|    Oct 25 Tue, 2016 7:22 pm

ബിഹാറില്‍ നിന്ന് എന്തു വാര്‍ത്ത വരും?

Published : 8th November 2015 | Posted By: SMR

കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ എന്ന പേരുകേട്ട ഒരു കവിതയുണ്ട്. വിദുരരോട് അന്ധനായ മഹാരാജാവ് ധൃതരാഷ്ട്രര്‍ ഉദ്വേഗത്തോടെ ചോദിക്കുകയാണ്: ബംഗാളില്‍ നിന്ന് എന്താണ് ഒരു വാര്‍ത്തയും കേള്‍ക്കാത്തത്? മഹാഭാരതയുദ്ധത്തെ അടിയന്തരാവസ്ഥക്കാലത്തെ പ്രതിരോധത്തിന്റെ മഹാപ്രസ്ഥാനവുമായി ബന്ധിപ്പിച്ചുകൊണ്ട്, എന്തുകൊണ്ട് ചുവന്ന ബംഗാളില്‍ നിന്നു വാര്‍ത്തയൊന്നും കേള്‍ക്കുന്നില്ല എന്ന ചോദ്യമാണ് കവിതയില്‍ മുഴങ്ങുന്നത്.
പ്രതിരോധത്തിന്റെയും പടയൊരുക്കത്തിന്റെയും മുന്നണിപ്പോരാളികളാണ് അന്നു ബംഗാളില്‍ നിറഞ്ഞുനിന്ന കൂട്ടര്‍. അവര്‍ അടിയന്തരാവസ്ഥ കഴിഞ്ഞു ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറി. പിന്നെ നീണ്ട 30 വര്‍ഷം ചെങ്കൊടിഭരണം കഴിഞ്ഞതോടെ ആ നാട്ടിലെ ജനം വിപ്ലവകാരികളെ കൈയൊഴിഞ്ഞു.
ഇപ്പോള്‍ രാജ്യം മറ്റൊരു മഹാഭീഷണിയുടെ മുമ്പില്‍ നില്‍ക്കുകയാണ്. അടിയന്തരാവസ്ഥയില്‍ ഇന്ദിര ഗാന്ധിയാണ് ജനങ്ങള്‍ക്കു മുമ്പില്‍ ഫാഷിസത്തിന്റെ ഭീഷണി ഉയര്‍ത്തിയതെങ്കില്‍ ഇപ്പോള്‍ നാടു ഭരിക്കുന്ന മോദി സര്‍ക്കാരില്‍ നിന്നു സമാനമായ അനുഭവങ്ങളാണ് ജനം നേരിട്ടുകൊണ്ടിരിക്കുന്നത്. മോദി വികസനം കൊണ്ടുവരുമെന്നു പറഞ്ഞാണ് അധികാരത്തിലേറിയത്. ഒന്നര കൊല്ലം കഴിഞ്ഞിട്ടും നാട്ടില്‍ ഒരു വികസനവും വന്നതായി ആര്‍ക്കും കാണാന്‍ കഴിയുന്നില്ല. മറിച്ച്, സ്ഥിതിഗതികള്‍ പഴയതിലും മോശമായിവരുകയുമാണ്.
വെറുതെ പറയുന്നതല്ല. രാഷ്ട്രീയ വൈരാഗ്യവുമല്ല കാരണം. കടയില്‍ പോയി ഒരു കിലോ സവാള ഉള്ളി വാങ്ങിനോക്കുക. അമ്പത് ഉറുപ്പിക എണ്ണിക്കൊടുത്താല്‍ കഷ്ടിച്ച് ആറോ ഏഴോ ഉള്ളി പൊതിഞ്ഞു വീട്ടില്‍ കൊണ്ടുപോകാം. സവാളയില്ലാതെ ഉത്തരേന്ത്യക്കാരന് സബ്ജിയെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. അതിന് ഇതിനു മുമ്പും നാട്ടില്‍ വില കൂടിയിട്ടുണ്ട്. പക്ഷേ, വിലക്കയറ്റം ഇത്രമേല്‍ ഗുരുതരമായി ദീര്‍ഘകാലം നിലനിന്ന അനുഭവം അധികമില്ല. സര്‍ക്കാര്‍ എന്തെങ്കിലും വഴിയുണ്ടാക്കി വില പിടിച്ചുനിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഇപ്പോള്‍ ഒന്നുകില്‍ കമ്പോളമാണ് ഭരണം നിയന്ത്രിക്കുന്നത്. അല്ലെങ്കില്‍ രാഹുല്‍ജി പറഞ്ഞതു മാതിരി സ്യൂട്ടും ബൂട്ടും ധരിച്ച കുബേരന്മാരുടെ കാര്യം മാത്രമേ ഈ ഭരണകൂടം കണക്കിലെടുക്കുന്നുള്ളൂ.
