്പുരയുള്ള കെട്ടിടം കഴിഞ്ഞ ദിവസം പൊളിച്ച് നീക്കി. വള്ളുവനാട് രാജവംശത്തിന്റെ അധികാര കേന്ദ്രമായിരുന്ന മങ്കട കോവിലകം ഒട്ടേറെ ചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.മിനാരങ്ങളുടെയും കല്‍വിളക്കുകളുടെയും പരസ്പര സ്‌നേഹത്തിന് ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ ഇടം നേടികൊടുത്ത വള്ളുവക്കോനാതിരിമാരുടെ തറവാടായ കോവിലകങ്ങളാണ് ഓര്‍മയാവുന്നത്.
വള്ളുവനാടന്‍ രാജ വംശത്തിന്റെ പ്രൗഢസ്മരണകളുള്ള വള്ളുവക്കോനാതിരി രാജാവിന്റെ സ്വരൂപമായിരുന്നു മങ്കട,കടന്നമണ്ണ, ആയിരനാഴി, അരിപ്ര കോവിലകങ്ങള്‍. ഇതില്‍ അരിപ്ര കോവിലകവും, കടന്നമണ്ണ കോവിലകവും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച് നീക്കിയിരുന്നു.ചരിത്ര വിദ്യാര്‍ഥികള്‍ക്കും മറ്റ് ഗവേഷകര്‍ക്കും ഏറെ സഹാകരമാവുകയും നിത്യേന സന്ദര്‍ശകര്‍ എത്തുന്നതുമായ കോവിലകങ്ങളായി മങ്കട,അരിപ്ര കോവിലകങ്ങള്‍ മാറിയിരുന്നു.ഇതിനിടെയാണ് മങ്കട കോവിലകത്തിന്റെ വലിയ ഒരു ഭാഗം പൊളിച്ച് നീക്കുന്നത്.
തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ നിന്നും കടന്നമണ്ണയിലേക്ക് താമസം മാറിയതാണ് ഈ വള്ളുവനാട് രാജവംശം.പിന്നീടാണ് മങ്കട,അരിപ്ര,ആയിരനാഴിപ്പടി കോവിലകങ്ങള്‍കൂടി പണിത് ഈ രാജവംശത്തിന് നാല് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിച്ചത്.ഈ രാജവംശത്തിന്റെ പിന്‍തലമുറക്കാര്‍ ഇന്ന് രാജ്യത്തിനകത്തും പുറത്തും ജോലിചെയ്ത് വസിച്ച്‌വരികയാണ്.രാജാധികാരം നിലനില്‍ക്കുന്നില്ലങ്കിലും ഇന്നും ഈ രാജകുടുംബത്തില്‍ നിന്നും സ്ഥാനികളെ തിരഞ്ഞെടുക്കാറുണ്ട്. ഏറ്റവും മുതിര്‍ന്ന അംഗത്തെ വല്ലഭ വലിയരാജാവായി തിരഞ്ഞെടുക്കും.ഈ സ്ഥാനാത്തെ വള്ളുവകോനാതിരി എന്നും വിളിക്കപ്പെടും.
1784-90 കാലഘട്ടങ്ങളില്‍ മൈസൂര്‍ ഭരണാധികാരി ടിപ്പുസുല്‍ത്താന്‍ മലബാര്‍ പടയോട്ടകാലത്തും 1921 മുതലുള്ള മലബാര്‍ ലഹള കത്തിപ്പടരുന്ന സമയത്തും കോവിലകത്തെ കാവലിരുന്ന് സംരക്ഷിച്ച് നിര്‍ത്തിയത് മാപ്പിളപ്പോരാളികളായിരുന്നു.ഇക്കാലത്ത് വള്ളുവക്കോനാതിരിയെ അക്രമിക്കാനും കോവിലകം കൊള്ളയടിക്കാനുമെത്തിയ ശത്രുക്കളെ വെള്ളിയാഴ്ച്ച ജുമുഅക്ക് പോലും പോവാതെ കാവലിരുന്ന് സംരക്ഷിച്ചത് മാപ്പിളമാരായിരുന്നു വെന്ന് ചരിത്രവും. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് മുസ്‌ലിംങ്ങള്‍ക്ക് ആരാധനകള്‍ നിര്‍വഹിക്കുന്നതിന് മങ്കടയില്‍ പള്ളി നിര്‍മിക്കുന്നതിന് ഏക്കര്‍ കണക്കിന് സ്ഥലവും ഉരുപ്പടികളും സംഭാവനയായി കോവിലകം അംഗങ്ങള്‍ നല്‍കിയതെന്നും ചരിത്രം പറയുന്നു.
മങ്കട കോവിലകം പൊളിച്ച് നീക്കുന്നതിലൂടെ മതസൗഹാര്‍ദ്ദത്തിന്റെ ഒട്ടേറെ കഥകളുള്ള മങ്കടയുടെ പെരുമയിലേക്ക് നയിച്ച സ്മാരകം കൂടിയാണ് ഓര്‍മ്മയാവുന്നത്. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ മേധാവികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നാടുവാഴികള്‍ക്കും ആഥിത്യം പകര്‍ന്ന മങ്കട കോവിലകം ബംഗ്ലാവ് 2011 നവംബറിലാണ് പൊളിച്ച് നീക്കിയത്.
അരിപ്ര കോവിലകം പൊളിച്ച് നീക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.കടന്നമണ്ണ കോവിലകം 2007ല്‍ പൊളിച്ച് മാറ്റി. ആയിരനാഴി കോവിലകവും മങ്കട കോവിലകവും മാത്രമാണ് സര്‍വ്വൈശ്വര്യ പ്രതാപങ്ങളോടെ നിലകൊണ്ടിരുന്നത്.അധികാരത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്ന കൊളത്തൂര്‍ കോവിലകം രാജകുടുംബത്തിലെ തമ്പുരാട്ടിമാരാല്‍ സംരക്ഷിച്ച് വന്നിരുന്നു.ഏതാണ്ട് നാനൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് വാസ്തുശില്‍പ മാതൃകയില്‍ നിര്‍മിച്ച കോവിലകങ്ങള്‍ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന് ചരിത്രകാരന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
വിശ്രുത ഛായാഗ്രാഹകനായ മങ്കട രവിവര്‍മ്മയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ തറവാടുകൂടിയായ മങ്കട കോവിലകം രവിവര്‍മ്മ സ്മാരക ഹെറിറ്റേജ് മ്യൂസിയമായി സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.
ഇന്ന് മങ്കട കോവിലകത്തിന്റെ പടിപ്പുരയുള്ള വലിയ ഒരു ഭാഗം പൊളിച്ച് നീക്കിയതോടെ ബാക്കി വരുന്ന കൊട്ടാരം ഉള്‍പ്പടെയുള്ളവ സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day