|    Dec 10 Sat, 2016 12:25 pm

ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്; ജനങ്ങള്‍ ക്ഷമ കാണിക്കണം: ആര്‍ബിഐ

Published : 12th November 2016 | Posted By: SMR

മുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനു പകരം ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. നോട്ടുകള്‍ മാറിക്കിട്ടുന്നതിനു ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. ബാങ്കുകളില്‍ ആവശ്യത്തിന് പണം ലഭ്യമാണെന്നും രാജ്യത്ത് എല്ലായിടത്തും പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ജനങ്ങള്‍ ആശങ്കാകുലരാകേണ്ട സാഹചര്യമില്ല. അവര്‍ ക്ഷമ കാണിക്കണം.അടുത്ത മാസം 30 വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയമുണ്ട്. ജനങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് നോട്ടുകള്‍ മാറ്റിയാല്‍ മതിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ബാങ്ക് ശാഖകളിലൂടെ നോട്ട് മാറ്റിനല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. എടിഎമ്മുകളില്‍ ഈ മാസം 18 വരെ ഒരു കാര്‍ഡില്‍ പ്രതിദിനം 2000 രൂപ വരെയാകും പിന്‍വലിക്കാന്‍ അനുവദിക്കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. രണ്ടു ദിവസം അടഞ്ഞുകിടന്ന എടിഎമ്മുകള്‍ ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. കള്ളപ്പണം തടയുകയെന്ന ലക്ഷ്യവുമായി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ രണ്ടാംദിനവും രാജ്യത്തെ ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്നു 53,000 കോടി രൂപ ശേഖരിച്ചതായി എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഇന്നലെ രണ്ട് മണിവരെ 1,500 കോടി രൂപ മൂല്യമുള്ള കറന്‍സി ഉപഭോക്താക്കള്‍ക്ക് കൈമാറിയതായും അവര്‍ പറഞ്ഞു. അതേസമയം, നിരോധിത കറന്‍സികള്‍ മാറുന്നതിന് ബാങ്കുകളില്‍ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം. ബാങ്കുകളുടെയും എടിഎം കൗണ്ടറുകളുടെയും പണം എത്തിക്കുന്ന വാഹനങ്ങളുടെയും സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്ന് പോലിസ് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കണം. ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഡിജിപിയെ അറിയിക്കണം. സംസ്ഥാനങ്ങള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സഹായം എത്തിക്കാന്‍  തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day