|    Dec 7 Wed, 2016 4:04 pm
FLASH NEWS

ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ല; പരിശോധന താളംതെറ്റുന്നു

Published : 8th November 2016 | Posted By: SMR

തൊടുപുഴ: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് അമിത ജോലി.മര്‍മപ്രധാന തസ്തികകള്‍ പോലും ഒഴിഞ്ഞു കിടന്നിട്ടും അതു നികത്താന്‍ നടപടിയുണ്ടാകുന്നില്ല.ഒന്നരവര്‍ഷത്തിലധികമായി നിലവിലെ ജീവനക്കാര്‍ ഇരട്ടിയിലധികം ജോലി ചെയ്താണ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.ഭക്ഷ്യസുരക്ഷാ ഓഫിസര്‍ പോലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെ പരിശോധനയടക്കം പ്രാധാന്യമുള്ള ജോലികള്‍പോലും കാര്യക്ഷമമായി നടത്താന്‍ പ്രയാസം നേരിടുകയാണ്. ഒരു നിയോജക മണ്ഡലത്തില്‍ ഒന്നു വീതം എന്ന കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 140 ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളാണുള്ളത്.ജില്ലയില്‍ തൊടുപുഴ, പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം എന്നിവയാണ് സര്‍ക്കിളുകള്‍. ഓരോ സര്‍ക്കിളിലും നിര്‍ബന്ധമായും ഒരു ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഉണ്ടായിരിക്കണം. പരാതികളില്‍ അന്വേഷണം, കടകളില്‍ പരിശോധന, സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കയയ്ക്കല്‍ തുടങ്ങിയ സുപ്രധാന ജോലികള്‍ ഇവരാണു ചെയ്യേണ്ടത്.എന്നാല്‍, ജില്ലയില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പീരുമേട്ടിലും തൊടുപുഴയിലും സുരക്ഷാ ഓഫിസര്‍മാരുള്ളൂ. മറ്റു മൂന്ന് സര്‍ക്കിളുകളുടെ അധിക ചുമതല ഇവര്‍ക്കു രണ്ടുപേര്‍ക്കും കൂടി നല്‍കിയിരിക്കുകയാണ്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ ഓരോ സര്‍ക്കിളിലും ഭക്ഷ്യസുരക്ഷാ ഓഫിസറുടെ സേവനം അനിവാര്യമാണ്. ഹൈറേഞ്ച് മേഖലകളിലടക്കം പരിശോധനക്കായി ഓഫിസര്‍മാര്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരികയും ഇതുമൂലം മറ്റു ജോലികള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരിലൊരാള്‍ അവധിയിലായപ്പോള്‍ ഒരാഴ്ചയോളം പരിശോധന മുടങ്ങിയിരുന്നു. ജോലിഭാരം മൂലം പരിശോധനയടക്കമുള്ള ജോലികള്‍ ശരിയായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഹോട്ടലുകളടക്കം ഭക്ഷണവില്‍പന ശാലകളിലും പാലും പച്ചക്കറിയും അതിര്‍ത്തി കടന്നെത്തുന്ന കുമളിയിലെ ഭക്ഷ്യസുരക്ഷാ ചെക്‌പോസ്റ്റിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ട്. എന്നാല്‍, ഭക്ഷ്യസുരക്ഷാ ഓഫിസറുടെ കുറവ് ഇത്തരം പരിശോധനകളെയും സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷ്യസുരക്ഷാ ഓഫിസര്‍ നിയമനത്തിന് പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ അഭിമുഖമടക്കം പൂര്‍ത്തിയാക്കിയെങ്കിലും ഇവരെ നിയമിക്കാന്‍ നടപടിയായിട്ടില്ല. ഒരു കച്ചവടസ്ഥാപനത്തില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാല്‍, ജീവനക്കാരുടെ കുറവുമൂലം ചില സര്‍ക്കിളുകളില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പോലും പരിശോധന നടക്കുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day