|    Dec 9 Fri, 2016 5:31 am
FLASH NEWS

ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്ന് 76 മരണം

Published : 30th November 2016 | Posted By: SMR

റിയോഡി ജനെയ്‌റോ: ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീം ഷാപെകോന്‍സെയുടെ താരങ്ങള്‍ സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം കൊളംബിയയിലെ മെഡലിന്‍ നഗരത്തിനു സമീപം അപകടത്തില്‍പെട്ട് 76 പേര്‍ മരിച്ചു. ഏഴു പേരെ ജീവനോടെ വിമാനത്തില്‍നിന്നു പുറത്തെടുത്തുവെങ്കിലും ടീം ഗോള്‍കീപ്പര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിന്നീട് മരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോപ്പസുഡാ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെപ്‌കോയിന്‍സ് ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കളിക്കാരും ടീം ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരും ജീവനക്കാരുമുള്‍പ്പെടെ 81 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ഫുട്‌ബോള്‍ താരങ്ങളായ അലന്‍ റുഷല്‍, മാര്‍കോസ് ഡാനിലോ, ജാക്‌സണ്‍ ഫോള്‍മന്‍ എന്നിവരും ഡോക്ടര്‍ റാഫേല്‍ ഗൊബ്ബാറ്റോ, മാധ്യമപ്രവര്‍ത്തകന്‍ റാഫേല്‍ ഹെന്‍സല്‍, ഫ്‌ളൈറ്റ് ക്രൂ ജിമേന സുവാരസ് എന്നിവരുമാണ് രക്ഷപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
ഇവര്‍ ചികില്‍സയിലാണ്. അപകടസ്ഥലത്ത് പോലിസും സുരക്ഷാ സേനയും തിരച്ചില്‍ തുടരുകയാണ്.ബ്രസീലില്‍ നിന്നു ബൊളീവിയ വഴി കൊളംബിയയിലെ മെഡലിനിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനം ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് അപകടം. വിമാനത്തിന്റെ ഇന്ധനം തീര്‍ന്നതോ, വൈദ്യുതി തകരാറോ ആവാം അപകടകാരണമെന്നാണു വിലയിരുത്തപ്പെടുന്നത്. പ്രാദേശികസമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണു ദുരന്തം. നിയന്ത്രണം നഷ്ടമായ വിമാനം പര്‍വ്വതത്തില്‍ ഇടിച്ചു തകര്‍ന്നതായാണ് റിപോര്‍ട്ട്. സംഭവത്തെ വന്‍ ദുരന്തമെന്നാണ് മെഡലിന്‍ മേയര്‍ ഫെഡറികോ ഗട്ടിരെസ് വിശേഷിപ്പിച്ചത്. വേണ്ട സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ബ്രസീലിയന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്നാണ് ഒന്നാം ഡിവിഷന്‍ ടീമായ ചെപ്‌കോയിന്‍സിന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സുഡോ അമേരിക്കയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ആരും ഈ ടീമില്‍ ഇല്ല. എന്നാല്‍, ബ്രസീലിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചവര്‍ ഈ ടീമിലുണ്ടെന്നാണു സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day