ഉള്ളിയുടെ കാര്യം അങ്ങനെ. സബ്ജി ഉണ്ടാക്കാന്‍ ഉഴുന്നുപരിപ്പും തുവരപ്പരിപ്പും അനിവാര്യം. രണ്ടിന്റെയും വില സമീപകാലത്ത് കുതിച്ചുകയറുകയാണ്. എന്നുവച്ചാല്‍ സാധാരണക്കാരന്‍ എന്തെങ്കിലും രണ്ടു നേരം കഴിച്ചു ജീവന്‍ നിലനിര്‍ത്താന്‍ അങ്ങേയറ്റം പ്രയാസമായ മട്ടിലാണ് നാട്ടിലെ കാര്യങ്ങള്‍.
ഇതിനു മോദിയെ പഴിച്ചിട്ട് എന്തു കാര്യമെന്നു പശുവാദി ഭക്തജനം ചോദിക്കും. ഇത്തരം വിഭവങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നത് കേന്ദ്രഭരണമാണ്. ഇറക്കുമതി ചെയ്യാന്‍ ഡോളര്‍ കൊടുക്കണം. ഇപ്പോള്‍ ഒരു ഡോളറിന് 65 രൂപ വരെയെത്തി നിരക്ക്. സമീപകാലത്തൊന്നും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രയേറെ ഇടിഞ്ഞ അനുഭവമില്ല. അതേസമയം, മോദി വന്ന കാലത്ത് പെട്രോളിന്റെ അന്താരാഷ്ട്ര വില മൂന്നിലൊന്നായി കുറഞ്ഞു. ആ വകയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിപ്പ് വന്നു. എന്നിട്ടും നാട്ടിലെ ജനത്തിന് അതിന്റെ യാതൊരു നേട്ടവും അനുഭവിക്കാന്‍ കഴിയുന്നില്ല. പെട്രോള്‍, ഡീസല്‍ വില കുറയുമ്പോള്‍ നാട്ടില്‍ സാധനവില കുറയേണ്ടതാണ്. പക്ഷേ, അവശ്യസാധനവില കൂടുകയല്ലാതെ കുറയുന്നില്ല.
കാര്യങ്ങളുടെ കിടപ്പു കണ്ടിട്ട് തോന്നുന്നത്, ഈ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വാട്ടര്‍ലൂ ആയി മാറുമെന്നാണ്. ബിഹാറില്‍ സഞ്ചരിച്ച പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പറയുന്നത് തിരഞ്ഞെടുപ്പില്‍ ഭാരതീയ പശുവാദി പാര്‍ട്ടിയുടെ അജണ്ടകള്‍ ചെലവാകുന്നില്ലെന്നാണ്. പശുവിറച്ചി മുതല്‍ ‘നിതീഷ് ജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടും’ എന്ന മാതിരിയുള്ള നിരവധി ഗുണ്ടുകള്‍ ഇറക്കി. മോദിസംഘം തോറ്റാല്‍ പടക്കം പൊട്ടുക പാകിസ്താനിലല്ല, ഇന്ത്യയില്‍ തന്നെയാെണന്നു വ്യക്തം. കാരണം, ജനെത്ത വെറും ബഡായി പറഞ്ഞു പറ്റിക്കുക ഒരു തവണ നടന്നേക്കാം. പക്ഷേ, സ്ഥിരം ബഡായി മാത്രമായാല്‍ അത് ഏശിയെന്നുവരില്ല.
അപ്പോള്‍ ചോദ്യമിതാണ്: എന്താണ് ബിഹാറില്‍ നിന്ന് ഇന്നു വരാനിരിക്കുന്ന വാര്‍ത്തകള്‍?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day