|    Dec 11 Sun, 2016 3:23 pm
FLASH NEWS

ബിപിഎല്‍ ലിസ്റ്റ്: പരാതി നല്‍കാന്‍ എത്തുന്നവര്‍ക്ക് ദുരിതം

Published : 25th October 2016 | Posted By: SMR

മുക്കം: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷയുമായി എത്തുന്നവര്‍ ദുരിതത്തില്‍. സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ പുറത്തായവരാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷയുമായി എത്തുന്നത്. താഴ്ന്ന വരുമാനമുള്ളവര്‍, വിധവകള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, കോളനിവാസികള്‍ തുടങ്ങി നിരവധി പേര്‍ക്ക് കരട് പട്ടികയില്‍ സ്ഥാനം ലഭിച്ചിട്ടില്ല. പട്ടികയില്‍ 100 കണക്കിന് അനര്‍ഹര്‍ കടന്ന് കൂടിയതായും പരാതിയുണ്ട്.പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി എന്നിങ്ങനെ കാര്‍ഡുടമകളെ തരംതിരിക്കുന്നതാണ് പുതിയ റേഷന്‍ കാര്‍ഡ്. നേരത്തെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന നിരവധി കുടുംബങ്ങള്‍ കരട് പട്ടികയില്‍ നോണ്‍ പ്രയോറിറ്റി ലിസ്റ്റിലാണ്. തെറ്റുതിരുത്തുന്നതിനും പരാതി നല്‍കുന്നതിനുമായി ഈ മാസം 30 വരെയാണ് സമയം അനുവദിച്ചത്. ഇതോടെ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയില്‍ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് സംവിധാനമേര്‍പ്പെടുത്തിയത് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ്. 50പേര്‍ക്ക് പോലും നിന്ന് തിരിയാന്‍ സൗകര്യമില്ലാത്ത ഇവിടെ 500ലധികം ആളുകള്‍ എത്തിയതോടെ ജനങ്ങള്‍ ആകെ ദുരിതത്തിലായി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സൗകര്യ പ്രദമായ സ്ഥലത്ത് സംവിധാനമൊരുക്കണമെന്നാണ് അപേക്ഷകര്‍ പറയുന്നത്.രാവിലെ ഒമ്പത് മുതല്‍ ക്യൂ നില്‍ക്കുന്ന വൃദ്ധരും രോഗികളുമടക്കമുള്ളവര്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ദുരിതം പേറുകയാണ്. പലരും തളര്‍ന്ന് വീഴുന്ന അവസ്ഥ വരെയുണ്ടായി. കരട് പട്ടികയിലെ അപാകതകള്‍ക്കെതിരെ പരാതി പ്രളയമാണ്. 30നകം പരാതി സ്വീകരിച്ച് നവംബര്‍ 15നകം പരാതി വിദഗ്ധ സമിതി പരിശോധിക്കും. തുടര്‍ന്ന് ഡിസംബര്‍ രണ്ട് വരെ അപ്പീല്‍ പരിഗണിക്കും. ഡിസംബര്‍ 15ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് ആലോചന. 2017 ഫെബ്രുവരി ഒന്നു മുതല്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് തീരുമാനം. അതേ സമയം ഇത്തരം കാര്യങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങളെ യഥാസമയം അറിയിച്ചില്ലെന്നും പരാതിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക