|    Dec 11 Sun, 2016 7:43 am

ബാംഗ്ലൂര്‍ കേസ് പ്രതികളുടെ കുറ്റസമ്മതം

Published : 20th October 2016 | Posted By: SMR

2012 തൊട്ട് തീവ്രവാദക്കേസ് പ്രതികളായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന 13 മുസ്‌ലിം യുവാക്കള്‍ തങ്ങള്‍ കുറ്റം ചെയ്തുവെന്നു സമ്മതിച്ച് പുറത്തുവരാന്‍ തയ്യാറായതായി റിപോര്‍ട്ട്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട അവര്‍, വിചാരണത്തടവുകാരായി അനന്തമായി ജയിലില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ചെയ്യാത്ത കുറ്റം സമ്മതിച്ച് ശിക്ഷ വാങ്ങുകയാണ് എന്നാണു തീരുമാനിച്ചത്. കോടതി യുവാക്കളെ അങ്ങനെ കുറ്റസമ്മതം നടത്തുന്നതിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത് അവര്‍ അവഗണിക്കുകയായിരുന്നു. അവസാനം കോടതി അവര്‍ക്ക് അഞ്ചു വര്‍ഷത്തെ തടവുശിക്ഷ നല്‍കി. ശിക്ഷ പൂര്‍ത്തിയാക്കുന്നതോടെ അവര്‍ അടുത്തവര്‍ഷം പുറത്തുവരും. പ്രതികള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അറിയാവുന്ന മാതാപിതാക്കള്‍ അത്തരമൊരു തീരുമാനമെടുക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നുവത്രേ. എന്നാല്‍ കേസുകള്‍ നീണ്ടുപോവുന്നതിന്റെ ചരിത്രമറിയാവുന്നതിനാലും ഇപ്പോള്‍ തന്നെ വക്കീല്‍ ഫീസായി അരക്കോടിയിലധികം ചെലവാക്കിയ പശ്ചാത്തലമുള്ളതിനാലും 13 പേരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
നല്ല പ്രായോഗികബുദ്ധിയുള്ളവരാണ് ചെറുപ്പക്കാര്‍ എന്നതാണ് ഈ സംഭവത്തിലെ പ്രഥമ പാഠം. വിചാരണത്തടവുകാര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഏകദേശം മൂന്നുലക്ഷം പൗരന്മാര്‍ എന്നാണു കണക്ക്. അതില്‍ 30 വര്‍ഷം വരെ ജയിലില്‍ കഴിഞ്ഞവരുമുണ്ട്. ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ലാത്ത കേസുകളില്‍ നിലവിലുള്ള നിയമങ്ങളുടെ ബലത്തില്‍ പ്രതികളെ വര്‍ഷങ്ങളോളം ജയിലിലിടുന്ന തന്ത്രമാണ് ഭരണകൂടം സ്വീകരിക്കുന്നത്. കേസുകളില്‍ നൂറുകണക്കിനു പ്രോസിക്യൂഷന്‍ സാക്ഷികളുണ്ടാവും. അവരെ മുഴുവന്‍ വിചാരണ ചെയ്യാന്‍ വര്‍ഷങ്ങളെടുക്കുന്നു. ബാംഗ്ലൂര്‍ തീവ്രവാദക്കേസില്‍ നാലുവര്‍ഷത്തിനിടയ്ക്ക് 246 സാക്ഷികളുള്ളതില്‍ 14 പേരെയാണു വിസ്തരിച്ചത്.
ഈ കേസിലും ഉദ്വേഗജനകമായ വിവരങ്ങളായിരുന്നു എന്‍ഐഎയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. മേല്‍ക്കോയ്മാ മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെടാറുള്ള അന്താരാഷ്ട്ര തീവ്രവാദസംഘങ്ങളുമായി അവര്‍ക്കു ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
ചെയ്യാത്ത കുറ്റം സമ്മതിച്ചു പുറത്തുവരുന്ന ബാംഗ്ലൂര്‍ കേസിലെ പ്രതികള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ നീതിനിഷേധത്തിനു നേരെയാണ് യഥാര്‍ഥത്തില്‍ വിരല്‍ചൂണ്ടുന്നത്. വിചാരണത്തടവുകാര്‍ എത്ര കാലം ജയിലില്‍ കിടന്നാലും അവര്‍ക്കു നഷ്ടപരിഹാരം നല്‍കാനോ അതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ ഉള്ള വ്യവസ്ഥ രാജ്യത്തില്ല. നിരപരാധികളാണെന്ന് കോടതികള്‍ വ്യക്തമാക്കിയാലും പലരും സമൂഹത്തിന്റെ കണ്ണില്‍ കുറ്റവാളികളായി തുടരും. ഈ അവസ്ഥയ്ക്കാണു മാറ്റം വരേണ്ടത്. തെളിവുകള്‍ കൃത്രിമമായി നിര്‍മിച്ചു നിരപരാധികളെ ജയിലിലിടുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ നടപടിയെടുക്കുന്ന വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ജയിലില്‍ നിന്നു പുറത്തുവരുന്ന നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനവുമുണ്ടാക്കേണ്ടതുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 140 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക