|    Dec 6 Tue, 2016 5:38 pm
FLASH NEWS

ബന്ധുനിയമനം: വീഴ്ചയുണ്ടായതായി ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന നടപടികളില്‍ വീഴ്ചയുണ്ടായതായി ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടേണ്ടവര്‍ മൗനം പാലിച്ചെന്നും ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ വ്യക്തമായതായി അറിയുന്നു. ഉദ്യോഗസ്ഥതലത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത ഉണ്ടായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപോര്‍ട്ട് ചീഫ് സെക്രട്ടറി ഈയാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചേക്കും.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് വിഷയം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന് രാജിവയ്‌ക്കേണ്ടിവന്നിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയും ഭാര്യാസഹോദരിയുമായ പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചതും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേ ആന്റ് സിറാമിക്‌സ് ജനറല്‍ മാനേജറായി നിയമിച്ചതുമാണ് വിവാദത്തിനിടയാക്കിയത്.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സുധീറും ദീപ്തിയും രാജിവച്ചിരുന്നു. പിന്നാലെ മറ്റു വകുപ്പുകളിലെ അനധികൃത നിയമന വാര്‍ത്തകളും പുറത്തുവന്നു. ഇതോടെയാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ വ്യവസായ വകുപ്പില്‍ നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി പരിശോധിച്ചു.
നിയമനങ്ങള്‍ക്കായുള്ള ഫയല്‍ നീക്കം ചട്ടപ്രകാരമായിരുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയാതെയാണ് നിയമനങ്ങള്‍ നടന്നതെന്നും ഇതില്‍ നിന്നു ബോധ്യപ്പെട്ടു. നിയമനങ്ങളുടെ ഉത്തരവ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day