|    Oct 25 Tue, 2016 12:24 pm
FLASH NEWS

ബയേണിനു മധുരപ്രതികാരം

Published : 6th November 2015 | Posted By: SMR

ബെര്‍ലിന്‍/ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആഴ്‌സനലിനെതിരേ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനു മധുരപ്രതികാരം. കഴിഞ്ഞ മാസം നടന്ന മല്‍സരത്തിലേറ്റ 0-2 ന്റെ തോല്‍വിക്ക് ബയേണ്‍ സ്വന്തം മൈതാനത്ത് പലിശ സഹിതം കണക്കുവീട്ടി. ഗ്രൂപ്പ് എഫിലെ ഏകപക്ഷീയമായ മല്‍സരത്തില്‍ ബയേണ്‍ 5-1നു ഗണ്ണേഴ്‌സിനെ കശാപ്പുചെയ്യുകയായിരുന്നു.
ഈ ജയത്തോടെ ബയേണ്‍ പ്രീക്വാര്‍ട്ടറിന് അരികിലെത്തിയപ്പോള്‍ ആഴ്‌സനല്‍ പുറത്താവലിന്റെ വക്കിലുമെത്തി. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒളിംപിയാക്കോസ് 2-1നു ഡയനാമോ സെഗ്രബിനെ തോല്‍പ്പിച്ചു.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഇയി ല്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ 3-0ന് ബെയ്റ്റ് ബോറിസോവിനെയും എഎസ് റോമ 3-2ന് ബയേര്‍ ലെവര്‍ക്യുസനെയും ഗ്രൂപ്പ് ജിയില്‍ ചെല്‍സി 2-1ന് ഡയനാമോ കീവിനെ യും എഫ്‌സി പോര്‍ട്ടോ 3-1ന് മക്കാബി തെല്‍ അവീവിനെയും ഗ്രൂപ്പ് എച്ചില്‍ സെനിത് സെ ന്റ് പീറ്റേഴ്‌സ്ബര്‍ഗ് 2-0ന് ഒളിംപിക് ലിയോണിനെയും ഗെന്റ് 1-0ന് വലന്‍സിയയെയും തോല്‍പ്പിച്ചു.
റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്കു പിറകെ റഷ്യന്‍ ടീം സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗും പ്രീക്വാര്‍ട്ടറില്‍ കടന്നു.
മുള്ളര്‍ ഡബിളില്‍ സൂപ്പര്‍ ബയേണ്‍
ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ ഇ രട്ട ഗോളുകളിലേറിയാണ് ബയേണ്‍ ആഴ്‌സനലിന്റെ കഥ കഴിച്ചത്. 29, 89 മിനിറ്റുകളിലാണ് മുള്ളര്‍ ലക്ഷ്യം കണ്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (10ാം മിനിറ്റ്), ഡേവിഡ് അലാബ (44), ആര്യന്‍ റോബന്‍ (55) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി. ആഴ്‌സനലിന്റെ ആശ്വാസഗോള്‍ 69ാം മിനിറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡിന്റെ വകയായിരുന്നു.
കഴിഞ്ഞ മാസം ഹോംഗ്രൗണ്ടില്‍ ബയേണിനെതിരേ അദ്ഭുത ജയം നേടിയ ആഴ്‌സനലിന്റെ നിഴല്‍ മാത്രമാണ് ജര്‍മനിയില്‍ കണ്ടത്. തുടക്കം മുതല്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച ബയേണിനെതിരേ ഗണ്ണേഴ്‌സ് തീര്‍ത്തും നിറംമങ്ങി. ഒന്നാംപകുതിയില്‍ തന്നെ 3-0ന്റെ ലീഡുമായി ബയേണ്‍ മല്‍സരം വരുതിയിലാക്കിയിരുന്നു. ഈ ആഘാതത്തില്‍ നിന്ന് പിന്നീട് കരകയറാന്‍ ആഴ്‌സന്‍ വെങറുടെ കുട്ടികള്‍ക്കായില്ല.
ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ ചില മാസ്മരിക സേവുകളാണ് ബയേണിന്റെ സ്‌കോര്‍ അഞ്ചിലൊതുക്കിയത്. ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍ ചെക്ക് വിഫലമാക്കുകയായിരുന്നു. 15 ഷോട്ടുകളാണ് മല്‍സരത്തില്‍ ബയേ ണ്‍ പരീക്ഷിച്ചത്. ഇവയില്‍ 12ഉം ഗോളിലേക്കായിരുന്നു. രണ്ടു കളികള്‍ ശേഷിക്കെ ഒമ്പതു പോയിന്റ് വീതം നേടി ബയേണും ഒളിംപിയാക്കോസുമാണ് ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്. മൂന്നു പോയിന്റ് മാത്രമുള്ള ആഴ്‌സനല്‍ മൂന്നാംസ്ഥാനത്താണ്.
നെയ്മറിലേറി ബാഴ്‌സ മുന്നേറ്റം
പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവം തങ്ങള്‍ അതിജീവിച്ചെന്ന് ബാഴ്‌സലോണ തെളിയിച്ചു കൊണ്ടിരിക്കുകയാ ണ്. ബെയ്റ്റ് ബോറിസോവിനെതിരേ 3-0ന്റെ ആധികാരിക ജയമാണ് നിലവിലെ ജേതാക്ക ള്‍ സ്വന്തമാക്കിയത്. ഇരട്ടഗോളുകളുമായി ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സയുടെ ജയത്തിനു ചുക്കാന്‍പിടിച്ചപ്പോള്‍ മറ്റൊരു ഗോള്‍ പതിവുപോലെ ലൂയിസ് സുവാറസിന്റെ വകയായിരുന്നു. മെസ്സിയെ ഗാലറിയില്‍ സാക്ഷിയാക്കിയാണ് ബാഴ്‌സ എതിരാളികളെ തകര്‍ത്തെറിഞ്ഞത്. നെയ്മര്‍-സുവാറസ് ജോടിയു ടെ മികച്ച ഒത്തിണക്കമാണ് ഒരിക്കല്‍ക്കൂടി ബാഴ്‌സ ജയത്തിനു തിളക്കം കൂട്ടിയത്.
10 പോയിന്റോടെ ബാഴ്‌സയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. അടുത്ത കളിയില്‍ ജയിച്ചാല്‍ ബാഴ്‌സയ്ക്കു നോക്കൗണ്ട്‌റൗണ്ടിലെത്താം.
ചെല്‍സിയെ വില്ല്യന്‍ രക്ഷിച്ചു
ചെല്‍സി കോച്ച് ജോസ് മൊറീഞ്ഞോയുടെ സ്ഥാനം തല്‍ക്കാലത്തേക്ക് ഇളകില്ല. ബ്രസീലിയന്‍ പ്ലേമേക്കര്‍ വില്ല്യന്‍ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിലാണ് ഡയനാമോ കീവിനെതിരേ ചെല്‍സി 2-1ന്റെ നേരിയ ജയം നേടിയത്. 83ാം മിനിറ്റിലായിരുന്നു ചെല്‍സിയെ രക്ഷിച്ച വില്ല്യന്റെ ഗോള്‍.
അതേസമയം, മക്കാബി ടെല്‍ അവീവിനെ 3-1നു തകര്‍ത്ത പോര്‍ട്ടോ അപരാജിത റെക്കോഡ് നിലനിര്‍ത്തി.
സെനിത്തിന്റെ കുതിപ്പ്;ഗെന്റിന്റെ അട്ടിമറി
തുടര്‍ച്ചയായ നാലാം ജയത്തോടെയാണ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ടൂര്‍ണമെന്റിന്റെ അവസാന 16ലേക്ക് ടിക്കറ്റെടുത്തത്. ലിയോണിനെതിരേ സെനിത്തിന്റെ രണ്ടു ഗോ ളും ആര്‍ത്തെം സ്യുബയുടെ വകയായിരുന്നു.
എന്നാല്‍ മുന്‍ റണ്ണറപ്പായ വലന്‍സിയക്കെതിരേ ഗെന്റിന്റെ അട്ടിമറി ജയം ഏവരെയും അമ്പരപ്പിച്ചു. ടൂര്‍ണമെന്റില്‍ ഗെന്റിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day