|    Dec 8 Thu, 2016 5:37 am
FLASH NEWS

ഭൂമി കൈയേറ്റം: ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരാവരുതെന്ന് മന്ത്രി

Published : 22nd November 2016 | Posted By: SMR

ആലപ്പുഴ: ജനങ്ങള്‍ക്ക് സ്ഥിരമായി റവന്യൂ ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണം. സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഓഫിസുകള്‍. സര്‍ക്കാരിന്റെ മാറ്റം ജനങ്ങള്‍ അറിയുന്നത് അവര്‍ ദൈനംദിനം ഇടപെടുന്ന വില്ലേജ്, താലൂക്ക് ഓഫിസുകള്‍ മുഖേനയാണ്. ഓഫിസുകള്‍ ജനസൗഹൃദമാക്കണം. നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നടപ്പാക്കാതിരുന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞെങ്കില്‍ പുതുക്കാനും പുതിയ വ്യവസ്ഥകള്‍ വയ്ക്കാനും നടപടി വേണം. പാട്ടത്തിനെടുത്ത സ്ഥലത്ത് കരാര്‍ വ്യവസ്ഥ ലംഘിച്ച് വന്‍ കെട്ടിടമടക്കം നിര്‍മിക്കുന്നതിനെതിരേ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി  നില്‍ക്കരുത്. ഇത്തരം കരാര്‍ ലംഘനങ്ങള്‍ സര്‍ക്കാരിന് റിപോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. ഭൂരഹിതന് കിട്ടേണ്ട സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കണം. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം മനുഷ്യപ്പറ്റ് കാണിക്കണം. വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ആലപ്പുഴയില്‍ ആരംഭിച്ച ഭവനഭാരതം പദ്ധതിയുമായി രൂപീകരിച്ച സൊസൈറ്റിക്ക് പരിമിതികളുണ്ടെങ്കില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ലൈഫ് പോലുള്ള പദ്ധതികളില്‍ സഹകരിക്കാം. സൊസൈറ്റിക്ക് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. നിലം എന്നു രേഖകളില്‍ ഉള്ളതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നികത്തിയ ഭൂമിയില്‍ പോലും വീടുവയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടു വയ്ക്കാന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി മറുപടി പറഞ്ഞു.ഭൂമിയുടെ റഗുലറൈസേഷനായി 3325 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഓണ്‍ലൈന്‍ പോക്കുവരവ് ഏര്‍പ്പെടുത്തുന്നതിന് 58 വില്ലേജുകളില്‍ നടപടി പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  1311 ഹെക്ടര്‍ ഭൂമി ലാന്‍ഡ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 41.66 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. റവന്യൂ റിക്കവറിയിലൂടെ 29.24 കോടി രൂപയും ലാന്‍ഡ് റിക്കവറിയിലൂടെ 5.34 കോടിയും ശേഖരിച്ചു. സ്ഥലമേറ്റെടുപ്പിന് റെയില്‍വേ യഥാസമയം പണം നല്‍കാത്തതിനാല്‍ റവന്യൂ വകുപ്പിന്റെ ഭൂമിയടക്കം ജപ്തി ചെയ്യുന്ന സാഹചര്യമുണ്ടെന്ന് ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ പറഞ്ഞു. സര്‍വേ സംബന്ധിച്ച് 6191 ആക്ഷേപങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ സര്‍വേ ഓഫിസര്‍ പറഞ്ഞു. റീസര്‍വേയ്ക്ക് 19 പേരെയും സര്‍വേക്കായി 28 പേരെയും നിയോഗിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day