|    Dec 4 Sun, 2016 9:46 pm
FLASH NEWS

ബാവലി വഴി കര്‍ണാടക വനത്തിലൂടെയുള്ള രാത്രിയാത്ര; നിരോധന സമയത്തില്‍ കുറവ് വരുത്തുമെന്ന് സൂചന

Published : 28th October 2016 | Posted By: SMR

മാനന്തവാടി: അന്തര്‍സംസ്ഥാന പാതയായ മാനന്തവാടി-മൈസൂര്‍ റൂട്ടില്‍ രാത്രിയാത്ര നിരോധന സമയത്തില്‍ കുറവ് വരുത്തുമെന്നു സൂചന. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മച്ചൂരില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായെന്നാണ് വിവരം. നിലവില്‍ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ എന്നുള്ളത് രാത്രി എട്ടുമുതല്‍ ആറുവരെയാക്കാമെന്നു ധാരണയായെന്നാണ് പറയപ്പെടുന്നത്. 2008 ജൂലൈയിലാണ് അന്നത്തെ മൈസൂര്‍ ജില്ലാ കലക്ടര്‍ കാനനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള അതിര്‍ത്തിയായ ബാവലിയിലും കര്‍ണാടകയിലെ ഉദ്ഘൂരിലും വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ വാഹന ഗതാഗതം നിരോധിച്ചു. ഇതു നിരവധി വിദ്യാര്‍ഥികളെയും വ്യാപാരികളെയും പൊതുജനത്തെയും ഏറെ വലച്ചിരുന്നു. ഇതിനെതിരേ നിരവധി കോണുകളില്‍ നിന്നു വ്യാപക പ്രതിഷേധം ഉയരുകയും നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബാവലി മുതല്‍ രാജീവ് ഗാന്ധി ദേശീയോദ്യാനം ഉള്‍പ്പെടുന്ന 31 കിലോമീറ്റര്‍ ദൂരം വനപാതയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സമാവുമെന്നു ചൂണ്ടിക്കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു. രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാവലി-മൈസൂര്‍ റോഡ് കര്‍മസമിതി സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. കെഎസ്ആര്‍ടിസിയുടെ നാലു സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന റോഡില്‍ നിരോധന സമയം കുറയ്ക്കാനെങ്കിലും തയ്യാറാവണമെന്നു വിവിധ സംഘടനകളും ജനപ്രതിനിധികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. സുല്‍ത്താന്‍ ബത്തേരി വഴി മൈസൂരിലേക്കുള്ള രാത്രിയാത്രാ നിരോധനം രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ്. ബാവലിയിലും നിരോധന സമയം ഇതേ രീതിയില്‍ ക്രമീകരിക്കണമെന്ന നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനുകൂല തീരുമാനമെന്നാണ് സൂചന. മച്ചൂരിലെ ജനപ്രതിനിധികളും ഇതിനായി മുന്നിട്ടിറങ്ങിയിരുന്നു. ഇതുസംബന്ധിച്ച് അടുത്ത ദിവസം തന്നെ ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day