|    Oct 26 Wed, 2016 7:54 am
FLASH NEWS

ബാലികാപീഡനവും ഹൈക്കോടതി നിരീക്ഷണവും

Published : 28th October 2015 | Posted By: SMR

ബാലികാപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അത്തരം കേസുകളില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ വ്യക്തികളെ ഷണ്ഡീകരിക്കണമെന്ന മദിരാശി ഹൈക്കോടതി ജഡ്ജി എന്‍ കൃപാകരന്റെ നിര്‍ദേശം നിയമവൃത്തങ്ങളില്‍ മാത്രമല്ല പ്രകോപനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. നിര്‍ദേശത്തിന്റെ സാംഗത്യത്തെപ്പറ്റി പൊതുസമൂഹവും ആലോചിക്കുന്നുണ്ട്. ഇത് സമൂഹത്തെ പ്രാകൃതത്വത്തിലേക്കു നയിക്കുന്ന സമീപനമാണെന്നാണ് പലരുടെയും അഭിപ്രായം. അതില്‍ വലിയൊരളവോളം ശരിയുമുണ്ട്. എങ്കിലും പ്രാകൃതമായ കുറ്റം ചെയ്യുന്നവരെ പ്രാകൃതമായ ശിക്ഷയ്ക്ക് വിധേയമാക്കുക തന്നെയാണു വേണ്ടതെന്ന് ജസ്റ്റിസ് കൃപാകരന്‍ ഉറപ്പിച്ചു പറയുന്നു.
ശിക്ഷാവിധികള്‍ക്കു പിന്നില്‍ വ്യക്തമായ കാര്യകാരണങ്ങളുണ്ട്. കുറ്റങ്ങള്‍ തടയുക, സമൂഹത്തിനു വ്യക്തമായ ഗുണപാഠങ്ങള്‍ നിര്‍ണയിച്ചുകൊടുക്കുക, കുറ്റകൃത്യം ചെയ്യുന്ന വ്യക്തികള്‍ അതിന്റെ ഫലമനുഭവിക്കുക തുടങ്ങിയ പല ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്ന നടപടികളാണ് ശിക്ഷാസംവിധാനത്തിലുള്ളത്. ഈ അര്‍ഥത്തില്‍ ചിന്തിക്കുമ്പോള്‍ ബാലികാപീഡനത്തിന് ഷണ്ഡീകരണം എന്ന ശിക്ഷ ന്യായീകരിക്കപ്പെടാവുന്നതുമാണ്. അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളിലും ഇപ്പോള്‍ പ്രസ്തുത ശിക്ഷാവിധി നിലവിലുണ്ട്. ഹോളണ്ട്, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരണം നടത്തുന്ന ശിക്ഷാസമ്പ്രദായമാണുള്ളത്.
എന്നാല്‍, സംസ്‌കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം ഷണ്ഡീകരണംപോലെയുള്ള ശിക്ഷകള്‍ സ്വീകാര്യമാണെന്നു പറഞ്ഞുകൂടാ. ലോകം മുന്നോട്ടുപോവുന്നതിനനുസരിച്ച് ശിക്ഷാവിധികളിലും മാറ്റമുണ്ടായിട്ടുണ്ട്. കട്ടവന്റെ കൈവെട്ടുന്നതുപോലെയുള്ള ശിക്ഷാരീതികള്‍ ഇപ്പോള്‍ മുസ്‌ലിം രാജ്യങ്ങളില്‍ പ്പോലും കൃത്യമായി നടപ്പാക്കാറില്ല. അതേപോലെ വധശിക്ഷയ്ക്ക് ആഗോളതലത്തില്‍ തന്നെ എതിര്‍പ്പുകളുണ്ട്. ശിക്ഷാരീതികള്‍ കൂടുതല്‍ സംസ്‌കൃതചിത്തതയോടെ ആയിരിക്കണം എന്നാണ് സാമാന്യചിന്ത. ഈ പശ്ചാത്തലത്തില്‍ ക്രൂരമായ ശിക്ഷാരീതികള്‍ വേണ്ടെന്നുവയ്ക്കുകയാണ് ലോകം ചെയ്യുന്നത്. അപ്പോള്‍ ഷണ്ഡീകരണമെന്ന പ്രാകൃതത്വത്തിലേക്ക് പിന്തിരിയാമോ എന്ന ചോദ്യം തീര്‍ത്തും പ്രസക്തം തന്നെ.
ഷണ്ഡീകരണം എന്ന ശിക്ഷ മറ്റൊരു പ്രശ്‌നവും സൃഷ്ടിച്ചേക്കും. ഇന്ത്യയില്‍ ഇങ്ങനെയൊരു ശിക്ഷാരീതി നിലവിലുണ്ടെങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ വിദേശരാഷ്ട്രങ്ങള്‍ വിസമ്മതിച്ചേക്കാനാണിട. ശിക്ഷാസമ്പ്രദായങ്ങളിലെ അയവുകള്‍ മൂലം ബാലികാപീഡനംപോലെയുള്ള കുറ്റങ്ങള്‍ വര്‍ധിക്കുന്നു എന്നതു ശരി തന്നെ. ഇത്തരം ശിക്ഷകളിലൂടെ അതു തടയാന്‍ കഴിയുമെന്ന് കരുതിക്കൂടാ. കുറ്റകൃത്യങ്ങള്‍ക്ക് അവസരം കുറയുന്ന സാമൂഹികവ്യവസ്ഥ സംജാതമാക്കുന്നതിലൂടെ മാത്രമേ തദ്‌സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുകയുള്ളൂ. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day