|    Dec 11 Sun, 2016 1:28 pm
FLASH NEWS

ബിസിസിഐയുടെ സാമ്പത്തികശക്തി നിയന്ത്രിച്ച് സുപ്രിംകോടതി

Published : 22nd October 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: ബിസിസിഐയുടെ സാമ്പത്തികശക്തി നിയന്ത്രിച്ച് സുപ്രിംകോടതി. ബിസിസിഐക്ക് ഏര്‍പ്പെടാവുന്ന സാമ്പത്തിക കരാറുകളുടെ സാമ്പത്തികപരിധി നിശ്ചയിക്കാന്‍ ലോധ കമ്മിറ്റിയോട് സുപ്രിംകോടതി നിര്‍ദേശിച്ചു. അതോടൊപ്പം നിലവിലുള്ള വന്‍കിട കരാറുകള്‍ പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വരെ സംസ്ഥാനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഒരു പൈസ പോലും നല്‍കരുതെന്നും ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മീഡിയാ റൈറ്റ്, ഗ്രൗണ്ട് റൈറ്റ് തുടങ്ങിയ കരാറുകളിലും കമ്മിറ്റിയുടെ അനുമതിയില്ലാതെ ഇനി ഏര്‍പ്പെടാനാവില്ല. കമ്മിറ്റി ഏര്‍പ്പെടുത്തുന്ന പരിധിക്കു മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും അനുമതി വാങ്ങിയിരിക്കണം. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ ബിസിസിഐ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ കര്‍ശന നടപടി.
ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിക്‌റെ എന്നിവരോട് ലോധ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാവാനും കോടതി നിര്‍ദേശം നല്‍കി. അതോടൊപ്പം കമ്മിറ്റി നിര്‍ദേശങ്ങളില്‍ തങ്ങള്‍ അംഗീകരിച്ചത്, ഇതുവരെ നടപ്പാക്കാത്തത് എന്നിവ പ്രത്യേകം രേഖപ്പെടുത്തി രണ്ടാഴ്ചയ്ക്കകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ബിസിസിഐയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കുന്നതിന് സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാന്‍ കോടതി ലോധ കമ്മിറ്റിക്കും നിര്‍ദേശം നല്‍കി. ഓഡിറ്റ് റിപോര്‍ട്ട് ലോധ കമ്മിറ്റിക്കു സമര്‍പ്പിക്കണം. അതോടൊപ്പം തുടര്‍ന്നുണ്ടാവുന്ന കാര്യങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു.
ഈ ഉത്തരവിന്റെ പകര്‍പ്പ് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് എത്തിച്ചുനല്‍കാനും സുപിംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള നിരവധി ടൂര്‍ണമെന്റുകളെ ബാധിക്കുന്നതാണ് കോടതി വിധി. 13 സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 16.73 കോടി രൂപ വിതരണം ചെയ്യുന്നത് സുപ്രിംകോടതി നേരത്തേ വിലക്കിയിരുന്നു. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയശേഷം മാത്രമേ ഈ തുക വിനിയോഗിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു സുപ്രിംകോടതി ഇന്നലെ ചെയ്തത്.
സപ്തംബര്‍ 30ന് ബിസിസിഐ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് വിതരണം ചെയ്ത 400 കോടി രൂപ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടേണ്ടിവരുമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ അസോസിയേഷനുകള്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് കോടതി കടുത്ത നടപടികളിലേക്കു കടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക