|    Dec 11 Sun, 2016 3:26 pm
FLASH NEWS

ഭക്ഷ്യസുരക്ഷ: മുന്‍ഗണനാ കരട്‌ലിസ്റ്റ് അബദ്ധപഞ്ചാംഗം

Published : 22nd October 2016 | Posted By: SMR

മാനന്തവാടി: പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രസിദ്ധീകരിച്ച മുന്‍ഗണനാ കരടുലിസ്റ്റ് അബദ്ധപഞ്ചാംഗമായി. ഇതോടെ പരാതികളുമായി ഗുണഭോക്താക്കളുടെ നെട്ടോട്ടം വീണ്ടും തുടങ്ങി. 20നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്നലെ മാത്രം നൂറുകണക്കിന് പരാതികളാണ് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ചത്. പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാനുള്ള പ്രക്രിയ രണ്ടു വര്‍ഷത്തിലധികമായി ഇഴഞ്ഞുനീങ്ങുന്നതിനിടെ നിരവധി തവണ കാര്‍ഡുടമകള്‍ അപേക്ഷാ സമര്‍പ്പണവും തിരുത്തലുമായി ഓഫിസുകള്‍ കയറിയിറങ്ങിയ ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ലിസ്റ്റിലാണ് നിറയെ അബദ്ധങ്ങള്‍. 30 വരെയാണ് പരാതി നല്‍കാനുള്ള സമയപരിധി. രണ്ടു തരത്തിലുള്ള റേഷന്‍കാര്‍ഡുകളാണ് ഇനിമുതല്‍ ഉണ്ടാവുക. മുന്‍ഗണനയുള്ളതും അല്ലാത്തതും. 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുള്ളവരും വാഹനമുള്ളവരും സര്‍ക്കാര്‍ ജോലിക്കാരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ നിലവില്‍ ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ പുറത്തായി. നിലവില്‍ ബിപിഎല്‍ കാര്‍ഡ് ഉള്ളവരില്‍ പകുതിയിലേറെ പേരും മുന്‍ഗണനരഹിത ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 30നു ശേഷം പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ടിഇഒ, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന സമിതി പരാതികള്‍ പരിശോധിക്കും. ഈ നടപടി നവംബര്‍ 15നകം പൂര്‍ത്തീകരിക്കും. ഇതിന്‍മേലുള്ള അപ്പീല്‍ ഡിസംബര്‍ രണ്ടുവരെ പരിഗണിക്കും. 15ന് പട്ടിക പ്രസിദ്ധീകരിക്കും. 31നകം തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരം നേടി 2017 ജനുവരി ഒന്നിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 2017 ഫെബ്രുവരി ഒന്നിന് കാര്‍ഡ് വിതരണം ആരംഭിക്കാനും 2017 മാര്‍ച്ച് 31നകം കംപ്യൂട്ടറൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തെറ്റുകള്‍ തിരുത്തിയുള്ള സുതാര്യമായ റേഷന്‍കാര്‍ഡുകള്‍ ഈ കാലയളവില്‍ വിതരണം ചെയ്യാനാവുമോ എന്നു കാത്തിരുന്ന് കാണേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക