|    Dec 5 Mon, 2016 1:58 pm
FLASH NEWS

ഭൂപടം: തേജസിനെതിരേ കേസ് നിലനില്‍ക്കില്ലെന്നു കോടതി

Published : 24th November 2016 | Posted By: SMR

news_paper-01

കോഴിക്കോട്: തേജസ് ദിനപത്രം വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന പാഠശാലയില്‍ വന്ന ലോക ഭൂപടത്തിന്റെ പേരില്‍ 2010 ജൂണില്‍ തമ്പാനൂര്‍ പോലിസ് അന്നു പത്രാധിപരായിരുന്ന പ്രഫ. പി കോയക്കെതിരേ എടുത്ത കേസ് നിലനില്‍ക്കുന്നതല്ലെന്നു കോഴിക്കോട് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി. വിചാരണയ്ക്കുള്ള സൗകര്യത്തിനായി കേസ് പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
പാഠശാലയില്‍ ഇന്ത്യാ സമുദ്രത്തെക്കുറിച്ചു വിശദീകരിക്കുന്ന കുറിപ്പില്‍ ജമ്മു-കശ്മീരിന്റെ ചില ഭാഗങ്ങളും ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളും രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് പോലിസ് ഇന്ത്യന്‍ ശിക്ഷാനിയമം 124-എ വകുപ്പ്, ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതു തടയുന്ന നിയമത്തിലെ രണ്ടാം വകുപ്പ്, ഔദ്യോഗിക രഹസ്യനിയമത്തിലെ അഞ്ചാം വകുപ്പ്, ക്രിമിനല്‍ നിയമ ഭേദഗതി നിയമം രണ്ടാം വകുപ്പ് എന്നിവ പ്രകാരം കേസെടുത്തത്. അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി പി ജെ വിന്‍സെന്റ്, ഈ വകുപ്പുകള്‍ പ്രകാരമുള്ള ചാര്‍ജുകള്‍ നിലനില്‍ക്കില്ലെന്നു കണ്ടതിനാല്‍ ക്രിമിനല്‍ നടപടി നിയമം 227ാം വകുപ്പു പ്രകാരം വിചാരണ കൂടാതെ കേസ് തള്ളി. ഡൗണ്‍ലോഡ് ചെയ്ത ഭൂപടത്തില്‍ പിശകു പറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച പത്രം ശരിയായ ഭൂപടം ഉടനെത്തന്നെ പ്രസിദ്ധീകരിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി.
പത്രാധിപര്‍ക്ക് കുറ്റം ചെയ്യാനുള്ള ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്. ഇന്ത്യാ സമുദ്രത്തിലെ പഠനപര്യവേക്ഷണങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നതാണ് ഭൂപടം. അത് ഔദ്യോഗിക ഭൂപടമായിരുന്നില്ല. അതിനാല്‍ തന്നെ 124-എ വകുപ്പ് ബാധകമാക്കാവുന്നതല്ല. മാത്രമല്ല, ഇതു പ്രകാരം കേസെടുക്കാന്‍ പോലിസ് സര്‍ക്കാരില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. ക്രമസമാധാനം തകര്‍ക്കാനോ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനോ പത്രം ശ്രമിച്ചെന്നു പ്രോസിക്യൂഷന്‍ ആരോപിക്കുന്നില്ല. തേജസ് ദേശീയ ചിഹ്നങ്ങളോട് അനാദരവു കാണിക്കുകയോ ഔദ്യോഗിക രഹസ്യനിയമം ബാധകമാവുന്ന വിധത്തില്‍ രഹസ്യം ചോര്‍ത്തുകയോ ചെയ്തിട്ടില്ല. ക്രിമിനല്‍ ഭേദഗതി നിയമത്തിലെ 2ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് പരാതിപ്പെടേണ്ടത്. ഈ കേസില്‍ അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.
പത്രത്തിനു വേണ്ടി അഡ്വ. കെ പി മുഹമ്മദ് ശരീഫ്, അഡ്വ. എ ബഷീര്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 650 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day