|    Oct 26 Wed, 2016 9:34 am
FLASH NEWS

ബിഹാര്‍ തുടക്കമിടുന്നു

Published : 16th November 2015 | Posted By: SMR

ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം

രാഷ്ട്രീയ വിവേകവും പുതുചിന്തയും പ്രകടിപ്പിച്ചുകൊണ്ട് ബിഹാര്‍ ജനത ദേശീയ രാഷ്ട്രീയത്തില്‍ പുതിയൊരു പ്രവണതയ്ക്ക് തുടക്കമിട്ടിരിക്കുന്നു. സമീപഭാവിയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും അതിന്റെ തുടര്‍ച്ചയുണ്ടാവും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടപോലെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള സ്വത്വരാഷ്ട്രീയത്തില്‍ നിന്നും മുസ്‌ലിം വിരുദ്ധ അപസ്മാരത്തില്‍ നിന്നും സമ്മതിദായകര്‍ മോചിതരായെന്നു കാണാവുന്നതാണ്.

ബിഹാറില്‍ മോദിയും അമിത്ഷായും പഴയ തന്ത്രങ്ങള്‍ പയറ്റാന്‍ ശ്രമിക്കാത്തതുകൊണ്ടല്ല അത്. മുസ്‌ലിംകളെ പിശാചുവല്‍ക്കരിക്കാന്‍ സോഷ്യല്‍ മീഡിയയും ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളും ഉപയോഗിച്ചു കഠിന ശ്രമങ്ങള്‍ നടന്നു. അമൂര്‍ത്തമായ ശത്രുവിനെക്കുറിച്ചായിരുന്നു വിഭാഗീയത സൃഷ്ടിക്കുന്നതിന്റെ ആശാനായ ബിജെപി അധ്യക്ഷന്‍ അമിത്ഷാ നിരന്തരമായി പിറുപിറുത്തുകൊണ്ടിരുന്നത്.
ഇന്തോ-നേപ്പാള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തവെ ആ മേഖല ഭീകരവാദത്തിന്റെ ഈറ്റില്ലമാണെന്ന ശുദ്ധനുണയാണ് ഷാ പറഞ്ഞുകൊണ്ടിരുന്നത്. ഗാന്ധിജി തന്റെ സ്വാതന്ത്ര്യസമരം തുടങ്ങിവച്ച ചമ്പാരനിലെ മുസ്‌ലിംകള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രസംഗിച്ചു. ആ മേഖലയില്‍ നിന്ന് ഒരാള്‍ പോലും ഭീകരപ്രവര്‍ത്തനത്തിനു പിടികൂടപ്പെട്ടിട്ടില്ലെന്നതായിരുന്നു വാസ്തവം. ഭീകരത, ഗൂഢാലോചന എപ്പോഴും നടത്തുന്ന ഷായുടെ മനസ്സില്‍ മാത്രമായിരുന്നു നിലനിന്നിരുന്നത്.
ബിജെപി ബിഹാറില്‍ പരാജയപ്പെട്ടാല്‍ പാകിസ്താനിലാണ് പടക്കം പൊട്ടുക എന്നു ഷാ പറഞ്ഞതില്‍ അദ്ഭുതമില്ല. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. നിതീഷിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞ നേതൃത്വത്തിന്റെ ഡിഎന്‍എയുടെ ഭാഗം. 2002ലെ വംശഹത്യയില്‍ ആയിരക്കണക്കിനു ഗുജറാത്തികളെ കൊന്നൊടുക്കുക വഴി തങ്ങള്‍ പാകിസ്താനെയും മിയാന്‍ മുശര്‍റഫിനെയും ഒരു പാഠം പഠിപ്പിച്ചുവെന്നായിരുന്നു ഗവണ്‍മെന്റിലും പുറത്തുമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞത്. ആ നിലയ്ക്ക് ഈ പ്രസംഗങ്ങളില്‍ എന്തിന് അദ്ഭുതപ്പെടണം!
സംഘപരിവാരത്തിന്റെ ഭാഷ തന്നെ അതാണ്. രാവിലെയും വൈകുന്നേരവും ശാഖകളില്‍ പ്രായപൂര്‍ത്തിയാവാത്ത യുവതീയുവാക്കള്‍ അതാണ് കേള്‍ക്കുന്നത്. അവരുടെ കഥകളിലും കളികളിലും ശത്രു അപരനായ മുസ്‌ലിമാണ്. അനേകശതം ആളുകളെ ജീവനോടെ കുഴിയിലിട്ടു തീകൊളുത്തിയ വീരസാഹസികതയെപ്പറ്റി പറയുന്ന അഹ്മദാബാദിലെ ബാബു ബജ്‌രംഗിയുടെ ചിന്തയില്‍, പാകിസ്താന്‍ നഗരത്തിലെ മുസ്‌ലിം ചേരികളില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ അമിത്ഷാ പറയുന്ന പാകിസ്താന്‍ യഥാര്‍ഥ പാകിസ്താന്‍ ആകണമെന്നില്ല.
എന്നാല്‍, യുപിയിലും ഗുജറാത്തിലും വിജയിച്ച ഹീനതന്ത്രങ്ങള്‍ ബിഹാറില്‍ വിജയിച്ചില്ല. പ്രധാനമന്ത്രി മോദി തന്നെ രംഗത്തിറങ്ങിയിട്ടും ബിഹാര്‍ ബാഹരികളെ പുറത്തുനിര്‍ത്തി. ഏറ്റവും വലിയ പ്രചാരണം എന്ന് മോദിയുടെ സൈറ്റ് തന്നെ വീമ്പടിക്കുന്നു. 26 തിരഞ്ഞെടുപ്പു യോഗങ്ങളില്‍ മോദി പ്രസംഗിച്ചു. ദാരിദ്ര്യത്തിനെതിരേ ഹിന്ദുക്കളും മുസ്‌ലിംകളും പോരാടണമെന്നു പ്രസംഗിച്ച മോദി, പിന്നെ തന്റെ സാക്ഷാല്‍ സ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങി. മുസ്‌ലിംകളും പിന്നാക്കജാതികളും മഹാദലിതുകളും ദലിതുകളും തമ്മില്‍ വാളെടുക്കുന്നതിനു പ്രേരണ നല്‍കുന്നതായി പ്രസംഗങ്ങള്‍.
രണ്ടിടത്തെങ്കിലും നിതീഷ് കുമാര്‍ ദലിത്-ഒബിസി സംവരണം കവര്‍ന്നെടുത്തു മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നു മുന്നറിയിപ്പ് നല്‍കി. അവസാന നാളുകളില്‍ പ്രകോപനപരമായ പരസ്യങ്ങള്‍ ഭാഷാപത്രങ്ങള്‍ക്കു നല്‍കി. ഭരണഘടന സംരക്ഷിക്കുമെന്നു രാഷ്ട്രത്തെ മുന്‍നിര്‍ത്തി പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രി വിഭാഗീയതയ്ക്ക് തീകൊളുത്തുന്നതില്‍ അപാകതയൊന്നും കണ്ടില്ല. കളി കൈവിട്ടുപോവുന്നുവെന്നു കണ്ടപ്പോള്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത പശുവിനെ രംഗത്തിറക്കി യാദവരെ വെട്ടില്‍ വീഴ്ത്താനായി ശ്രമം. തിരഞ്ഞെടുപ്പു നിയമങ്ങളൊക്കെ മോദിയും ഷായും കാറ്റില്‍ പറത്തി.
ബിഹാരികള്‍ പക്ഷേ, ദുഷിച്ച നരേന്ദ്രജാലത്തില്‍ വീണില്ല. അതിന് അവരെ പ്രശംസിക്കേണ്ടതുണ്ട്. സ്വന്തം നാട്ടുകാരില്‍ ഒരു വിഭാഗത്തെ ശത്രുക്കളാക്കുന്ന പണി ശരിയല്ലെന്ന് അവര്‍ മനസ്സിലാക്കി. അതില്‍ അദ്ഭുതപ്പെടാനുമില്ല. കാരണം, ശ്രീബുദ്ധനു ബോധോദയം ലഭിച്ച നാടാണ് ബിഹാര്‍. ചന്ദ്രഗുപ്ത മൗര്യനും അശോകനും കാബൂള്‍ തൊട്ട് വംഗദേശം വരെ നീണ്ടുനിന്ന സാമ്രാജ്യം സ്ഥാപിച്ചതും ബിഹാറിലാണ്. സ്വന്തം ജീവിതസമ്പാദ്യം മുഴുവന്‍ പട്‌നയിലെ ഖുദാബക്ഷ് ലൈബ്രറിക്ക് സംഭാവന ചെയ്ത ഖുദാബക്ഷ് ഖാനും സ്വാതന്ത്ര്യസമര സേനാനികളായ മൗലാനാ മസ്ഹറുല്‍ ഹഖും രാജേന്ദ്രപ്രസാദും ജീവിച്ച മണ്ണാണത്. നിതീഷിന്റെയും ലാലുവിന്റെയും രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കിയ ജെപി പ്രസ്ഥാനം ജന്മമെടുത്തതും.
ബിഹാറിനു രാഷ്ട്രത്തെ നയിക്കാനുള്ള ശേഷിയുണ്ട്. പുതിയ തരംഗങ്ങള്‍ക്കത് തുടക്കമിടും. മുമ്പും അങ്ങനെയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day