|    Oct 25 Tue, 2016 3:52 pm
FLASH NEWS

ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു

Published : 21st August 2016 | Posted By: G.A.G

AYUDHAM-INFOCUS

കണ്ണൂര്‍ : ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി മാരകായുധങ്ങള്‍ പിടിച്ചെടുത്തു. വടിവാള്‍, എസ് ആകൃതിയിലുള്ള കത്തികള്‍, മഴു തുടങ്ങിയവയാണ് കണ്ടെടുത്തത്. കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കോട്ടയംപൊയില്‍ ഓലക്കടവിനു സമീപം പൊന്നമ്പത്ത് ഹൗസില്‍ പ്രദീപന്റെ മകന്‍ ദീക്ഷിത് (23)ന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഇയാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
ഇന്നലെ രാത്രി എട്ടോടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ വീടിന്റെ ഒന്നാംനില പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.  സംഭവസ്ഥലത്തു വച്ച് തന്നെ ദീക്ഷിത് മരിച്ചിരുന്നു. ഇയാളുടെ ഇടതു കൈ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.വീട്ടില്‍ ദീക്ഷിതും അച്ഛനും മാത്രമാണ് താമസം. അമ്മ മഞ്ജുള വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചിരുന്നു. സഹോദരന്‍ ദില്‍ജിത്ത് വേറെ വീട്ടിലാണു താമസം.
ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐമാരായ കെ പി സുരേഷ് ബാബു, കെ എസ് ഷാജി, എസ്‌ഐമാരായ സുരേന്ദ്രന്‍ കല്ല്യാടന്‍, കെ ജെ ബിനോയ് എന്നിവരാണ് റെയ്ഡ് നടത്തിയത്. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്‌ഫോടനം നടന്ന വീട് പരിശോധിച്ചു. പിടികൂടിയ ആയുധങ്ങള്‍ കതിരൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, സ്‌ഫോടനത്തില്‍ കൂടുതല്‍ ആര്‍എസ്എസ്സുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ രഹസ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ദീക്ഷിതിന്റെ മൃതദേഹം പോസ്റ്റ്്‌മോര്‍ട്ടത്തിന് ശേഷം ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് ഏറ്റുവാങ്ങി വൈകീട്ട് നാലോടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കരിച്ചു.

ഇന്നലെ പുലര്‍ച്ചെ കോടിയേരിയില്‍ സിപിഎം ഓഫിസിനും തുടര്‍ന്ന് ബിജെപി ഓഫിസിനു നേരെയും ബോംബ് ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വീട്ടില്‍ ബോംബ് നിര്‍മാണം നടന്നതെന്നാണ് സംശയം. ജില്ലയില്‍ ഇരുവിഭാഗത്തിന്റെയും ശക്തികേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമസംഭവങ്ങളും ഇതിനോട് നേതാക്കളടക്കമുള്ളവരുടെ കൊലവിളി പ്രസംഗങ്ങളുമാണ് പ്രവര്‍ത്തകരെ ബോംബ് നിര്‍മാണമടക്കമുള്ള കൃത്യത്തിന് ധൈര്യം നല്‍കുന്നതെന്ന ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,429 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day