|    Oct 26 Wed, 2016 11:18 am

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഉവൈസി

Published : 15th October 2015 | Posted By: RKN

എസ് എ കരീം
ള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചുരുക്കത്തിലുള്ള അക്ഷരമാലയാണ് എ.ഐ.എം.ഐ.എം. എന്നത്. പേര് നീട്ടിവായിക്കുമ്പോഴാണ് ഇതൊരു മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടിയാണെന്ന് ജനം അറിയുന്നത്. ഇത് തെക്കേ ഇന്ത്യയിലെ ഹൈദരാബാദ് പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും സ്വാധീനമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ഈ പ്രസ്ഥാനത്തിന്റെ നേതാവാണ് 46കാരനും ലിങ്കണ്‍ ഇന്നില്‍ ബാരിസ്റ്റര്‍ ബിരുദം നേടിയ വ്യക്തിയുമായ അസദുദ്ദീന്‍ ഉവൈസി. ഉവൈസി കുടുംബം ദീര്‍ഘകാലമായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുകയാണ്. അസദുദ്ദീന്‍ ഉവൈസി ഇപ്പോള്‍ ലോക്‌സഭാംഗമാണ്. നിയമസഭയിലും ഇത്തിഹാദുല്‍ മുസ്‌ലിമീന് പ്രാതിനിധ്യമുണ്ട്. ഉവൈസിയും പാര്‍ട്ടിയും മുസ്‌ലിംകള്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

മുസ്‌ലിംകള്‍ രാജ്യത്തെ 127 കോടിയില്‍ 17 കോടിയാണെന്നും അവര്‍ ജനസംഖ്യയുടെ 16 ശതമാനമാണെന്നും സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന വിഭാഗമാണ് മുസ്‌ലിംകള്‍. ഇവര്‍ക്കു വേണ്ടി വാചകമടിക്കുന്നതിനപ്പുറത്ത്, ഈ സമുദായത്തെ രാജ്യത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള നയമോ പരിപാടികളോ ഉവൈസി നേതൃത്വത്തിന് ഇല്ലെന്നാണ് വിലയിരുത്താന്‍ കഴിയുന്നത്. മുസ്‌ലിംകള്‍ എവിടെ പീഡനമനുഭവിക്കുന്നോ അവിടെ ഉവൈസി സഹോദരങ്ങള്‍ ഓടിയെത്തുന്നു, വാചകമടിക്കുന്നു, മടങ്ങിപ്പോകുന്നു. ഏറ്റവും ഒടുവില്‍ നടന്ന മുസ്‌ലിം പീഡനമാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 50കാരനായ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം.

അഖ്‌ലാഖ് കാളയിറച്ചി തിന്നുവെന്ന് ആരോപിച്ചാണ് ചിലര്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി പരസ്യമായി അടിച്ചുകൊന്നത്. ഇവിടെയും ഉവൈസി പറന്നെത്തി. തന്റെയും പാര്‍ട്ടിയുടെയും സാന്നിധ്യവും സങ്കടവും നാട്ടുകാരെയും കുടുംബാംഗങ്ങളെയും അറിയിച്ചു മടങ്ങി. സമീപകാലത്ത് കര്‍ണാടകയിലെ ബംഗളൂരുവിലും മഹാരാഷ്ട്രയിലെ മുംബൈയിലും നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ മല്‍സരിക്കുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള നാലു ജില്ലകളിലാണ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ മല്‍സരിക്കുന്നത്. അരേരിയ, പൂര്‍ണിയ, കിഷന്‍ഗഞ്ച്, ഹലിദാര്‍ ജില്ലകളിലാണ് മല്‍സരിക്കുന്നത്. ഈ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ബി.ജെ.പി. മുന്നണിയായിരിക്കും. അവരുടേത് ഹിന്ദു വോട്ടാണ്. ഹിന്ദു വോട്ട് സമാഹരിച്ചും മറ്റു വോട്ടുകള്‍ ഭിന്നിപ്പിച്ചും തിരഞ്ഞെടുപ്പിനെ നേരിടുന്ന തന്ത്രമാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത്. ഇതൊരു പുതിയ തന്ത്രമല്ല, ദീര്‍ഘകാലമായി അവര്‍ പിന്തുടരുന്നതാണ്.

ബിഹാറില്‍ മല്‍സരരംഗത്തുള്ളത് രണ്ടു മുന്നണികളും രണ്ട് അത്താഴംമുടക്കി മുന്നണികളുമാണ്. അതിലെ ആദ്യത്തെ രണ്ടു മുന്നണികള്‍ നിതീഷ്‌കുമാറിന്റെ ഐക്യ ജനതാദളും ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസ്സും ചേര്‍ന്ന മതനിരപേക്ഷ സഖ്യമാണ്. ലാലുപ്രസാദിന്റെ വോട്ട്ബാങ്കില്‍ മുഖ്യമായത് യാദവ വോട്ടും മുസ്‌ലിം വോട്ടുമാണ്. ലാലുവിന്റെ കോട്ടയിലാണ് ഉവൈസി ഭാഗ്യം പരീക്ഷിക്കുന്നത്. ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ബിഹാറിലെ പുതിയ പാര്‍ട്ടിയാണ്. ലാലുപ്രസാദ് ബിഹാറില്‍ ജനിച്ച് ബിഹാറില്‍ വളര്‍ന്നു ബിഹാറില്‍ രാഷ്ട്രീയം കളിച്ച് മുഖ്യമന്ത്രിയായും കേന്ദ്രത്തില്‍ റെയില്‍വേ മന്ത്രിയായും പ്രവര്‍ത്തിച്ചയാളാണ്. ഇപ്പോഴും സജീവ രാഷ്ട്രീയത്തിലാണ്. ന്യൂനപക്ഷങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹായിക്കാന്‍ കഴിയുന്ന നേതാവാണ്.

ആ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ തള്ളി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന് ന്യൂനപക്ഷ പിന്തുണ ലഭിക്കുമോ എന്നു കണ്ടറിയണം. തീര്‍ച്ചയായും ഈ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കല്‍ നടക്കുന്നുണ്ടെന്നു തീര്‍ച്ചയാണ്. ലാലുനിതീഷ് സഖ്യത്തെ എതിര്‍ക്കുന്നത് ബി.ജെ.പി. മുന്നണിയാണ്. ഇവരുടെ വോട്ട്ബാങ്ക് ഹിന്ദുക്കളും ദലിതുകളുമാണ്. ഇടതുപക്ഷ മുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും സി.പി.ഐ.(എം.എല്‍.)യും ഫോര്‍വേഡ് ബ്ലോക്കും ആര്‍.എസ്.പിയും എസ്.യു.സി.ഐയും ഉള്‍പ്പെട്ടതാണ്. ഇവരും വോട്ട് പിടിച്ചെന്നുവരാം. സീറ്റ് പിടിക്കുമോ എന്നു കണ്ടറിയണം. ഇതിനു പിന്നാലെയാണ് മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും ശരത് പവാറിന്റെ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും മല്‍സരിക്കുന്നത്. ഇപ്രാവശ്യം നിതീഷ്‌കുമാറിന്റെ മുന്നണി ജയിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് തുടര്‍ച്ചയായി മൂന്നാമത്തെ പ്രാവശ്യമായിരിക്കും. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബിഹാറിലെ വോട്ടര്‍മാര്‍ മതേതര രാഷ്ട്രീയത്തെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day