|    Dec 4 Sun, 2016 9:28 am
FLASH NEWS

ബസ് ജീവനക്കാരെ പോലിസ് മര്‍ദിച്ചതായി പരാതി

Published : 25th November 2016 | Posted By: SMR

താമരശ്ശേരി: വിദ്യാര്‍ഥിനികളെ ശല്യം ചെയ്തുവെന്ന പരാതിയില്‍ പോലിസ് വിളിച്ചുവരുത്തിയ ബസ് ജീവനക്കാരെ കുന്ദമംഗലം പോലിസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. തലയാട് കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയത്. മര്‍ദന വിവരം പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. തലയാട് കോഴിക്കോട് റൂട്ടിലോടുന്ന അറഫ കിങ് ബസ്സിലെ ജീവനക്കാരായ പുതുപ്പാടി അടിവാരം കണ്ണന്‍കുന്നുമ്മല്‍ ബഷീര്‍, കട്ടിപ്പാറ ചമല്‍ കളതൊടുകയില്‍ ജുനൈദ് എന്നിവര്‍ക്കാണ് കുന്ദമംഗലം പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റത്. കാരന്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും കുന്ദമംഗലം പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. സ്‌റ്റേഷനിലെത്തിയതോടെ മഫ്തിയിലുള്ള രണ്ട് പോലിസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഒരുമാസം മുമ്പ് വിദ്യാര്‍ഥിനികളോട് പാസ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ പേരില്‍ പാസില്‍ നിന്നും ഫോണ്‍ നമ്പറും വിലാസവും കൈക്കലാക്കിയെന്നും കാണിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ നേരത്തെ പോലിസ് വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ മറ്റൊരാളുടെ സമ്മര്‍ദ്ദം കാരണം വീണ്ടും വിളിച്ചു വരുത്തി മര്‍ദിച്ചുവെന്നുമാണ് ആക്ഷേപം. നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും വിളിച്ചു വരുത്തി ശക്തമായി താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പോലിസിന്റെ വാദം. സ്ത്രീകളുടെയും കുട്ടികളുടെയും ഭാഗത്തു നില്‍ക്കാനല്ലാതെ പോലിസിന് കഴിയില്ലെന്നും ഇരുവര്‍ക്കും പരുക്കേറ്റ സംഭവം അറിയില്ലെന്നും കേസ് കൈകാര്യം ചെയ്ത എസ്‌ഐ വിശ്വനാഥന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day