|    Oct 26 Wed, 2016 12:34 am
FLASH NEWS

ബാബരി തകര്‍ച്ചയ്ക്കു ശേഷം സോണിയയെ നിരീക്ഷിക്കാന്‍ റാവു ഐബിയെ നിയോഗിച്ചു

Published : 25th June 2016 | Posted By: sdq

PV Narasimha Rao

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം സോണിയ ഗാന്ധിയുടെ നീക്കങ്ങളറിയാന്‍ ജന്‍പഥ് 10ല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നുവെന്ന് പുസ്തകം. നരസിംഹറാവുവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അവസരം ലഭിച്ച വിനയ് സീതാപതി എഴുതിയ ഹാഫ് ലയണ്‍: ഹൗ പി വി നരസിംഹറാവു ട്രാന്‍സ്‌ഫോംഡ് ഇന്ത്യ എന്ന പുസ്തകമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം 27ന് പുറത്തിറങ്ങും. തന്റെ മന്ത്രിസഭയില്‍ സോണിയ ഗാന്ധിയോട് കൂറുപുലര്‍ത്തുന്നവര്‍ എത്രപേരുണ്ടെന്ന് വ്യക്തമായ വിവരം നല്‍കാന്‍ റാവു ആവശ്യപ്പെട്ടതായി പുസ്തകം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോണിയയോട് കൂറു പുലര്‍ത്തുന്നവരും അല്ലാത്തവരുമായ മന്ത്രിമാരുടെ ലിസ്റ്റ് തന്നെ ഇന്റലിജന്‍സ് ബ്യൂറോ തയ്യാറാക്കി.  


വ്യക്തിയുടെ പേര്, ജാതി, പ്രായം, സംസ്ഥാനം, കൂറ് എന്നിങ്ങനെ പ്രത്യേകം രേഖപ്പെടുത്തിയ ലിസ്റ്റാണ് റാവുവിന് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയത്. ഉദാഹരണമായി മണിശങ്കര്‍ അയ്യര്‍, തമിഴ്‌നാട്, ബ്രാഹ്മണന്‍, 52 വയസ്സ്, ജന്‍പഥ് 10 അനുകൂലി, അയോധ്യ വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനോട് എതിര്‍പ്പുള്ള ആള്‍ എന്ന നിലയിലാണ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതെന്നും പുസ്തകത്തിലുണ്ട്. മന്ത്രിമാര്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളുടെ പേരും വിവരങ്ങളും ലിസ്റ്റിലുണ്ടായിരുന്നു.
അതോടൊപ്പം കോണ്‍ഗ്രസ് ഉന്നതപദവികള്‍ ഏല്‍പ്പിക്കാന്‍ പറ്റുന്ന ആളുകളുടെ ലിസ്റ്റും ഇന്റലിജന്‍സ് തന്നെ റാവുവിന് തയ്യാറാക്കി നല്‍കിയിരുന്നു. ശരത്പവാറായിരുന്നു ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ബാബരി തകര്‍ത്തതിന്റെ പിറ്റേന്ന്, 1992 ഡിസംബര്‍ ഏഴിനാണ് റാവു ജന്‍പഥ് 10ല്‍ ആദ്യമായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പോസ്റ്റ് ചെയ്യുന്നത്. തനിക്കെതിരേ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിവരം ലഭിക്കാനായിരുന്നു അത്. ബാബരി തകര്‍ച്ചയ്ക്ക് സഹായിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ അര്‍ജുന്‍സിങ്, ദിഗ് വിജയ്‌സിങ്, എ കെ ജോഗി, സലാമത്തുല്ല, അഹ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ സോണിയയോട് അതൃപ്തി അറിയിച്ചതായി ഇന്റലിജന്‍സ് റിപോര്‍ട്ടിലുണ്ടെന്ന് പുസ്തകം പറയുന്നു. റാവു സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ സോണിയ ഗാന്ധി സര്‍ക്കാരിന്റെ ഒരു കാര്യങ്ങളും ശ്രദ്ധിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തിലായിരുന്നു അവര്‍.
എന്നാല്‍, ബാബരി തകര്‍ച്ചയ്ക്കു ശേഷം റാവുവിനെ എതിര്‍ക്കുന്ന അര്‍ജുന്‍സിങ്, എന്‍ ഡി തിവാരി, കെ നട്‌വര്‍സിങ് തുടങ്ങിയ നേതാക്കളുമായി ആശയവിനിമയം നടത്താന്‍ തുടങ്ങി. മന്ത്രിസഭാ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ വരെ സോണിയ ഗാന്ധി ഇത്തരത്തില്‍ അറിഞ്ഞിരുന്നു. റാവുവിനെ മന്ത്രിസഭയില്‍ ഭൂരിഭാഗവും ഇഷ്ടപ്പെട്ടിരുന്നില്ല. റാവു സോണിയയെ പരസ്യമായി വിമര്‍ശിച്ചിരുന്നില്ലെങ്കിലും സോണിയയെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ മുഴുവന്‍ ഉപയോഗിച്ചിരുന്നു. 1998ല്‍ സോണിയ ഗാന്ധി പാര്‍ട്ടിനേതൃത്വത്തിലേക്ക് എത്താന്‍ തീരുമാനിച്ചതോടെ റാവുവിന് പിടിവിട്ടുപോയെന്നും പുസ്തകത്തിലുണ്ട്. 308 പേജുള്ള പുസ്തകത്തില്‍ നിരവധി രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റാവു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തിരുന്നില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായപ്പോള്‍ സോണിയ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 802 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day